പുസ്തകങ്ങള്‍ അയാള്‍ വലിപ്പക്രമത്തില്‍ അടുക്കിത്തുടങ്ങി. ചാക്കുനൂലുകള്‍ കൊണ്ട് കെട്ടുകളാക്കിയാല്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ സൗകര്യമാകും. മറിയാമ്മ രണ്ടു തവണ കട്ടന്‍കാപ്പിയുമായെത്തി. അടുക്കിന് മുകളില്‍ നിന്ന് അവരൊരു പുസ്തകത്തിന്റെ പേരു വായിച്ചു. ‘ബൈബിള്‍: വെളിച്ചത്തിന്റെ കവചം.’
‘പള്ളീല്‍ പോയില്ലെങ്കിലും അങ്ങേര്‍ക്ക് ഉള്ളിന്റെയുള്ളില്‍ ദൈവവിചാരമുണ്ടായിരുന്നു.’ അവര്‍ ഏങ്ങലടിച്ച പറഞ്ഞു. ‘അച്ചന്മാരാരെങ്കിലും എഴുതിയ പുസ്തകമായിരിക്കും. മാറ്റിവെച്ചേരെ.പള്ളിയിലേല്പിക്കാം.’
‘കെ.പി അപ്പന്‍ എന്നയാളാ എഴുതിയത്. ദേ, അയാള്‍ടെ വേറൊരു ബുക്ക്.’ കന്യാമറിയത്തിന്റെ കവര്‍ ചിത്രമുള്ള പുസ്തകം കാട്ടി ഫ്രാന്‍സിസ് പറഞ്ഞു. ‘മധുരം നിന്റെ ജീവിതം.’
‘ഏതു രൂപതക്കാരനാണേലും സാരമില്ല, അങ്ങേരുടെ എല്ലാം പുസ്തകോം മാറ്റിവെച്ചേരെ.’
ഫ്രാന്‍സിസിന് അത്ഭുതം തോന്നി. കെ.പി അപ്പന്റേതു മാത്രം രണ്ടു ഡസന്‍ പുസ്തകങ്ങള്‍. മറ്റൊരാളുടെയും അത്രയും എണ്ണം സാറിന്റെ ശേഖരത്തിലില്ലായിരുന്നു. അത്രയും ബുക്കുകളും ദിവസ്സത്തിന്റെ പ്രത്യേകതകൊണ്ട് പേരില്‍ കൗതുകം തോന്നിയ കാരണം ഓര്‍മ്മ എന്ന കനമുള്ള പുസ്തകവും അയാള്‍ വരാന്തയിലേക്കു മാറ്റി. എങ്ങുമെത്തിനിന്നില്ലെന്നു കണ്ട് പണിയവസാനിപ്പിച്ച് കാപ്പിയും മൊത്തി വീണ്ടും അരപ്രേസിലിരുന്നു…
(എസ് ഹരീഷിന്റെ ‘അപ്പന്‍‘ എന്ന ചെറുകഥയില്‍ നിന്ന് )
2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് അപ്പന്‍. കാലിക പ്രസക്തിയുള്ള, ഹൃദയത്തില്‍ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്‌കരിക്കുന്ന ആറ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച അപ്പന്‍, മാവോയിസ്റ്റ്, മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ, പൈഡ് പൈപ്പര്‍, പ്ലേ സ്‌കൂള്‍, താത്തിത്തകോം തെയ് തെയ്‌തോം എന്നീ കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.