1970-കളുടെ ആരംഭത്തില്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പുതിയൊരു ജീവിതശൈലി രൂപമെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് നിലവിലില്ലാതിരുന്ന കാലത്ത്, പുത്തന്‍ ആശയങ്ങളുടെ നേര്‍ക്ക് കണ്ണുംകാതുമടച്ചിരുന്ന മാധ്യമങ്ങളുടെ കാലത്ത് യുവാക്കളുടെ ഒരു പുത്തന്‍ ഗോത്രം ജന്മമെടുത്തു. അമേരിക്കയിലെ യുവത്വങ്ങള്‍ക്ക് അത്ഭുതകരമായും നിഗൂഢമായും ലഭിച്ച ‘അദൃശ്യ ഇ-മെയില്‍’ പ്രകാരം നാലുലക്ഷത്തോളം ചെറുപ്പക്കാര്‍ ന്യൂയോര്‍ക്കിലെ ബെഫേല്‍നഗരത്തില്‍ മൂന്നു ദിവസം ‘സമാധാനത്തിനും സംഗീതത്തിനുമായി’ 1969-ല്‍ ഒത്തുചേര്‍ന്നു. വുഡ്‌സ്റ്റോക് ഫെസ്റ്റിവല്‍ എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട ആ മഹാസംഗമം ജാനിസ് ജോപ്ലിന്‍, ജിമി ഹെന്‍ഡ്രിക്‌സ് തുടങ്ങിയ പ്രതിഭകളെ ലോകത്തിന് സമ്മാനിച്ചു.
ഒരു വര്‍ഷത്തിനുശേഷം 1970-ല്‍ ഹിപ്പികളുടെ സ്വര്‍ഗ്ഗങ്ങള്‍ ലോകമൊട്ടുക്ക് അറിയപ്പെടാന്‍ ആരംഭിച്ചു. ആംസ്റ്റര്‍ഡാമിലെ ഡാം സ്‌ക്വയര്‍, ലണ്ടനിലെ ട്രഫാല്‍ഗര്‍ സ്‌ക്വയര്‍ എന്നിവയായിരുന്നു അവ. ഈ പൊതു ഇടങ്ങളില്‍ മുടിനീട്ടിവളര്‍ത്തിയ, വര്‍ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ ക്ഷുഭിതയൗവനങ്ങള്‍ ധ്യാനത്തിലേര്‍പ്പെട്ടും ഗിറ്റാര്‍ വായിച്ചും ലൈംഗികസ്വാതന്ത്ര്യം, ബോധാത്മകതയുടെ വ്യാപനം, ആത്മബോധത്തിനായുള്ള തിരച്ചില്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പോലീസും യാഥാസ്ഥിതിക സമൂഹവും ആരോപിച്ചതുപോലെ അവര്‍ പിച്ചക്കാരോ മയക്കുമരുന്നിനടിമകളോ ആയിരുന്നില്ല. മറിച്ച് തങ്ങളുടെ മാതാപിതാക്കള്‍ തങ്ങള്‍ക്കറിയാവുന്ന രീതിയില്‍ പഠിപ്പിക്കാന്‍ ശ്രമിച്ച യാന്ത്രികവും നിരര്‍ത്ഥകവുമായ ജീവിതം നയിക്കാന്‍ വിസമ്മതിച്ചവരായിരുന്നു അവര്‍. മൂന്ന് ആരക്കാലുകളുള്ള ഒരു വൃത്തത്തെയായിരുന്നു അവര്‍ തങ്ങളുടെ പ്രതീകമായി തിരഞ്ഞെടുത്തത്. ശാന്തിയും സ്‌നേഹവുമായിരുന്നു ആ വൃത്തം പ്രതിനിധാനം ചെയ്തത്. ഇംഗ്ലിഷിലെ ‘ഢ’ എന്ന അക്ഷരമായിരുന്നു അവര്‍ മുദ്രയായി സ്വീകരിച്ചത്. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ രണ്ടാംലോകയുദ്ധകാലത്ത് അവതരിപ്പിച്ചതായിരുന്നു ആ മുദ്രയെങ്കിലും ഹിപ്പികള്‍ അതിനെ യുദ്ധവിരുദ്ധതയുടെ ചിഹ്നമാക്കി. ഒരു ദിനം അഞ്ച് ഡോളറിലൂടെ യൂറോപ്പ് എന്ന ട്രാവല്‍ ഗൈഡും നഷ്ടസംസ്‌കാരങ്ങളുടെ ജ്ഞാനവും രസവിദ്യയും നിഗൂഢശാസ്ത്രങ്ങളും പ്രതിപാദിക്കുന്ന മാന്ത്രികരുടെ പ്രഭാതം എന്ന പുസ്തകവും വായിച്ച് അവര്‍ സമയം തള്ളിനീക്കി.
ഈ കാലഘട്ടത്തിലാണ് എഴുത്തുകാരനാകണമെന്ന ഉത്കടമായ ആഗ്രഹംപേറുന്ന, മെലിഞ്ഞുണങ്ങിയ, മുടിനീട്ടി വളര്‍ത്തിയ പൗലോ എന്ന ബ്രസീലിയന്‍ യുവാവ് സ്വാതന്ത്ര്യത്തെയും ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെയും അന്വേഷിച്ചുള്ള തന്റെ ലോകയാത്ര തുടങ്ങിയത്. വുഡ്‌സ്‌റ്റോക് ഫെസ്റ്റിവലിന് ഒരു വര്‍ഷം മുന്‍പേ പൗലോ തന്നെക്കാള്‍ ഒരു വയസ്സിനു മുതിര്‍ന്ന പെണ്‍സുഹൃത്തുമായി കുപ്രസിദ്ധമായ ‘മരണത്തീവണ്ടി’യില്‍ ബൊളിവിയയില്‍ പോയിട്ടുണ്ടായിരുന്നു. ഇന്‍കാകളുടെ നഷ്ടനഗരമായ പെറുവിലെ മാച്ചുപിച്ചു അവര്‍ സന്ദര്‍ശിച്ചു. ബ്രസീലില്‍ തിരികെ എത്തുന്നതിനു മുന്‍പ് അവര്‍ ചിലിയിലൂടെയും അര്‍ജന്റീനയിലൂടെയും അലഞ്ഞു.
1970-ല്‍ പൗലോ, ഡാം സ്‌ക്വയറിലെ തന്റെ ആദ്യ ദിനത്തില്‍തന്നെ കാര്‍ലയെന്ന യുവതിയെ പരിചയപ്പെട്ടു. ഡച്ചുകാരിയായ ആ യുവതി എഴുപത് ഡോളറിന് നേപ്പാളിലേക്ക് ബസ്‌യാത്ര നടത്താന്‍ ഒരു പങ്കാളിയെ തിരയുകയായിരുന്നു. ‘മാന്ത്രിക’ ബസ്സിലെ യാത്രകള്‍ക്കിടയില്‍ അവര്‍ക്ക് പലതരം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. കൂടാതെ ആസ്ട്രിയയ്ക്കുള്ള വഴിമദ്ധ്യേ നിയോ-നാസി ഗ്രൂപ്പിന്റെ ആക്രമണവും. ‘മാന്ത്രിക’ ബസ്സിലെ യാത്ര അവിസ്മരണീയമായിരുന്നു. വ്യത്യസ്തരായ യാത്രികര്‍ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത് പുതുമയാര്‍ന്ന അനുഭവങ്ങളായിരുന്നു. ബസ്സിന്റെ ഡ്രൈവര്‍മാരിലൊരാള്‍ക്ക് പറയാനുണ്ടായിരുന്നത് എല്ലാവിധ പ്രതിബന്ധങ്ങളെയും നേരിട്ട് ആഫ്രിക്കയിലെ ദരിദ്രജനതയ്ക്ക് ഒരു കാറില്‍ വൈദ്യസഹായം എത്തിച്ചതിനെക്കുറിച്ചായിരുന്നു. മറ്റൊരു യാത്രക്കാരനാകട്ടെ പ്രശസ്തമായ ഒരു ഫ്രഞ്ച് മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മകളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മകളാകട്ടെ 1968-ലെ പാരിസ് പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത മാവോയിസ്റ്റ് പ്രവര്‍ത്തകയും.
അങ്ങനെ വ്യത്യസ്തമായ മൂല്യങ്ങളുടെ ആശയവും ജീവിതപരിസരവും പേറിയിരുന്ന യാത്രികര്‍ വലിയൊരു പരിവര്‍ത്തനത്തിന് അവരറിയാതെതന്നെ വിധേയരായി. താന്താങ്ങളുടെ മുന്‍ഗണനകളെയും മൂല്യങ്ങളെയും അവര്‍ പുനഃനിര്‍വ്വചിച്ചു. പൗലോയും കാര്‍ലയും മനസ്സുകൊണ്ട് അടുത്തു. പ്രണയബദ്ധരായ അവര്‍ തങ്ങളുടെ സ്വത്വാന്വേഷണം തുടര്‍ന്നു.
തന്റെ ജീവിതത്തെ മാറ്റിമറിച്ച ആ യാത്രയുടെ കഥയാണ് ഇരുപതാമത്തെ പുസ്തകമായ ‘ഹിപ്പി’യിലൂടെ പൗലോ കൊയ്‌ലോ പങ്കുവയ്ക്കുന്നത്. തന്റെ ആത്മകഥാംശം പേറുന്ന നോവലിലൂടെ പൗലോ കൊയ്‌ലോ നമ്മെ എത്തിക്കുന്നത് നിലവിലുണ്ടായിരുന്ന പാശ്ചാത്യ മാനദണ്ഡങ്ങളെ വെല്ലുവിളിച്ച, സമാധാനത്തിനും ശാന്തിക്കുമായി ദാഹിച്ച യുവാക്കളുടെ ഒരു കാലഘട്ടത്തിലേക്കാണ്. ബൂര്‍ഷ്വാജീവിതത്തിന്റെ ദ്വിമുഖങ്ങളെയും ഭോഗപരതയിലേക്ക് നീങ്ങുന്ന സാമൂഹികവ്യവസ്ഥയെയും ശീതയുദ്ധത്തിന്റെ മുതലാളിത്ത മുഖത്തെയും സ്വേച്ഛാധിപത്യപരവും യാഥാസ്ഥിതിക മനോഭാവവും പേറുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ മുന്‍പോട്ട് വെച്ച ആശയങ്ങളെയും ഒരേപോലെ എതിര്‍ത്ത ആ യുവാക്കളുടെ വിളിപ്പേരായിരുന്നു ഹിപ്പി.
ബ്രുണോ അസ്ടുടോ: താങ്കളുടെ ആ പഴയ ഹിപ്പിക്കാലത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുന്നതെന്തിനാണ്?
പൗലോ കൊയ്‌ലോ: ജീവിതത്തിന്റെ സമസ്തമേഖലകളിലും മൗലികവാദം പിടിമുറുക്കുന്ന കാഴ്ചയാണ് നമുക്കു ചുറ്റും. മതപരവും ലൈംഗികവും രാഷ്ട്രീയവുമൊക്കെയായ എല്ലാ ജീവിതവ്യവഹാരങ്ങളിലും ഇതാണ് സ്ഥിതി. ഹിപ്പിക്കാലം ഇതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ഇഷ്ടപ്പെട്ട ജീവിതചര്യ തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശങ്ങളെയും എല്ലാവരും സഹിഷ്ണുതയോടെ നോക്കിക്കണ്ട കാലമായിരുന്നു അത്.
ഹിപ്പികളായിരുന്ന സുഹൃത്തുക്കളുമായി ഇപ്പോഴും താങ്കള്‍ ബന്ധം നിലനിര്‍ത്തുന്നുണ്ടോ? ഹിപ്പികളുടെ സ്വാതന്ത്ര്യദര്‍ശനത്തോടു ചേര്‍ന്നതെന്തെങ്കിലും അവരിപ്പോള്‍ കാത്തുസൂക്ഷിക്കുന്നുണ്ടോ?
ഒരാളുമായി മാത്രമേ ബന്ധമുള്ളൂ. ഹിപ്പിസമെന്ന മാജിക് ബസ്സിന്റെ സാരഥിയായിരുന്നയാള്‍. ഇപ്പോള്‍ ഒരു മികച്ച ഡോക്ടറായി യുദ്ധരംഗത്ത് സേവനമനുഷ്ഠിക്കുന്നു.
ഒരുകാലത്ത് ഹിപ്പിയായിരുന്ന താങ്കളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താ? അന്ന് ഹിപ്പിസത്തിന്റെ മാജിക് ബസ്സില്‍ കയറിയ ആ പഴയ ചെറുപ്പക്കാരന്‍ പഴയതെന്തെങ്കിലും സൂക്ഷിച്ചുവച്ചിട്ടുണ്ടാകുമോ?
എല്ലാമുണ്ട് ഇപ്പോഴും. ഒരിക്കല്‍ ഹിപ്പിയായിരുന്ന ഒരാള്‍ എന്നും ഹിപ്പിയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ജീവിതത്തെ അതിലളിതമാക്കുക–അതാണ് ഹിപ്പിസത്തിന്റെ അടിസ്ഥാനദര്‍ശനം. സ്വതന്ത്രവും അനായാസവുമായ നടത്തം, പ്രകൃതിയോടുള്ള അനുധ്യാനം, ഏകാഗ്രമായ ധ്യാനം, കുറ്റബോധമില്ലാത്ത ചിരിയും കരച്ചിലും. അര്‍ത്ഥികള്‍ക്ക് തുണ, സര്‍വ്വോപരി വ്യവസ്ഥിതിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാത്ത മാനസികാവസ്ഥ–ജീവിതത്തിലെ വലിയ സന്തോഷങ്ങള്‍ ഇവയൊക്കെയാണെന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.
മോഹഭംഗം സംഭവിച്ച ഒരു ഹിപ്പിയാണോ താങ്കളിപ്പോള്‍?
ഉത്തരം നേരത്തേ പറഞ്ഞുകഴിഞ്ഞു. ഒരിക്കല്‍ ഹിപ്പിയായിരുന്നയാള്‍ എന്നും ഹിപ്പിയായിരിക്കും.
ഹിപ്പിസത്തിന്റെ ആ മാജിക് ബസ്സ് റൂട്ട് തുടര്‍ന്നുവന്ന ദശകങ്ങളില്‍ അത്ര മായികമല്ലാതായിത്തീര്‍ന്നത് നാം കണ്ടു. ഇറാനിയന്‍ വിപ്ലവം, സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ ആക്രമണം, സിറിയയിലേക്കുള്ള ടൂറിസ്റ്റ് വിസ തടഞ്ഞ യോം കിപ്പൂര്‍ യുദ്ധം, ഇറാഖ്, ലെബനന്‍… അങ്ങനെ പലപല സംഭവങ്ങള്‍ ഹിപ്പിസത്തിന്റെ വളര്‍ച്ചയ്ക്കു പ്രതിബന്ധമായി വന്നിരുന്നു. ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട ആ സംഭവങ്ങളെ താങ്കളിപ്പോള്‍ എങ്ങനെ നോക്കിക്കാണുന്നു?
ഒരു കാര്യം ഉറപ്പിച്ചുപറയാം. എന്തെങ്കിലും ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരിക്കലുമത് നീട്ടിവയ്ക്കരുത്. ചിലപ്പോള്‍ പിന്നീടൊരിക്കലും അതു ചെയ്യാന്‍ സാധിച്ചില്ലെന്നുവരും. ഞാന്‍ പലതും നീട്ടിവച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞ ഉദാഹരണങ്ങളിലും സംഭവിച്ചതിതാണ്. 2010-ല്‍ സിറിയയിലേക്കു പോകാന്‍ എനിക്കവസരമുണ്ടായിരുന്നു. അന്നു പോകാതിരുന്നതില്‍ ഞാനിന്നു ഖേദിക്കുന്നു. അന്ന് സിറിയയിലേക്ക് ഒരു മണിക്കൂര്‍ യാത്ര മതിയായിരുന്നു.
ലോകത്തിലെ വ്യത്യസ്ത ഭൂഭാഗങ്ങളിലൂടെ നടത്തിയിട്ടുള്ള നിരവധി സഞ്ചാരാനുഭവങ്ങള്‍ താങ്കളുടെ രചനകളില്‍ കണ്ടിട്ടുണ്ട്. വലിയൊരു എഴുത്തുകാരനായതിനുശേഷം പരാമര്‍ശവിധേയമായ ദേശങ്ങളിലൂടെ താങ്കള്‍ വീണ്ടും യാത്ര ചെയ്തിട്ടുമുണ്ട്. രണ്ടു വ്യത്യസ്ത കാലങ്ങളിലെ യാത്രാനുഭവങ്ങളെ എങ്ങനെ വിലയിരുത്തും? രണ്ടാം യാത്രയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കാണാന്‍ കഴിഞ്ഞു?
എല്ലാം മാറിമറിഞ്ഞിട്ടുണ്ട്. ഞാന്‍ പെറുവിലേക്കു പോയപ്പോള്‍ മാച്ചുപിച്ചുവിലേക്ക് പോകാന്‍ മടിച്ചു. ടൂറിസ്റ്റുകള്‍ അതിക്രമിച്ചു കടന്നുവരുമെന്നറിയാമായിരുന്നു. എന്റെ ഭാര്യ ക്രിസ്റ്റീന അങ്ങോട്ടുപോയെങ്കിലും അവള്‍ക്ക് ഒരടിപോലും നടക്കാന്‍ കഴിഞ്ഞില്ല. ഇതാണ് രണ്ടാം യാത്രയുടെ കഥ. യഥാര്‍ത്ഥത്തില്‍ കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്നയാളല്ല ഞാന്‍. സോദോം ഗോമോറയുടെ നാശത്തിലേക്കു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീര്‍ന്ന ലോത്തിന്റെ ഭാര്യയുടെ കഥ ബൈബിളിലുണ്ട്. കണ്ണാടിയിലെന്നപോലെ എന്നെ ഭയപ്പെടുത്തിക്കൊണ്ട് ആ കഥ എപ്പോഴുമെന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു…
അഭിമുഖം തുടര്‍ന്ന് വായിക്കാം, ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
(പോര്‍ച്ചുഗല്‍ ഭാഷയില്‍ രചിക്കപ്പെട്ട ‘ഹിപ്പി’ പുറത്തിറങ്ങുന്ന പശ്ചാത്തലത്തില്‍ എഴുത്തുകാരനുമായി, മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ബ്രുണോ അസ്ടുടോ നടത്തിയ അഭിമുഖസംഭാഷണം.)
വിവര്‍ത്തനം: ഡോ. ജോസഫ് കെ. ജോബ്