ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകളാണ് ഒറ്റമരപ്പെയ്ത്ത് എന്ന സമാഹാരത്തില്‍. ഭൂതകാലക്കുളിരുകളുടെ എഴുത്തനുഭവങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെച്ച അധ്യാപിക ദീപാനിശാന്തിന്റെ ഏറ്റവും പുതിയ കൃതി. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്ന പോലെ കടന്നു പോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല, തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല…ഋജുവായി അവ നമ്മോട് സംവദിക്കുകയാണ്…
ഒറ്റമരപ്പെയ്ത്തിന് ദീപാനിശാന്ത് എഴുതിയ ആമുഖം വായിയ്ക്കാം
എല്ലാ മനുഷ്യര്‍ക്കുമുണ്ടാകും ആത്മദേശങ്ങളിലൂടെയുള്ള ചില തിരിഞ്ഞുനടത്തങ്ങള്‍…
ഓര്‍മ്മകള്‍ എന്ന് നമ്മളതിനെ വിളിക്കും… മറ്റു ചിലപ്പോള്‍ ‘നൊസ്റ്റാള്‍ജിയ’ എന്ന് ഓമനപ്പേരിടും…
എല്ലാ ഓര്‍മ്മകളും നമ്മള്‍ കടലാസിലേക്ക് പകര്‍ത്താറില്ല. ചിലത് ഉള്ളില്‍ സൂക്ഷിക്കും. ഓര്‍മ്മകളെല്ലാം ഒരര്‍ത്ഥത്തില്‍ പെരുപ്പിച്ച കള്ളങ്ങളാണെന്ന് എവിടെയോ വായിച്ച ഒരോര്‍മ്മ! ഒരു പരിധിവരെ അത് ശരിയാണ്… ‘ഏറ്റവും പെരുപ്പിച്ചു കാട്ടിയ നമ്മളാണ്’ നമ്മുടെ ഓര്‍മ്മകളിലെ ഹീറോ/ ഹീറോയിന്‍.
ഓര്‍മ്മയൊഴുക്കിന്റെ മൂന്നാമത്തെ പുസ്തകമാണിത്. ഭൂതകാലക്കുളിരും നനഞ്ഞു തീര്‍ത്ത മഴയും ഏറ്റെടുത്ത നിങ്ങളുടെ മുന്നിലേക്ക് ഞാനെന്റെ ഒറ്റമരക്കാടിനെക്കൂടി ചേര്‍ത്തുവെക്കുന്നു…
അത്ഭുതമാണ്… വൈവിധ്യവും സങ്കീര്‍ണ്ണവുമായ അസാധാരണ ജീവിതാനുഭവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ വ്യക്തിയുടെ അനുഭവക്കുറിപ്പുകള്‍ക്ക് ഇത്ര പതിപ്പുകളും വായനക്കാരും ഉണ്ടാകുന്നു എന്നത്. അത്ര ചെറുതല്ലാത്ത ഒരഭിമാനബോധം അതിലെനിക്കുണ്ടുതാനും…
എന്റെ അനുഭവം എന്റേതു മാത്രമല്ലായിരുന്നു… ഞാനനുഭവിച്ച കുട്ടിക്കാലം, ഉത്കണ്ഠകള്‍, പ്രണയം, പ്രതീക്ഷ, സൗഹൃദം, ആവേശം, വേദന… ഇവയെല്ലാം ബഹുഭൂരിപക്ഷം പേര്‍ക്കും സമാനമാണ്… ആ സമാനതതന്നെയാണ് നമ്മെ ചേര്‍ത്തുനിര്‍ത്തുന്നതും.
സാഹിത്യത്തെ സംബന്ധിച്ച ഒരു സിദ്ധാന്തവും ഈ പുസ്തകത്തിലൂടെ എനിക്ക് നിങ്ങള്‍ക്കു പകര്‍ന്നു തരാനില്ല… എന്റെ അനുഭവങ്ങളാണ് എന്റെ സിദ്ധാന്തങ്ങള്‍… പരിപൂര്‍ണത അവകാശപ്പെട്ടുകൊണ്ട് ഞാനൊന്നും എഴുതിയിട്ടില്ല… എഴുത്തധികാരികളുടെ വിധി നിഷേധ നിയമ ക്ലാസ്സുകള്‍ക്കൊക്കെ വെളിയിലാണ് ഞാന്‍… ക്ലാസ്സില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കുട്ടിയെപ്പോല്‍ തീര്‍ത്തും ഏകയാണ്…
അവ്യവസ്ഥമായ ചില ഓര്‍മ്മകളാണിതില്‍. അടുക്കും ചിട്ടയുമൊന്നും അതിനുണ്ടാകണമെന്നില്ല. പണ്ട് ചെറുകാട് പറഞ്ഞതുപോലെ, ‘എന്റെ മുരിങ്ങാച്ചുവട്ടില്‍ നിന്നുകൊണ്ട് ഞാന്‍ കണ്ട നക്ഷത്രങ്ങള്‍…’ അത്രമാത്രം.
ഓര്‍മ്മകളുടെ ചിതറിയ കണ്ണാടിക്കഷണങ്ങളില്‍ ഞാനെന്നെ തിരയുകയാണ്… മറവിക്കു മുന്നില്‍ തോറ്റുമടങ്ങാതെ നിന്ന ഭൂതകാലപ്പച്ചപ്പുകളേ നന്ദി! ഭൂതകാലത്തിന്റെ അകലത്തെ ഓര്‍മ്മകള്‍കൊണ്ടടുപ്പിച്ച കാലമേ… നന്ദി!
ദീപാനിശാന്ത്