Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

പ്രളയകാലം ജീവിതത്തെ സാരമായി ബാധിച്ച ഒരു കവിയുടെ നാട്ടനുഭവം

$
0
0

കവി എ.എം. അക്ബര്‍ എഴുതുന്നു

മഴയുടെ നാടാണ് നേര്യമംഗലം. പക്ഷേ, ഇത്തവണ മഴ കേരളത്തെയാകെ മഴയുടെ നാടാക്കി മാറി. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പ്രളയവും കേരളത്തെ പല തുരുത്തുകളാക്കി. ആരൊക്കെ എവിടെയൊക്കെ എന്ന് ചങ്കിടിച്ച നേരങ്ങള്‍. ദുരിതത്തിന്റെ നിര്‍ത്താത്ത പെയ്ത്ത്. പെയ്‌തൊടുങ്ങിയപ്പോള്‍ പലരും ഇല്ലാതായി. വീടെന്നത് ഒരു ഓര്‍മ്മയായി. മഴമാറി പുഴയിറങ്ങിയപ്പോള്‍ എന്റെ വീട് വിണ്ടുകീറി നശിക്കാന്‍ തുടങ്ങി. ദേശീയപാതയോരത്തെ വീട്ടില്‍ നിന്നെവിടെപ്പോകുമെന്നറിയാതെ ഇപ്പോള്‍ ആധിയോടെ നില്‍ക്കുന്നു. വീടെന്നത് അഭയമാണെന്ന് കവി അയ്യപ്പന്‍ പറഞ്ഞതുപോലെ മഴ മാറിയപ്പോള്‍ അനാഥത്വമായിമാറി. വിണ്ടുകീറിയ വീട്ടില്‍ എങ്ങനെ കഴിയും? അറിയില്ല. നിശ്ശബ്ദതയ്ക്കു മേല്‍ മുമ്പിലെ റോഡ് ഹുങ്കാരത്തോടെ പാഞ്ഞു പോകുന്നു.

ഇനിയെവിടെയെങ്കിലുണ്ടാവു(ക്കു)ന്ന വീട് പഴയ വീടിനെ ഓര്‍ക്കുമോ! എന്നാലും പുഴയും പാലവും കാടുമൊക്കെ അവിടെയുണ്ടാകുമോ? മഴ പെയ്യുമ്പോള്‍ നിറയുന്ന ഞങ്ങളുടെ കുഞ്ഞുവീടിന്റെ അത്രയും ആഹ്ലാദങ്ങള്‍ പെയ്യുമോ? അല്ലെങ്കില്‍തന്നെ വേരുകള്‍ മുറിച്ചുകളഞ്ഞ് വേറൊരിടത്ത് നടുന്ന മരങ്ങള്‍ വീണ്ടും അതുപോലെ മുളച്ചുപൊന്തുമോ? അറിയില്ല. എന്നാലും മഴ പെയ്യുകയാണ്…ഇലകള്‍ക്ക് മുകളില്‍ നീര്‍ത്തുള്ളിയായിറ്റുവീണ് താഴേക്ക്… കുത്തിയൊലിച്ച് മരങ്ങളെയും, ചെടികളെയും ആളുകളെയും കൂട്ടി കുതിച്ചൊരു പോക്ക്…ലോകം മുഴുവന്‍ ഇങ്ങനെ പെയ്യുകയാണെന്ന് തോന്നും. രാത്രികളില്‍, തകര ഷീറ്റിലേക്ക് കനത്ത മഴത്തുള്ളികള്‍ പതിക്കുമ്പോള്‍, ഇതാവും ലോകത്തിന്റെ ഹുങ്കാരമെന്നോര്‍ക്കും. ഭിത്തിക്കപ്പുറം പല നിറത്തില്‍ പെയ്യുന്ന മഴയെക്കുറിച്ചോര്‍ത്ത് ഉറങ്ങിപ്പോകും. ഉറക്കത്തിലെ സ്വപ്നത്തില്‍ വലിയ വെയിലായിരിക്കും. കുന്നിന്‍ ചെരിവുകളും മലമ്പള്ളകളും കരിഞ്ഞുണങ്ങി നില്‍പ്പാണ്. നിലത്തിഴഞ്ഞ് ആകാശത്തേക്ക് നോക്കുന്ന വാടിയ വള്ളിച്ചെടികള്‍ മഴ…മഴയെന്ന് പ്രാര്‍ത്ഥിക്കുന്നു. പച്ചപ്പിന്റെ ഉള്ളുലഞ്ഞ ‘ദുആ’ ആവും മഴയായി വന്ന് ആര്‍ത്തലയ്ക്കുന്നത്. ഇതെഴുതുമ്പോള്‍ മലമുകളില്‍നിന്ന് മഴ ഇരച്ചെത്തുന്നതു കേള്‍ക്കാം. പെരിയാറിന് മുകളിലൂടെ, ഒച്ചവെച്ച്, ഒട്ടും അനുസരണയില്ലാത്ത കാറ്റിനൊപ്പം കൂട്ടുകൂടി മുറ്റത്തു നില്‍ക്കും. മുറ്റത്തെ പ്ലാവിലകള്‍ താഴേക്കു വീഴും…

പണ്ട് മണ്‍വീടായിരുന്നു. ഈറ്റയിലകൊണ്ട് മേഞ്ഞ വീട്. മഴയത്ത് ഉറക്കമൊക്കെ കണക്കാണ്. കാറ്റിലും മഴയിലും ‘അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍, ലാ ഇലാഹ ഇല്ലള്ളാഹ്…’ തക്ബീറുകള്‍ ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു. തൊട്ടടുത്തവീടുകളെ കാറ്റ് പറപ്പിച്ചു കൊണ്ടുപോകുമ്പോള്‍ ഞങ്ങളുടെ പുരയെ പിടിച്ചു നിര്‍ത്തിയത് ഈ ദിക്ക്‌റുകളായിരുന്നുവെന്നാണ് അന്നത്തെ വിശ്വാസം. മഴയുടെ നാടാണ് നേര്യമംഗലം. മഴ തുടങ്ങിയാല്‍ മഴ മാത്രമുള്ള നാട്. കട്ടന്‍ ചായ അടുപ്പില്‍ വീണ്ടും വീണ്ടും ഇടംപിടിക്കും..

ഇടിമിന്നലുണ്ടാവുമ്പോള്‍ ഇബ്രാഹീമണ്ണന്റെ അന്ത്രുവും മമ്മാലിയും ഞാനും ചേര്‍ന്ന് ഉച്ചത്തില്‍ ബാങ്ക് വിളിക്കുമായിരുന്നു. ബാങ്കുവിളിയില്‍ ഇടിമിന്നല്‍ നമ്മെ തൊടാതെ പോകുമെന്ന് അവരുടെ പൊന്നമ്മ (മുത്തശ്ശി) പറയുമായിരുന്നു. ഒരു ദിവസം ഞങ്ങള്‍ മൂന്നുപേര്‍ അരിയാസ്(വട്ട്-ഗോലി)കളിക്കുമ്പോഴായിരുന്നു വലിയൊരു ഇടിമിന്നല്‍ തൊട്ടടുത്തുകൂടി പാഞ്ഞുപോയത്. അപ്പുറത്ത് കെട്ടിയിട്ടിരുന്ന ആടും തലയെടുപ്പോടെ സായിപ്പന്മാര്‍ നട്ട റബ്ബറും രക്തസാക്ഷികളായി. ആടിന്റെ തോല് പാപ്പന്റെ വീക്കന്‍ ചെണ്ടയില്‍ താളം വിരിച്ചു. മഴയും ഇടിയുമൊന്നും പാപ്പന് പ്രശ്‌നമല്ല. ചെവി കേള്‍ക്കില്ലായിരുന്നു. പള്ളിപ്പെരുന്നാളുകള്‍ക്ക് കതിന പൊട്ടിച്ച് കേള്‍വി ഇല്ലാതായിപ്പോയതാണ്. പരുമലേന്ന് വന്ന പരുമല പാപ്പന്‍ ഉറക്കെ വീക്കന്‍ചെണ്ട പാതിരാത്രിയാവുന്നതുവരെ കൊട്ടിയിരുന്നു. പാപ്പന്റെ ഉള്ളിലെ സങ്കടവും സന്തോഷവും ആവാം അങ്ങനെ കൊട്ടിക്കളഞ്ഞത്. ആ ഇടിമിന്നലിനുശേഷം എനിക്ക് ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പേടിയാണ്.

വാപ്പ നനഞ്ഞ മഴ

എത്ര മഴയും കാറ്റുമുള്ളപ്പോഴും വാപ്പ പുല്ലുവെട്ടാനും എരുമകളെ മാറ്റി കെട്ടാനും പോവാറുണ്ട്. വാപ്പയ്ക്ക് ഒന്നിനേയും പേടിയില്ലായിരുന്നു. മലപ്പുറത്തെ തങ്ങന്മാര്‍ കൂട്ടുണ്ടെന്നു പറഞ്ഞ് മുറുക്കിച്ചുവന്ന പല്ല് കാട്ടി ചിരിക്കുമായിരുന്നു. അക്ഷരങ്ങള്‍ അറിയില്ലായിരുന്നുവെങ്കിലും ലോകത്തോട് വല്ലാത്ത ഇഷ്ടമായിരുന്നു.’ശിങ്കടമാലി…മണലോടിമക്കാര്‍…’തുടങ്ങി അര്‍ത്ഥമറ്റ അവ്യക്തമായ സ്വരങ്ങള്‍ മാത്രമുള്ള ഭാഷയില്‍ സ്വയം സംസാരിക്കുമായിരുന്നു. ഉള്ളിലുള്ള എന്തിനെയോ ഭാഷകള്‍ക്കതീതമായ സ്വരങ്ങള്‍ കൊണ്ട് ഒഴുക്കിക്കളഞ്ഞതാവാം അത്!. ചിലപ്പോള്‍ ഭാഷയില്ലാത്ത കവിതകള്‍ ആയിരുന്നിരിക്കം. ആ തോളത്ത് കയറിയിരുന്നു പല കാഴ്ചകള്‍ കണ്ടിട്ടുണ്ട്. വീട്ടുകാര്‍ക്ക് അത്ര സുഖകരമല്ലെങ്കിലും നാട്ടുകാര്‍ക്കും ഊരും പേരുമറിയാത്ത നാടോടികള്‍ക്കും വാപ്പ വലിയൊരാളായിരുന്നു. കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി, പോരാട്ടം, അയ്യങ്കാളിപ്പട തുടങ്ങിയവര്‍ വീട്ടില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. അവരുടെ കടിച്ചാല്‍ പൊട്ടാത്ത ലഘുലേഖകള്‍ വായിച്ച് ആവേശം കൊണ്ടിട്ടുണ്ട്. ഹോചിമിനും ചെഗുവേരയും കുഞ്ഞുന്നാളില്‍ മനസ്സില്‍ ഇടം പിടിച്ചു. തികഞ്ഞ മത വിശ്വാസിയും മുസ്‌ലിംലീഗ് അനുഭാവിയുമായ വാപ്പ അവരെ കഴുത്തുവെട്ടികള്‍ എന്ന് ഓമനിച്ചു വിളിച്ചിരുന്നു. അവര്‍ക്കതില്‍ ഒരെതിര്‍പ്പും തോന്നിയിട്ടില്ല. മീനും ഇറച്ചിയും വാങ്ങി അവരെ സല്‍ക്കരിച്ചിട്ടുമുണ്ട്. അവരാണ് എന്നെ പോസ്റ്റര്‍ എഴുതാന്‍ പഠിപ്പിച്ചത്. പിന്നീട് കാന്‍ഫെഡുകാര്‍, ജനതാ പാര്‍ട്ടിക്കാര്‍, പട്ടാളത്തില്‍നിന്ന് ഒളിച്ചോടിവന്ന സുരേഷ് ചേട്ടന്‍ അങ്ങനെ ഒത്തിരിപ്പേര്‍ക്ക് വീട് അഭയമായി.

മലപ്പുറത്തെ കോഴിച്ചെനക്കാരനായിരുന്ന വാപ്പ ഏന്തയാറിലെ റബ്ബര്‍ എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് എത്തിയതാണ്. ഏന്തയാറിനടുത്തെ കൂട്ടിക്കലില്‍ വാപ്പയ്ക്ക് മൂന്ന് പെണ്മക്കള്‍ ഉണ്ടെന്നു ഞാന്‍ അറിയുന്നത് എനിക്ക് 19 വയസ്സുള്ളപ്പോള്‍ മാത്രം. അതെന്തിനാവാം എന്നോടും ഉമ്മയോടും വാപ്പ മറച്ചുവെച്ചത്? അറിയില്ല. പക്ഷേ, ഉമ്മയ്ക്ക് അതറിയാമായിരുന്നു. ചെറുപ്പത്തില്‍ നിനക്ക് മൂന്ന് ഇത്തമാര്‍ ഉണ്ടെന്ന് ഉമ്മ പറയുമായിരുന്നു. ഏന്തയാറില്‍നിന്ന് ചുറ്റിത്തിരിഞ്ഞ് നേര്യമംഗലത്തിനടുത്ത പാലമറ്റം എസ്റ്റേറ്റിലും, ഓപ്പറ തോട്ടത്തിലും വാപ്പയെത്തി. വാപ്പയുടെ മൂത്ത സഹോദരനും അന്ന് മലപ്പുറത്തുനിന്നെത്തിയിരുന്നു. അന്നാണ് നെല്ലിമറ്റംകാരിയായ ഉമ്മയെ കെട്ടുന്നത്. വലിയ(ദുര)അഭിമാനികള്‍ ആയിരുന്നു മലബാറുകാര്‍. മലബാര്‍ ലഹളെയെക്കുറിച്ചൊക്കെ ഊറ്റംകൊള്ളുന്നവര്‍. എന്റെ മൂത്തുമ്മയെ (ഉമ്മയുടെ മൂത്ത സഹോദരി) കല്യാണം കഴിച്ചതും മലപ്പുറംകാരന്‍ ആയിരുന്നു. ആരുടെ മുമ്പിലും തോല്‍ക്കാന്‍ മടിച്ചിരുന്ന വാപ്പ ഉണ്ടായിരുന്ന സ്ഥലമൊക്കെ ചെറിയ തുകയ്ക്ക് വിറ്റു തീര്‍ത്തു. വീട് പട്ടിണിയിലായാലും നാട്ടുകാര്‍ക്ക് അഭയമായി. തൊട്ടടുത്ത് കത്തോലിക്ക പള്ളിക്ക് സെമിത്തേരി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയത് വാപ്പ ആയിരുന്നു.

ഉമ്മ മഴ

ഉമ്മ 12 മക്കളെ പ്രസവിച്ചു. അതില്‍ 11 പേരും മരിച്ചു. പന്ത്രണ്ടാമത്തെ ആളായ ഞാന്‍ മാത്രം ജീവനോടെ ഇന്നും. അബ്ബാസ് എന്നായിരുന്നു എന്റെ മൂത്തയാളുടെ പേര്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഇക്ക മരിച്ചു. പെട്ടെന്നുണ്ടായ വയറുവേദന. അന്ന് ആശുപത്രികള്‍ ഇല്ലായിരുന്നു. കവളങ്ങാടോ നെല്ലിമറ്റത്തോ ഉള്ള ആശുപത്രിയിലേക്ക് ട്രങ്ക് വണ്ടിയില്‍ കൊണ്ടുപോകുന്ന വഴി ഇക്ക പോയി. ഇക്കയെ അക്കൊല്ലം സ്‌കൂളില്‍ ചേര്‍ക്കാനിരുന്നതാണ്. വീടിന് തൊട്ടടുത്ത ഓത്തുപള്ളിയില്‍ ഉസ്താദുമാരുടെ ഉച്ചത്തിലുള്ള അറബി ഓത്തുകള്‍ ഇക്ക വീട്ടിലിരുന്നു കേട്ട് മനപ്പാഠമാക്കി. അച്ചടിച്ച വര്‍ത്തമാന പേപ്പര്‍ കഷണങ്ങളിലെ അക്ഷരങ്ങള്‍ ആരോ കൊടുത്ത പേന കൊണ്ട് എഴുതുമായിരുന്നു എന്ന് ഉമ്മ പറയാറുണ്ട്. തൊട്ടടുത്ത വീട്ടിലെ അലീമ്മ ഇത്തയുടെ തോളുകള്‍ കുടിച്ചുകിടന്ന ഞാന്‍ ഇക്കയെക്കുറിച്ചുള്ള വിസ്മയ കഥകള്‍ ഉള്ളിലിട്ടു. അബ്ബാസിന്റെ മുഖത്തെ തേജസ്സ് മതിയായിരുന്നു നേര്യമംഗലം അറിയപ്പെടാന്‍ എന്ന് ഇക്കയുടെ വയസ്സുള്ള അന്തൂക്ക ഇന്നും എന്നോട് പറയും. ആ അന്തൂക്കതന്നെയാണ് എന്നെ ഒരിക്കല്‍ പുഴയില്‍ ഒഴുക്കില്‍നിന്നും രക്ഷിച്ചത്. പറമ്പത്തെ രാമന്‍കുട്ടിചേട്ടന്റെ ഷിജുവിന്റെ അമ്മയാണ് പിയേഴ്‌സിന്റെയും ചന്ദ്രിക സോപ്പിന്റെയും മണം ആദ്യമായി അനുഭവിപ്പിച്ചത്. പുഴയിലെ കുളിക്കടവിലെ മുതിര്‍ന്ന അമ്മമാരുടെ ഓമന ആയിരുന്നു ഞാന്‍. അവരൊക്കെ അവരുടെ വീടുകളില്‍ കൊണ്ടുപോയി. ഹാപ്പി ഹോട്ടലിലെ അമ്മാമ്മ തന്ന പുട്ടും പയറും നല്‍കിയ സ്‌നേഹം ലോകത്തെ അറിയാന്‍ പഠിപ്പിച്ചു. ഇക്ക പോയത് ഒരു മഴക്കാലത്തായിരുന്നു. മഴയെക്കുറിച്ച് ഒരുപാട് പ്രണയത്തില്‍ മുക്കിയ കവിതകള്‍ എഴുതിയിട്ടുണ്ട്. അതെല്ലാം ജൂണ്‍ മാസം നല്‍കിയ ഏക പക്ഷീയമായ പ്രണയം ആയിരുന്നു. മഴ അത്ര നല്ലനുഭവം ആയിരുന്നില്ല. എന്നിട്ടും മഴയെ ചുമ്മാ പ്രണയിച്ചു. ഈറ്റയില മേഞ്ഞ വീടിന്റെ മിക്ക ഭാഗങ്ങളും ചോരും. സ്‌കൂള്‍ ബുക്കും പുസ്തകങ്ങളും നനഞ്ഞ് നശിച്ചിട്ടുണ്ട്. നനഞ്ഞ തറയിലാണ് ഞാനും ഉമ്മയും വാപ്പയും നിരന്നു കിടന്നിരുന്നത്. മഴയുടെ സൂചിത്തുള്ളികള്‍ ഇടയ്ക്കിടെ മുഖത്തേക്കു പതിക്കും. ഉമ്മ ചേര്‍ത്തുപിടിച്ച് ഉറക്കും.

ലേഖകന്റെ വീടും ഉമ്മയും

ഉമ്മ, മഴയെക്കാള്‍ നനവുള്ള ഒന്നാണ്. ഇന്നും കൂടെയുണ്ട്. ഒറ്റമോനായതുകൊണ്ട് ഒത്തിരി വാത്സല്യം ഇന്നുമനുഭവിക്കുന്നു. പട്ടിണിക്കിടയിലും ആ കണ്ണുകളാണ് എന്നെ മുന്നോട്ടു നടത്തിയത്. അടുപ്പില്‍ നനഞ്ഞ വിറകിന്റെ പുകയാണ് എനിക്കുമ്മ. ഒത്തിരിയേറെ ദുരിതപ്പെയ്ത്തുകള്‍ നനഞ്ഞ ഒരാള്‍. 45 വയസ്സുള്ളപ്പോഴാണ് ഞാനുണ്ടായത്. വാപ്പ മരിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്ഥലമൊക്കെ വിറ്റ്, ദേശീയപാതയോരത്തെ ഒരു കൂര മാത്രമായി. വാപ്പക്ക്് പെട്ടെന്നു വന്ന അസുഖമാണ്. ബ്രെയിന്‍ ട്യൂമര്‍. ആര്‍.സി.സിയിലൊക്കെ കൊണ്ടുപോയി. ജൂണ്‍ മാസത്തിലെ ഒരു വലിയ മഴയില്‍ വാപ്പ ഒറ്റ പോക്കുപോയി.

പണ്ട് അമ്പലത്തിനടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കാന്‍ ഉമ്മ കൊണ്ടുപോയതോര്‍ക്കുന്നു. മാത്യു സാറിന്റെ പടിയെത്തിയപ്പോള്‍ വലിയൊരു ഇടിമിന്നലില്‍ കൈയിലുണ്ടായിരുന്ന തുണിക്കടയുടെ ചില്ലുപിടി അടര്‍ന്ന് പൊട്ടിപ്പോയി. കൂടെ അക്കമ്മയും അന്ത്രുവുമുണ്ടായിരുന്നു. പണ്ടു തൊട്ടേ കുപ്പായമാണ് ഉമ്മയുടെ വേഷം. അന്ന് അമ്പലത്തിലും കോതമംഗലത്തെ ചെറിയ പള്ളിയിലൊക്കെ മുസ്‌ലിം കുപ്പായം ധരിച്ച് ഉമ്മ എന്നെ കൊണ്ടുപോയിട്ടുണ്ട്. ഒരു ദൈവത്തെയോ, മതത്തെയോ ഉമ്മ തള്ളിപ്പറഞ്ഞിട്ടില്ല. വാപ്പ എല്ലാ
ഉത്സവത്തിനും അമ്പലത്തിന് ചെറിയ സംഭാവന നല്‍കുമായിരുന്നു. ഇന്നൊക്കെ അങ്ങനെ അമ്പലത്തിലേക്കു പോകാന്‍ ഉമ്മയെപ്പോലുള്ളവര്‍ക്ക് ആവുമോ? അറിയില്ല.

ഇബ്രാഹിം അണ്ണന്റെ മക്കള്‍ ആയിരുന്നു എന്റെ സഹോദരങ്ങള്‍. വിശന്നിരിക്കുമ്പോള്‍ ചായ വായിലൊഴിച്ചു തന്നിരുന്ന അത്തച്ചി. അവരുടെ വീട്ടില്‍ മുതിര്‍ന്നവര്‍ സംസാരിച്ചിരുന്നത് തമിഴിലാണ്. സാബു, സ്‌നേഹന്‍, റോയി, ദിലീപ്,രൂപേഷ് അങ്ങനെ എത്ര സഹോദരങ്ങള്‍.

മഴക്കാലത്ത് നനഞ്ഞൊലിച്ചാണ് ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പോയത്. ഇവിടുന്ന് പോകുന്നതുതന്നെ വലിയ ആഘോഷമായാണ്. പലതരം ചെടികള്‍ തൊട്ട്, തോടുകളിലെ മീനുകളോട് മിണ്ടി, പാടത്തെ ചെളിമണം ഉള്ളിലേക്കു വലിച്ച്…വാഴയിലയോ, ചേമ്പിലയോ ചൂടി… പോകുന്ന വഴിക്കാണ് ചോതി പാപ്പന്റെ വീട്. ചോതി പാപ്പന്റെ മകന്‍ അര്‍ജ്ജുനന്‍ എന്റെകൂടെയാണ് പഠിച്ചുതുടങ്ങിയത്. സ്‌കൂളിലെ ആദ്യ ദിനം മഴയോടൊപ്പം അക്കരെയുള്ള ജിജോയുടെ കൂടെയിരിക്കാന്‍ വശിപിടിച്ചു കരഞ്ഞു. അവനെ സി ഡിവിഷനിലേക്ക് മാറ്റി. ആ ഇഷ്ടം ഇന്നുമുണ്ട്. ചെടികളെക്കുറിച്ച് അറിയാന്‍ നടക്കാത്ത വഴികളോ കാടുകളോയില്ല. ബി ഡിവിഷനിലായിരുന്നു എന്റെ സ്ഥാനം. മിക്കവരും മുസ്‌ലിം വീടുകളില്‍ നിന്നുള്ളവര്‍. അറബി ഒന്നാം ഭാഷയായി പഠിക്കുന്നവര്‍. അഞ്ചാം ക്ലാസ്സില്‍ എനിക്ക് മലയാളം മതി എന്ന് ഞാന്‍ പറഞ്ഞു. ആരും പറഞ്ഞിട്ടൊന്നുമല്ല. ചെറുശ്ശേരിയുടെയും കുഞ്ചന്റെയും പദ്യശകലങ്ങള്‍ ചൊല്ലുന്ന മുതിര്‍ന്ന ക്ലാസ്സുകളിലെ ഈണങ്ങളാവാം മലയാളത്തോട് ഒരിഷ്ടം തോന്നിപ്പിച്ചത്. ഞാനതിനെ ഉമ്മ മലയാളം എന്ന് പേരിട്ടു വിളിക്കുന്നു.

കാടിന്റെ പ്രണയം

സ്‌കൂളിനടുത്തുള്ള തോടുകളില്‍ മഴക്കാലത്ത് ഊത്ത കേറുമായിരുന്നു. അന്ന് ഊത്ത പിടിക്കാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കും. മഴ ചെറുതാവുമ്പോള്‍ പുഴയില്‍ നിന്ന് ചിലയിനം മീനുകള്‍ തോട്ടിലൂടെ ഒഴുക്കിനെതിരെ കയറി വരും. ആ മീനുകളെ പിടിച്ച് കൂട്ടിലാക്കും. കുറേ ആവുമ്പോള്‍ ഞാന്‍ തന്നെ അവയെ തോട്ടിലേക്ക് ഒഴുക്കിവിടും. എന്നാല്‍ പഠനമൊഴിച്ചുള്ള എല്ലാ മേഖലയിലും ഞാന്‍ പുറകിലായിരുന്നു. കുഞ്ഞുകാലം മുതല്‍ ഒറ്റയായി വളര്‍ന്നതിന്റെ ഒരു ഉള്‍വലിവ് ഉള്ളില്‍ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നുണ്ട്. പോരാഞ്ഞ് മാസം തികയാതെ പ്രസവിച്ച ഒരുവന്റെ ശാരീരികാവശതകളും. സ്‌കൂള്‍ ഗ്രൗണ്ടില്‍ മഴ നനഞ്ഞ് ചെറിയ പന്തുരുട്ടി കളിച്ചവരൊക്കെ പിന്നീട് വലിയ കളിക്കാരായി. ഞാനത് നോക്കി നില്‍ക്കുമായിരുന്നു. പന്തുക്കളിക്കാരന്‍ ആവണമെന്ന ഉള്ളിലെ ആഗ്രഹത്തെ അടച്ചുവെച്ച്. ചിലപ്പോള്‍ ചെളിവെള്ളത്തില്‍ ഗോളിയായി നിന്ന് പന്തൊക്കെ കടത്തിവിട്ട് ചീത്ത കേട്ടിട്ടുണ്ട്. പക്ഷേ, ഇവര്‍ക്കൊന്നും പുഴയിലെ നീന്തലില്‍ മുങ്ങാംകുഴിയില്‍, ശ്വാസം പിടിച്ചുള്ള മുങ്ങിക്കിടപ്പില്‍ എന്നെ തോല്‍പ്പിക്കാനാവില്ലായിരുന്നു. പുഴ ഇന്നും ആത്മ വിശ്വാസത്തിന്റെ ഒഴുക്കുതന്നെ!

പുഴയും കാടുമുള്ളതുകൊണ്ടാവാം ഞാന്‍ നേര്യമംഗലം വിട്ടു പോകാത്തത്. അവ പോയാല്‍ ഞാന്‍ തന്നെ ഇല്ലാതാകുമോ എന്നൊരു പേടി. ഇതിലും വലിയ മഴക്കാലത്ത്, നിറഞ്ഞൊഴുകിയ പെരിയാറിനെ നീന്തി തോല്‍പ്പിച്ചിട്ടുണ്ട്. ഒരു കൈയില്‍ ചൂണ്ടക്കണയും നിക്കറും തൂക്കി ആഴങ്ങള്‍ക്ക് മുകളിലൂടെ ഒറ്റക്കൈകൊണ്ട് തുഴഞ്ഞു നടന്നിട്ടുണ്ട്. തോട്ട പൊട്ടുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ആഴങ്ങളില്‍ മുങ്ങി മീനുകളെ പാറയിടുക്കുകളില്‍ കൊണ്ടുപോയി ഒളിപ്പിച്ചുവെയ്ക്കും. എന്നിട്ട് അവരൊക്കെ പോകുമ്പോള്‍ മുങ്ങി അതെടുക്കും. അന്ന് ആഴങ്ങളിലേക്കു കുതിക്കുമ്പോള്‍ പുഴ തരുന്ന സ്‌നേഹം വല്ലാത്ത അനുഭവംതന്നെ.പുഴപോലെതന്നെ കാടും. കാട്ടിലേക്കിറങ്ങി പോകുന്ന ദിവസങ്ങളായിരിക്കാം കവിതയുണ്ടാക്കിയത്. ഓരോ കുഞ്ഞുജീവികളും പായല്‍ പോലും അത്ഭുതങ്ങളുടെ വലിയ പ്രപഞ്ചം കാണിച്ചുതരും. കാട്ടില്‍ ഒറ്റയ്ക്കു പോകണം. ആരുമില്ലാതെ. കാട് നമ്മുടെ തോളില്‍ കൈയിട്ട് പ്രണയിക്കുന്നതറിയാം.

കാടിനെക്കുറിച്ച് ഓര്‍മ്മ. അപാരമായ പച്ചപ്പുള്ള ഒരു വലിയ ഓര്‍മ്മയാണ്, അത് ഇങ്ങനെ കണ്ണുകള്‍ക്കു മുമ്പില്‍… ചെറുപ്പത്തിലേ പുഴയ്ക്ക് അക്കരെയുള്ള കാട്ടിലേക്കു കാലുകള്‍ നീളുന്നത് അറിയാമായിരുന്നു. പുഴയില്‍ പോകുമ്പോള്‍ പുഴയ്ക്കക്കരെയുള്ള കാടിന്റെ പച്ചക്കൈകള്‍ മാടി വിളിച്ചുകൊണ്ടിരുന്നു. അതീവ സ്‌നേഹവും പേടിയും നിറഞ്ഞ ഏതോ ലോകം. മലപ്പുറം എന്താവും? അല്ലെങ്കില്‍ അതു കഴിഞ്ഞ് വേറെ നാടുകളില്‍ എന്തൊക്കെയുണ്ടാവും? കോട്ടപോലെ നേര്യമംഗലത്തെ ചുറ്റി വളഞ്ഞിരുന്ന വന്‍ മലകള്‍ അത്ഭുതത്തിന്റെ ഉറക്കമറ്റ രാവുകളാക്കി.

വിറകെടുക്കാന്‍ പോകുന്ന ഉമ്മയോടൊപ്പമാണ് ആദ്യമായി കാടിനുള്ളില്‍ പോയത്. ഓര്‍മ്മവയ്ക്കും മുമ്പ്. അന്നത്തെ അബോധ കാഴ്ച്ച പിന്നീട് കവിതയായൊക്കെ വന്നുകാണും! പക്ഷേ, പലതും ഇന്നുമെഴുതാനാവാതെ മനസ്സില്‍ ഇങ്ങനെ ചിതറിക്കിടക്കുന്നുണ്ട്. പിന്നീട് കാടിലൂടെ ഒഴുകി പുഴയിലെത്തുന്ന തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ കണ്ട തെളിഞ്ഞ കാട്…അതൊക്കെ വലിയ പാഠങ്ങളാണ്. ഇന്നും (ഒരിക്കലും) പൂര്‍ത്തിയാവാത്ത വായനപോലെ കാട് അതിന്റെ താളുകള്‍ ദുരൂഹമായി അടച്ചുവെച്ചിരിക്കുന്നു….

തുടര്‍ന്ന് വായിയ്ക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര സന്ദര്‍ശിക്കുക


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>