Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘രസവിദ്യയുടെ ചരിത്രം’

$
0
0

ആധുനിക ചെറുകഥാസാഹിത്യത്തില്‍ സവിശേഷമായ ഇടം സ്വന്തമാക്കിയ എസ്. ഹരീഷിന്റെ ആദ്യ കഥാസമാഹാരമാണ് രസവിദ്യയുടെ ചരിത്രം. വ്യത്യസ്തവും ആകര്‍ഷകവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള എട്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുരാവൃത്തത്തിന്റെയും ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ഗതിവിഗതികളെ പ്രശ്‌നവല്‍ക്കരിക്കുന്ന ദിശാസൂചകങ്ങള്‍ ഈ കഥകളെ അവിസ്മരണീയമാക്കുന്നു.

രസവിദ്യയുടെ ചരിത്രം എന്ന കഥയില്‍ നിന്നും

“മാസമൊന്നു കഴിഞ്ഞിട്ടും രസവിദ്യയെക്കുറിച്ച് ഒരു വിവരവും കിട്ടാതായപ്പോള്‍ ഞാന്‍ നിരാശനായി. വീട്ടില്‍ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന ഒരു താളിയോലഗ്രന്ഥം സംസ്‌കൃത ഭാഷയിലുള്ളതാണെന്നും അതിന്റെ പേര് രസാര്‍ണ്ണവ എന്നാണെന്നുമാണ് ഇതിനിടയില്‍ മനസ്സിലായ ഏക കാര്യം.

‘നിങ്ങള്‍ക്ക് ജര്‍മ്മന്‍ അറിയുമോ?’ സ്വാമി ഒരു ദിവസം ചോദിച്ചു.

‘ഒരു സഞ്ചാരിക്ക് ജര്‍മ്മന്‍ കൂടാതെ പറ്റില്ല. ഞാനത് പഠിച്ചിട്ടുണ്ട്.’

‘എങ്കില്‍ ഇത് വായിക്കൂ. കാറ്റത്തു വച്ച വിളക്കു പോലാണ് ഈയിടെ എന്റെ കണ്ണിനു മുന്നില്‍ അക്ഷരങ്ങള്‍.’ ആല്‍ബര്‍ട്ട്‌സ് മാഗ്നസ് എന്നയാളെഴുതിയ കത്ത് സ്വാമി എന്റെ നേരെ നീട്ടി. മാഗ്നസിനെ ഞാനറിയും. അരഭ്രാന്തന്‍. ഒരു ബിഷപ്പാകുക എന്ന ദുരന്തത്തില്‍നിന്ന് കത്തോലിക്കാ സഭയെ സ്വയം രക്ഷപ്പെടുത്തിയ വൈദികന്‍. ഇനിയൊരിക്കലും അര്‍ത്ഥമില്ലാത്തതും ലോകത്തെ തലകുത്തിനിര്‍ത്തുന്നതുമായ ഗവേഷണങ്ങള്‍ നടത്തരുതെന്ന് ചക്രവര്‍ത്തിയില്‍ നിന്നും സഭയില്‍ നിന്നും താക്കീത് വാങ്ങിയ ആല്‍ക്കെമിസ്റ്റ്. അയ്യാസ്വാമിയുടെ കൈയില്‍ നിന്ന് ഒരു ചരട് ജര്‍മ്മനിയിലേക്ക് അവിടെ നിന്ന് ഒരു ചിലന്തിവലയായി മദ്ധ്യേ മാഗ്നസ് ഒറ്റയ്ക്കിരിക്കുന്നതും കാണാം. കത്ത് ഗൂഢമായ രീതിയില്‍ ഇങ്ങനെ തുടങ്ങുന്നു: ‘ഒരു പ്രകൃതം മറ്റൊരു പ്രകൃതത്തില്‍ ആനന്ദിക്കുന്നു. ഒരു പ്രകൃതം മറ്റൊരു പ്രകൃതത്തെ ആശ്രയിക്കുന്നു; ഒരു പ്രകൃതം മറ്റൊരു പ്രകൃതത്തെ നിയന്ത്രിക്കുന്നു…”

വലിയ ചുടുകാട്, രസവിദ്യയുടെ ചരിത്രം, ചികിത്സ, മിഷ എന്ന കടുവക്കുട്ടി, രണ്ടാം മറവന്‍ദ്വീപ് യുദ്ധം, അധോതല കുറിപ്പുകള്‍, ലാറ്റിനമേരിക്കന്‍ ലാബ്‌റിന്ത്, സിയോന്‍ സഞ്ചാരി എന്നിങ്ങനെ വ്യതിരിക്തമായ എട്ട് കഥകളാണ് എസ്. ഹരീഷിന്റെ ഈ ചെറുകഥാസമാഹാരത്തില്‍ ഉള്ളത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന രസവിദ്യയുടെ ചരിത്രം എന്ന കൃതിയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>