ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. ആധുനികതാപാരമ്പര്യത്തിന്റെ ഉടലും ഉയിരുമാണ് അദ്ദേഹത്തിന്റെ കഥകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം, മരണം, ഭാഷ, ശരീരം, വ്യവസ്ഥാപിതമായ ആഖ്യാന രീതി ഇവയെല്ലാത്തിനേയും അതിജീവിക്കാനാണ് സന്തോഷ് ശ്രമിക്കുന്നത്.
റോഡില്‍ പാലിയ്‌ക്കേണ്ട നിയമങ്ങള്‍, ഒരു പരാതിയെഴുത്തുകാരന്റെ മാനസിക സംഘര്‍ഷങ്ങള്‍, കൊമാല, ചരമക്കോളം, ഇരയുടെ മണം, തേവി നനച്ചത്, ബേബീസ് ബ്രെത്ത്, പന്തിഭോജനം, കീറ് എന്നിങ്ങനെ പ്രമേയം കൊണ്ടും ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ ഒമ്പത് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
ഈ സമാഹാരത്തിലെ ഒരോ ചെറുകഥയും വ്യത്യസ്ത പ്രമേയങ്ങളിലൂടെ സമൂഹത്തിന്റെ പലമുഖങ്ങള്‍ കാട്ടിത്തരുന്നവയാണ്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ഭൂതകാലവുമായി സംയോജിപ്പിച്ച് തന്മയത്വം ഒട്ടും ചോരാതെ സൂക്ഷ്മതയോടെയാണ് ഈ കഥകളെല്ലാം ആവിഷ്കരിച്ചിരിക്കുന്നത്.
2008-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൊമാലയെന്ന ഈ കഥാസമാഹാരം ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊമാലയുടെ ഏഴാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.