വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന ക്രിയായോഗയെ അടിസ്ഥാനമാക്കി ക്രിയായോഗി സി. കെ. രവീന്ദ്രനാഥ് രചിച്ച കൃതിയാണ് ബാബാജി ജ്വലിപ്പിച്ച ഗീതാരഹസ്യം.
ബാബാജി ജ്വലിപ്പിച്ച ഗീതാരഹസ്യം ചരിത്രാതീതമായി നിലനില്‍ക്കുന്ന വ്യാസമുനി രചിച്ച ഭഗവത് ഗീതയിലെ ഗോപ്യമായ അന്തര്‍ജ്ഞാനമാണ്. ആത്മാവ് മനുഷ്യശരീരത്തില്‍ അവരോഹണം ചെയ്തതിന്റെയും എങ്ങനെ ആത്മാവിനെ ശരീരത്തില്‍ നിന്നും മോചനമുക്തമാക്കി ആരോഹണം നടത്താന്‍ കഴിയുന്ന ആത്മീയ തന്ത്രങ്ങളുടെയും ഒരു വിവരണമാണ് ഈ കൃതി.
ആത്മാവിന് ഇരിക്കുവാനുള്ള ഇരിപ്പിടമാണ് ശരീരം. ശരീരത്തിനെ നിയന്ത്രിക്കുന്നത് മനസ്സാണ്. മനസ്സിന്റെ വൈവിദ്ധ്യമായ നന്മതിന്മ സ്വഭാവങ്ങളെ ചരിത്രപരമായ കഥ സ്വാംശീകരിച്ച് വിവിധ കഥാപാത്രങ്ങളാക്കി വ്യത്യസ്തമായ പേരുകള്‍ നല്‍കി വ്യാസമുനി അവതരിപ്പിച്ചിരിക്കുകയാണ്. ഓരോ പേരിനും ഓരോ വ്യംഗാര്‍ത്ഥവും അഥവാ സ്വഭാവം ഉണ്ട്.
ഭൂമിയില്‍ ജനിച്ച മനുഷ്യന്‍ നന്മതിന്മ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. ഓരോ പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ട്. കര്‍മ്മ സന്തുലിതത്തിന്റെ നിയമം മനസ്സിലാക്കുന്ന ആത്മജ്ഞാനി ഇന്ദ്രിയങ്ങളുടെ പിടിയില്‍ നിന്നും മോചനമുക്തമാകുന്നു. മനുഷ്യന് പുനര്‍ജ്ജന്മമുണ്ടെന്ന് ശ്രീമദ് ഭഗവത് ഗീതയില്‍ സംശയത്തിന് അതീതമായി വ്യാസമുനി വ്യക്തമാക്കുന്നുണ്ട്. പുനര്‍ജ്ജന്മത്തിന് കളം ഒരുക്കാതെ ഭൂമിയില്‍ ജീവിക്കുക, ആത്മാവിന്റെ ആരോഹണത്തിന് പ്രാധാന്യം നല്‍കി ജീവിക്കുക. ജീവിതത്തില്‍ നിന്നും ഒളിച്ചോടുകയല്ല, മറിച്ച് ജീവിച്ച് ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആത്മാവിനെ മോചനമുക്തമാക്കുക.