എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉല്‍ക്കാഴ്ചയും പങ്കുവെക്കുന്നു. നൊസ്റ്റാള്‍ജിയകളിലേക്കുള്ള ഉല്ലാസയാത്രകളാണിവ. അന്നം ബ്രഹ്മം ആരോഗ്യം, അതിര്‍ത്തിയുടെ അതിര്, ഭൂമിയുടെ അവകാശികള്‍,നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം,കണക്കുപുസ്തകത്തില്‍ ഇല്ലാത്തവര്‍, നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, മലയാളിവീട്ടിലെ ജീവിതവിപ്ലവം, സുഹൃത്തേ നിനക്കായ്, വിളക്കുകൊളുത്തുമ്പോള്‍ തുടങ്ങി ഇരുപത് ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
അതിര്‍ത്തിയുടെ അതിര് എന്ന കൃതിയ്ക്ക് എന്‍.പി. രാജേന്ദ്രന്‍ എഴുതിയ അവതാരിക
ബീനയുടെ സഞ്ചാരപഥങ്ങള്‍
ബീനയെ വിളിക്കുമ്പോഴെല്ലാം ഞാന്‍ ആദ്യം ചോദിക്കാറുള്ളത് ‘ഏതു നാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ്!’ കാരണം, ബീന ഒരു സഞ്ചാരിയാണ്. ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഇത്രയേറെ എങ്ങനെ സഞ്ചരിക്കാനാവുന്നു, ഇത്രയേറെ എഴുതാനാവുന്നു എന്നു ഞാന്‍ അത്ഭുതപ്പെടാറുണ്ട്. മലയാളത്തിലെ എഴുത്തുകാരികളില്‍ ഇത്രയേറെ സഞ്ചരിക്കുന്ന മറ്റൊരാളെ കാണുകയില്ല. ഉദേ്യാഗപരമായ യാത്രകള്‍ മാറ്റിവെച്ചാല്‍, ഒരുപക്ഷേ, ഇത്രയേറെ സഞ്ചരിക്കുന്ന പുരുഷ എഴുത്തുകാര്‍പോലും ഉണ്ടാവില്ല.
ഇതൊന്നും വിനോദയാത്രകളല്ല. രാജ്യത്തിന്റെ അറിയുന്നതും അറിയപ്പെടാത്തതുമായ മുക്കുകളിലും മൂലകളിലും പ്രശ്‌നപ്രദേശങ്ങളിലുമെല്ലാം എത്താറുണ്ട് ബീനയും സമാനമനസ്‌കരായ കൂട്ടുകാരികളുടെ സംഘവും. ചെറുതല്ല ഈ യാത്രകള്‍ നല്‍കുന്ന അറിവും അനുഭവവും.
മാതൃഭൂമി ഓണ്‍ലൈനിന്റെ ചുമതല വഹിക്കുന്ന കാലത്ത് ഒരു പംക്തി എഴുതാമോ എന്നു ഞാന്‍ ബീനയോട് ചോദിച്ചിരുന്നു. ബീനയോട് മാത്രമല്ല പംക്തി ആവശ്യപ്പെട്ടിരുന്നത്. പല എഴുത്തുകാരികളോടും അഭിപ്രായങ്ങളും ആശയങ്ങളും ഉള്ള മറ്റു പല വനിതകളോടും ചോദിച്ചിരുന്നു. ബീനയെപ്പോലെ അത്യപൂര്‍വ്വം പേരേ അത് ഒറ്റയടിക്ക് സമ്മതിച്ചുള്ളൂ. അവരില്‍ത്തന്നെ ബീന മാത്രമേ മുടക്കമില്ലാതെയും നിരന്തരം ഓര്‍മ്മിപ്പിക്കാതെതന്നെയും പംക്തി തുടര്‍ച്ചയായി എഴുതിയുള്ളൂ. നോക്കട്ടെ എന്ന് അര്‍ദ്ധമനസ്സോടെ സമ്മതിച്ചവര്‍ എഴുതിത്തുടങ്ങിയെങ്കിലും മലകേറാന്‍ ശ്രമിച്ച വൃദ്ധരെപ്പോലെ മിക്കവരും അതിവേഗം തളര്‍ന്നു പിന്തിരിഞ്ഞു. ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും പ്രശ്‌നങ്ങള്‍ നമുക്കറിയാം. വീട്ടിലെ എല്ലാ ഭാരവും പേറുന്ന ഭാര്യമാര്‍ക്ക് എത്രനേരം വായനയ്ക്കും എഴുത്തിനും ചെലവഴിക്കാനാവും? പുരുഷ എഴുത്തുകാര്‍ക്ക് പ്രയാസമില്ല. എഴുത്തുകാരികള്‍ക്ക് അങ്ങനെ പറ്റില്ല. പ്രഷര്‍ കുക്കറിന്റെ രണ്ട് വിസിലുകള്‍ക്കിടയിലാണ് എന്റെ എഴുത്തും വായനയുമൊക്കെ എന്ന് ആരാണ് എഴുതിയത്? മറന്നു. അതാണ് സത്യം.
പക്ഷേ, അതു മാത്രമല്ല സത്യം. അനുഭവങ്ങള്‍ വേണം എഴുതാന്‍. അഞ്ചോ ആറോ മാസം പിന്നിടുമ്പോഴേക്ക് മനസ്സില്‍ ആശയങ്ങളുടെ സ്റ്റോക്ക് തീരും. വാര്‍ത്തയിലെ വെടിയും പുകയും തീയും ഒരിക്കലും നിലയ്ക്കില്ലെങ്കിലും വാര്‍ത്താധിഷ്ഠിതപംക്തികള്‍ എഴുതുന്ന എന്നെപ്പോലുള്ളവര്‍ക്കുപോലും വിഷയദാരിദ്ര്യം ഉണ്ടാകാറുണ്ട്. കോളമാവുമ്പോള്‍ എന്തിനെക്കുറിച്ചും എഴുതാമല്ലോ എന്നു കരുതിയവര്‍ക്കും വൈകാതെ ആശയദാരിദ്ര്യം പിടിപെടാം. വീടും ഓഫീസും മാത്രമായി കഴിഞ്ഞുകൂടുന്നവരാണ് ഏറെ കഷ്ടപ്പെടുക. ആശയങ്ങള്‍ക്ക്-മനുഷ്യര്‍ വായിച്ച് ഓര്‍മ്മിക്കുന്നതരം ആശയങ്ങള്‍ക്ക്-ക്ഷാമമില്ലാത്ത കോളമിസ്റ്റാണ് കെ.എ. ബീന. അവരുടെ മനസ്സിനെയും ബുദ്ധിയെയും ഫലഭൂയിഷ്ഠമാക്കുന്നത് വായനയും ഭാവനയും സഞ്ചാരവുമാണ്. മാതൃഭൂമി ഓണ്‍ലൈനിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകം-അതിര്‍ത്തിയുടെ അതിര്–അതിന്റെ നല്ല തെളിവാണ്.
എന്നാണ് ബീന യാത്ര തുടങ്ങിയത്? പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ പുസ്തകമെഴുതുകയും സാഹിത്യകാരന്മാര്‍ അത് പ്രകാശനം ചെയ്യാനെത്തുകയും ചെയ്യുന്ന കാലമാണിത്. എഴുപതുകളുടെ തുടക്കത്തിലൊന്നും അത് സങ്കല്പിക്കാന്‍ പറ്റുമായിരുന്നില്ല. അക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കെ.എ. ബീന നടത്തിയ റഷ്യന്‍ യാത്രയുടെ ഫലമാണ് അവരുടെ ആദ്യ കൃതി-ബീന കണ്ട റഷ്യ. നീണ്ട യാത്രകളുടെ ഒരു തുടക്കം മാത്രമായിരുന്നു അത്. ലോകം വലുതാണെന്നും അതിലെ കാഴ്ചകള്‍ എത്ര ജന്മം കണ്ടാലും തീരുകയില്ല എന്നും കുട്ടിയായിരിക്കെ അറിയാന്‍ കഴിഞ്ഞത് ബീനയുടെ അച്ഛന്‍ മര്‍ച്ചന്റ് നേവിയിലെ ഉദേ്യാഗസ്ഥന്‍ ആയിരുന്നതുകൊണ്ടാണ്. ഈ സമാഹാരത്തിലെ ഏറ്റവും ഹൃദയസ്പൃക്കായ ലേഖനമാണ് ‘ചരമക്കുറിപ്പ്-ടെലഗ്രാമിന്.’ ഈ ലേഖനം ടെലഗ്രാമിനെക്കുറിച്ചെന്നതിലേറെ അച്ഛനെക്കുറിച്ചും അച്ഛനിലൂടെ കേട്ടറിഞ്ഞ ലോകത്തെക്കുറിച്ചുമുള്ളതാണ്.
ഒമ്പതുമാസത്തെ കപ്പല്‍ യാത്രകള്‍ക്കുശേഷം ”ARRIVES 23” എന്നോ മറ്റോ തീയതി വെച്ചയയ്ക്കുന്ന കമ്പിസന്ദേശം കിട്ടുമ്പോള്‍ മക്കളും അമ്മയും മാത്രമല്ല ഗ്രാമവാസികള്‍ മുഴുവനും ആകാംക്ഷാഭരിതരാവും. ആ രണ്ടു വാക്കുകളിലൂടെ ഓണവും വിഷുവും ദീപാവലിയും ക്രിസ്തുമസ്സും പെരുന്നാളുമൊക്കെ ഞങ്ങളുടെ വീട്ടിലേക്ക് കടന്നുവരും-അച്ഛന്‍ വരുന്നതിനെക്കാള്‍ വലിയ ഒരു ഉത്സവവുമില്ല, ഉത്സവങ്ങളെല്ലാം അച്ഛനോടൊപ്പം വരുന്നു. അച്ഛന്‍ വരുന്നതിന്റെ സന്തോഷത്തെക്കാളേറെ, എന്നും കടലിലലയുന്ന കപ്പലില്‍ കഴിയുന്ന അച്ഛന്‍ മക്കളിലുണ്ടാക്കുന്ന വേര്‍പാടിന്റെയും ആശങ്കയുടെയും തീരാത്ത വേദനയുടെ ആഴമാണ് ബീനയുടെ ഈ വാക്കുകള്‍ വെളിവാക്കുന്നത്. ഒമ്പതുമാസം കഴിഞ്ഞ് അച്ഛനെത്തുമ്പോഴത്തെ സന്തോഷത്തിന്റെ പല മടങ്ങുവരും മൂന്നു മാസത്തെ അവധിക്കുശേഷം ജോലിക്ക് മടങ്ങുമ്പോള്‍ കുടുംബത്തിലുണ്ടാകുന്ന വേദന. യാത്രയ്ക്കിടയില്‍ അച്ഛന്‍ ഓരോ ദിക്കുകളില്‍നിന്നയയ്ക്കുന്ന ടെലഗ്രാമുകളില്‍ എഴുതുന്ന സ്ഥലപ്പേരുകളാണ് അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പുതിയ ലോകങ്ങളിലേക്കുള്ള ബീനയുടെ കണ്ണ്–മൗറീഷ്യസ്, ന്യൂയോര്‍ക്ക്, ഗ്രീസ്, ജിബൂട്ടി, ഫ്രാന്‍സ്.
എന്നുവെച്ച് ബീനയുടെ പുസ്തകങ്ങളെല്ലാം സഞ്ചാരസാഹിത്യമാണെന്നോ ഈ സമാഹാരത്തിലെ ലേഖനങ്ങളെല്ലാം യാത്രകളെക്കുറിച്ചാണ് എന്നോ ധരിക്കരുത്. ബീന ഇതിനകം ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞു. അതില്‍ അഞ്ചു പുസ്തകങ്ങള്‍ സഞ്ചാരസാഹിത്യം എന്ന വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. അത്രതന്നെ പുസ്തകങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുമുണ്ട്. കഥകളും ബാലസാഹിത്യവുമുണ്ട്. ഈ സമാഹാരത്തിലെ ഇരുപത് ലേഖനങ്ങളില്‍ കഷ്ടിച്ച് നാലോ അഞ്ചോ ലേഖനങ്ങളില്‍ മാത്രമാണ് യാത്രയെക്കുറിച്ച് പരാമര്‍ശങ്ങളെങ്കിലും ഉണ്ടാകുന്നത്. ബാക്കിയെല്ലാം വായനയിലൂടെയും വ്യക്തിബന്ധങ്ങളിലൂടെയും ഓര്‍മ്മയിലൂടെയും ഉള്ള സഞ്ചാരത്തിന്റെ സൃഷ്ടികളാണ്. സഞ്ചാരസാഹിത്യത്തിന് നിയതമായ ഒരു ഘടനയോ രീതിയോ വേണമെന്നില്ലല്ലോ. യാത്രകളില്‍ കണ്ണില്‍പ്പെടുന്നതെന്തും വിഷയമാക്കാം. അത് വ്യക്തിയാവാം, കെട്ടിടമാകാം, ചരിത്രമാകാം, സംസ്‌കാരമാകാം, പ്രതിഭാസങ്ങളാകാം, പ്രവണതകളാകാം…
ഈ സമാഹാരത്തിലെ ആദ്യ ലേഖനമായ അന്നം ബ്രഹ്മം ആരോഗ്യംതന്നെ എടുക്കൂ. ആഗോളീകരണം നമ്മുടെ ഭക്ഷണരീതികളിലും ആരോഗ്യത്തിലുമുണ്ടാക്കിയ ഗുരുതരമായ മാറ്റങ്ങളാണ് അതിന്റെ വിഷയം. പക്ഷേ, വിഷയത്തിന്റെ ഗഹനതകളും സങ്കീര്‍ണതകളും മാറ്റിനിര്‍ത്തി ബീന താന്‍ കൊച്ചുകുട്ടിയായിരുന്ന കാലത്തെ വീട്ടിലെ അടുക്കളയിലേക്കുള്ള ഒരു മടക്കയാത്ര നടത്തുകയാണ്. തവിടുണ്ടയും കൊഴുക്കട്ടയും കരിപ്പെട്ടിക്കാപ്പിയും കഞ്ഞിയും പുഴുക്കും ഉപ്പുമാങ്ങയും പഴങ്കഞ്ഞിതൈരും തുടങ്ങിയ അനേകമനേകം വായില്‍ വെള്ളമൂറ്റുന്ന നാടന്‍ വിഭവങ്ങളുടെ മണവും രുചിയും നിറഞ്ഞുകവിയുകയായി ഈ ലേഖനത്തില്‍. കാലം മാറി. നമ്മുടെ മക്കളുടെ ബാല്യത്തിലെ പ്രിയനാമങ്ങള്‍ ഫ്രൈഡ് റൈസും ചില്ലീചിക്കനും കെ.എഫ്.സി.യും മറ്റുമായിരിക്കുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കഴിച്ചിരുന്ന മാംസം ദിവസം രണ്ടുവട്ടമായിരിക്കുന്നു. അടുക്കളകള്‍ യന്ത്രവല്‍കൃതമായിരിക്കുന്നു. ”ആഗോളവല്‍ക്കരണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഭക്ഷണത്തിലാണ്”എന്ന് ബീന എഴുതുന്നു. ഇതു വലിയൊരു മാറ്റമാണ്. വരുംതലമുറകളുടെയും ഭൂമിയുടെതന്നെയും ആരോഗ്യത്തെയും ആയുസ്സിനെത്തന്നെയും ബാധിക്കുന്ന വലിയ മാറ്റത്തെക്കുറിച്ചുള്ള ഗൗരവമേറിയ പഠനമാണ് ഈ ലേഖനം.
രാഷ്ട്രീയതത്ത്വചിന്തയുടെ ഉയരങ്ങളിലേക്ക് കടക്കുന്നു അതിര്‍ത്തിയുടെ അതിര് എന്ന ലേഖനം. കേരളം കാണാന്‍ എത്തിയ ജമ്മു-കശ്മീര്‍ പത്രപ്രവര്‍ത്തകസംഘത്തെ അനുഗമിക്കുമ്പോള്‍ അട്ടപ്പാടിയുടെ അതിര്‍ത്തിഗ്രാമത്തിലെത്തുന്നു. ഇത് തമിഴ്‌നാടിന്റെ അതിര്‍ത്തിയാണ് എന്ന് വിരല്‍ ചൂണ്ടി പറഞ്ഞപ്പോഴാണ് അതിന്റെ പരിഹാസ്യതയെക്കുറിച്ചും നിരര്‍ത്ഥകതയെക്കുറിച്ചും ഓര്‍ക്കുന്നത്. അതിര്‍ത്തിയുടെ ആധി നല്ലവണ്ണം അറിയുന്ന കശ്മീരുകാരായ അതിഥികള്‍ ഇതുകേട്ട് ചിരിച്ചിരിക്കാം. അതിര്‍ത്തി ഒരേ സമയം അയഥാര്‍ത്ഥവും അതേസമയം പച്ച യാഥാര്‍ത്ഥ്യമാണ്. ലോകമെമ്പാടും മനുഷ്യജീവിതത്തെ അത് ഭീകരമായാണ് മാറ്റിമറി
ക്കുന്നത്. മനുഷ്യര്‍ ഇതിനായി ചോരപ്പുഴകളൊഴുക്കുന്നു… ”എന്താണീ അതിര്‍ത്തികള്‍, എന്താണ് പൗരത്വം? എന്താണ് ദേശീയ ബോധം? രാജ്യസ്‌നേഹം?” മൃഗങ്ങള്‍ക്കും കാറ്റിനും മഴയ്ക്കും മഞ്ഞിനും കടലിലും പുഴയ്ക്കും സാഹിത്യത്തിനും ഭാഷയ്ക്കും സംഗീതത്തിനും കലകള്‍ക്കും ഒന്നും ബാധകമല്ലാത്ത അതിരുകള്‍… മനുഷ്യനുമാത്രം എന്തിന്?…
ഓരോ ലേഖനത്തെക്കുറിച്ചും ഇങ്ങനെ നിര്‍ത്താതെ എഴുതിപ്പോകാം. ഫെയ്‌സ്ബുക്ക് പ്രതിഭാസങ്ങളെക്കുറിച്ച്, പീഡനമാകുന്ന വാക്കുകളെക്കുറിച്ച്, പുതിയ കാലത്തെ കളിപ്പാട്ടങ്ങളെക്കുറിച്ച്, ഇതര സംസ്ഥാനത്തൊഴിലാളികള്‍ പെരുകുന്ന കേരളത്തെക്കുറിച്ച്… മറ്റനേകം കാര്യങ്ങളെക്കുറിച്ച്.
ഒടുവിലത്തെ ലേഖനം മാത്രം-വിളക്ക് കൊളുത്തുമ്പോള്‍-ഒരു വട്ടം കൂടി വായിക്കാതെ നിര്‍ത്താനാവുന്നില്ല. കുട്ടിക്കാലത്തെ ഒരു ഓര്‍മ്മയില്‍നിന്ന് തുടങ്ങുന്നു അത്. ഒരു പാതിരാത്രി വാതില്‍ മുട്ടിത്തുറന്നെത്തുന്ന അമ്മാവന്‍ കുട്ടികളെയെല്ലാം വിളിച്ചുണര്‍ത്തി കഴുത്തിലെ സ്വര്‍ണ്ണമാലകള്‍ ഊരിയെടുക്കുന്നു. അമ്മയും ഉണ്ട് സഹായത്തിന്. എന്തിനാണ് രാത്രി മാലയൂരുന്നത് എന്ന് ചോദിക്കാതെ കുട്ടികള്‍ തിരിഞ്ഞുകിടന്ന് ഉറക്കം തുടര്‍ന്നു. പിറ്റേന്നാണ് അറിയുന്നത്-മാല ഊരിക്കൊണ്ടുപോയത് കുടുംബസുഹൃത്തായ അഷ്‌റഫിന്റെ വീട്ടിലേക്കാണെന്ന്. സഹോദരി നദീറയുടെ കല്യാണം പിറ്റേന്നാണ്. ഈ മാലകള്‍ അണിഞ്ഞാണ് നദീറ കല്യാണപ്പെണ്ണ് ചമഞ്ഞത്.
എത്രയോ കാലം കഴിഞ്ഞാണ് അഷ്‌റഫ് ആ മാലകള്‍ സ്വര്‍ണ്ണമായി തിരിച്ചുനല്‍കുന്നത്. എന്തൊരു സൗഹൃദവും സ്‌നേഹവും വിശ്വാസവുമായിരുന്നു അന്നു കുടുംബങ്ങള്‍ തമ്മില്‍. മതഭേദത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെയുള്ള സൗഹൃദം. ഇതൊരു വലിയ സംസ്‌കാരമായി, ബോധമായി ബീനയുടെ ലേഖനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ലോകമെങ്ങും സഞ്ചരിക്കുകയും നാനാജാതി മനുഷ്യരെ കാണുകയും അറിയുകയും ചെയ്തിട്ടുള്ള ലോകസഞ്ചാരിയായ അച്ഛന്‍ മുമ്പെങ്ങോ പറഞ്ഞത് ബീന ഓര്‍ക്കുന്നു-ലോകത്തെവിടെ ആയാലും മുസ്‌ലിം കൂട്ടുകാര്‍ സ്‌നേഹമുള്ളവരാണ്, നിഷ്‌കളങ്കരാണ്.
പോസിറ്റീവ് ആയ ഒരുപാട് ചിന്തകള്‍ നിറഞ്ഞതാണ് ഈ ലേഖനങ്ങള്‍. ഒരു യാത്രക്കാരന്‍ വെറുതേ കണ്ട് കണ്ണുമാറ്റുന്ന കാഴ്ചകളിലെല്ലാം ബീന പുതിയ അര്‍ത്ഥങ്ങള്‍ കാണുന്നു. അറിവും അനുഭവവും ഉള്‍ക്കാഴ്ചയും പങ്കുവെക്കുന്നു. നൊസ്റ്റാള്‍ജിയകളിലേക്കുള്ള ഉല്ലാസയാത്രകളാണ് ചില ലേഖനങ്ങള്‍. രാഷ്ട്രീയപ്രശ്‌നങ്ങളെയും സാമൂഹികാവസ്ഥകളെയും സാമ്പത്തികപ്രശ്‌നങ്ങളെയും ആനുകാലികപ്രതിഭാസങ്ങളെയും സാഹിത്യപ്രവണതകളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങളും നിലപാടുകളും ഈ ലേഖനങ്ങളിലും സമൃദ്ധമായുണ്ട്. വായന ഇടയ്ക്കുവെച്ച് ഉപേക്ഷിക്കാന്‍ കഴിയാത്തവിധം ആകര്‍ഷകവും ലളിതവുമാണ് ഇതിന്റെയെല്ലാം ശൈലി.
സഹപത്രപ്രവര്‍ത്തകയായും എഴുത്തുകാരിയായും സുഹൃത്തായും പ്രഭാഷകയായുമെല്ലാം ദീര്‍ഘകാലമായി അറിയുന്ന ബീനയുടെ ഈ കൃതിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. സഞ്ചാരവും എഴുത്തും നിര്‍വിഘ്‌നം തുടരട്ടെ എന്നാശംസിക്കുന്നു.