കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു അപൂര്‍വ്വ പഠനഗ്രന്ഥമാണ് വളപ്പില്‍ കരുണന്‍ ഗുരുക്കളുടെ കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം എന്ന ഈ പുതിയ കൃതി. നീണ്ട അറുപതു വര്‍ഷത്തിലധിക കാലം അന്യം നിന്നുവന്നുകൊണ്ടിരിക്കുന്ന ഒരു വിജ്ഞാനമേഖലയില്‍ പഠനവും പരിശീലനവും അധ്യാപനവും നടത്തി വന്നിട്ടുള്ള ഒരു കടത്തനാടന്‍ കളരിയഭ്യാസിയും ഗുരുക്കളുമായി പ്രവര്‍ത്തിച്ചു വന്ന ഗ്രന്ഥകര്‍ത്താവ് ഭാവി തലമുറകളുടെ ഗവേഷണ പഠനങ്ങള്‍ക്കും മറ്റുമായി രേഖപ്പെടുത്തുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥമാണിത്.
മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകമെയുള്ള കാര്യങ്ങളെ യുക്തിഭദ്രമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമിക ഗവേഷണത്തിന്റെ സ്വഭാവത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം. എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രയോഗ പ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുത്തുന്നു.
കടത്തനാട്ടില്‍ ഇന്നു ജീവിച്ചിരിക്കുന്ന പ്രഗല്‍ഭനായ ഒരു കളരി ഗുരുക്കളും പരിശീലകനും ചികിത്സകനുമാണ് വളപ്പില്‍ കരുണന്‍ ഗുരുക്കള്‍. ശാരീരിക വിജ്ഞാനത്തിന്റെയും മര്‍മ്മങ്ങളുടെയും അവയ്ക്കു നേരിടുന്ന ക്ഷതങ്ങളുടെയും നല്‍കേണ്ടുന്ന ചികിത്സയുടെയും അതുപോലെ കളരിപ്പയറ്റെന്ന ആയുധാഭ്യാസത്തിന്റെയും അതിലെ വിവിധ രീതികളുടെയും ഗുരുമുഖത്ത് നിന്ന് മാത്രം സ്വായത്തമാക്കാവുന്ന അപൂര്‍വ്വ മുറകളെയുംപറ്റി ആധികാരികമായ രചിച്ചിട്ടുള്ള ഈ കൃതി ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.