വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ.
കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കഥയാണ് ബിരിയാണി. കഥ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പല തരത്തിലുള്ള ചര്‍ച്ചകള്‍ രൂപപ്പെട്ടു. മലയാളിയുടെ ധൂര്‍ത്തും അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതവും പട്ടിണിയും യഥാതഥമായി വരച്ചു കാട്ടിത്തന്നു ബിരിയാണി.
മലയാള ചെറുകഥയുടെ ഉത്സവമാണ് ബിരിയാണിയെന്ന് സാഹിത്യകാരന് എം മുകുന്ദന് അഭിപ്രായപ്പെടുന്നു. കഥ ജീവിതത്തെയാണ്, അനുഭവങ്ങളെയാണ് ആവിഷ്ക്കരിക്കുന്നതെന്ന് അദ്ദേഹം കുറിക്കുന്നു.
‘സാഹിത്യ രൂപങ്ങളില്‍ കഥകളിലാണ് സാങ്കേതിക വിദ്യയും സാമൂഹിക മാറ്റങ്ങളും ആദ്യം അടയാളപ്പെടുക. ബിരിയാണി പ്രസക്തമാകുന്നത് മുഖ്യപ്രമേയത്തിന് സമാന്തരമായി ആഖ്യാനം ചെയ്യപ്പെട്ട ഡയസ്പോറിക് ഗൃഹാതുരത്വം കൊണ്ടാണ്. അതുകൊണ്ടു തന്നെ കേരളത്തെ ആധാരമാക്കിയുള്ള ഡയസ്പോറ പഠനങ്ങളുടെ പാഠപുസ്തകമായി മാറാനിടയുള്ള ചെറുകഥയാണിത്.’ഡോ. വി അബ്ദുള്‍ ലത്തീഫ് പറയുന്നു.
കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളേയും സാമൂഹ്യയാഥാര്ത്ഥ്യങ്ങളേയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസുറ്റ കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഈ ചെറുകഥാസമാഹാരത്തില്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍,uvwxyz, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴുകഥകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കന്നത്. 2016 സെപ്റ്റംബറിലാണ് ബിരിയാണിയുടെ ആദ്യ പതിപ്പ് ഡി.സി ബുക്സ് പുറത്തിറക്കിയത്. ഏറെ വായനക്കാരുള്ള ഈ ചെറുകഥാസമാഹാരത്തിന്റെ ഒന്‍പതാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.