മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ ജീവിതാനുവങ്ങള്‍ യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും ഇടകലര്‍ത്തിക്കൊണ്ട് അതീവസൂക്ഷ്മതയോടെയാണ് അദ്ദേഹം തന്റെ രചനകളിലൂടെ പകര്‍ത്തിക്കാട്ടിയത്.
സി.വി. ബാലകൃഷ്ണന്റെ കുളിര്, പെറ്റവയറ്, കളിപ്പാട്ടങ്ങള്‍, എവിടെ സൂക്ഷിക്കും? ഉറങ്ങാന്‍ വയ്യ, അവന്‍ ശരീരത്തില്‍ സഹിച്ചു, മക്കള്‍, മാതളനാരകങ്ങള്‍ ഇപ്പോഴും പൂക്കാറുണ്ട്, ശൈത്യം തുടങ്ങിയ 20 കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകളില്‍ സമാഹരിച്ചിരിക്കുന്നത്.ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ അഞ്ചാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
കഥകളില്‍ കലരുന്നത്- സി.വി ബാലകൃഷ്ണന്‍ എഴുതുന്നു
എഴുപതുകളുടെ ആദ്യപകുതിതൊട്ടെഴുതിയ കഥകളില്‍ നിന്ന് സവിശേഷമായ താത്പര്യം തോന്നുന്ന ഏതാനും കഥകള്‍ തിരഞ്ഞെടുക്കുകയെന്നത് എളുപ്പമല്ലതന്നെ. ഏതു കഥയിലൂടെ കണ്ണോടിയ്ക്കുമ്പോഴും ഏതെങ്കിലും വിധത്തിലുള്ള ഓര്‍മ്മയുണരും: സ്ഥലകാലങ്ങളിലൂടെ, അടുത്തിടപഴകിയ വ്യക്തികളുടെ സ്വകാര്യമായ അനുഭവങ്ങളിലൂടെ, കേള്‍വികളിലൂടെ, കാഴ്ചകളുടെ…അങ്ങനെ പലതും.
ചുറ്റുവട്ടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിനിമയം ചെയ്യാനാണ് കഥകളിലൂടെ ഞാനെന്നും ശ്രമിച്ചിട്ടുള്ളത്. ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങള്‍, മുക്കുവച്ചേരികള്‍, ആദിവാസി ഊരുകള്‍ ഇസ്‌ലാമിക മഹല്ലുകള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നിങ്ങനെ ഭിന്ന ജീവിത മേഖലകളിലൂടെ കടന്നുപോകാന്‍ ഇടയായിട്ടുണ്ട്. ഈ യാത്രയില്‍ വ്യഥകളും വ്യഗ്രതകളും കഥകളില്‍ സ്വാഭാവികമായും കലര്‍ന്നുകാണാം.
കഥകളെ വാസ്തവികതയുമായി ബന്ധിപ്പിക്കാതെ കേവലം കഥകളായി കാണുന്നവരുണ്ട്. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒരു കഥ മൂര്‍ത്തയാഥാര്‍ത്ഥ്യമായി മാറിയെന്നുവരാം. അത്തരത്തില്‍ ഒരു അനുഭവം അബുദാബിയിലെ ഒരു സുഹൃത്തിന് ഈയിടെയുണ്ടായി. ഞങ്ങള്‍ പരസ്പരം കാണുന്നതിന് രണ്ടുദിവസം മുമ്പ് അവന്റെ വൃദ്ധയായ അമ്മ വടക്കന്‍ കേരളത്തിലെ നാട്ടിന്‍പുറത്തുനിന്ന് വന്നിരുന്നു. പിറ്റേന്ന് മകന്‍ അമ്മയെ നഗരം കാണിക്കാന്‍ കൊണ്ടുപോയി. ആകാരസൗഷ്ഠവമാര്‍ന്ന അംബരചുംബികള്‍ക്കിടയിലൂടെ കാര്‍ പോയിക്കൊണ്ടിരിക്കെ നഗരക്കാഴ്ചകളിലൊന്നും മനസ്സുറയ്ക്കാതെ അമ്മ പറഞ്ഞത്രെ: എനിക്കിതൊന്നും കാണണംന്നില്ല.വീട്ടില് നിന്റെ മോളേം പറ്റിപ്പിടിച്ച് കെടന്നാമതി.
അതു കേട്ടപ്പോള്‍ മകന്‍ പെട്ടെന്നോര്‍മ്മിച്ചത് മുമ്പെന്നോ വായിച്ചതും മറന്നുപോയെന്ന് കരുതിയതുമായ ഒരു കഥയാണ്. നഗരമധ്യത്തിലെ ഫ്ളാറ്റില്‍ തിരിച്ചെത്തിയപാടെ ലിവിങ് റൂമിലിരുന്ന് അവന്‍ അമ്മയെ അത് പറഞ്ഞുകേള്‍പ്പിച്ചു.
‘കുളിര്’ പ്രസിദ്ധീകരിച്ചുവന്നത് മുപ്പത്തിനാലു വര്‍ഷം മുമ്പാണ്. കാലമൊരുപാടായി. കഥ പക്ഷേ, ഇന്നും സ്പന്ദിക്കുന്നു. ആ തിരിച്ചറിവില്‍ കഥാകാരന് ഉള്ള് നിറയും പോലെയായി. നിനച്ചിരിക്കാതെ കൈവന്ന ആനന്ദം. അതിനിടയിലെപ്പോഴോ അമ്മ മുറിയിലേക്കു വന്നു. ഒരു തേജോരൂപം. മുന്നിലെ സോഫയിലിരുന്നു. ഒന്നും പറഞ്ഞില്ല. എങ്കിലും എന്തോ ഉരുവിടുന്നതായി എനിക്കുതോന്നു. കഥ ജീവിതംപോലെയാണെന്നോ? അതോ ജീവിതം കഥ പോലെയാണെന്നോ?