മിത്തുകള്‍ സംസ്‌കാരത്തിന്റെയും ഭാഷയുടെയും അടിസ്ഥാനമൂല്യങ്ങളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍. തലമുറകളുടെ പ്രവാഹത്തില്‍ മിത്തുകള്‍ സൃഷ്ടിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുകയാണ്. മലയാളകഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെടുന്ന മിത്തുകള്‍’ എന്ന വിഷയത്തില്‍ എഴുത്തുകാരായ യു.കെ.കുമാരനും കെ.വി.മോഹന്‍കുമാറും സന്തോഷ് ഏച്ചിക്കാനും പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു മിത്തുകളെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടന്നത്.
ഒരു ജനതയുടെ വിശ്വാസമാണ് മിത്തുകള്‍. യുക്തിയും യാഥാര്‍ത്ഥ്യവും ഇല്ലാതെയാണ് മിത്തുകള്‍ സ്വീകരിക്കപ്പെടുന്നത്. പ്രാദേശികമായ സാംസ്‌കാരികതനിമയുടെ ഭാഗം കൂടിയാണ് മിത്തുകള്‍. കുട്ടിക്കാലത്ത് കേട്ടിട്ടുള്ള മുത്തശ്ശിക്കഥകളിലൂടെയാണ് മിത്തുകളുമായുള്ള നമ്മുടെ ആദ്യപരിചയം. വിസ്തൃതമായ ഭൂവിഭാഗത്തിന്റെ വിശ്വാസമായി മിത്തുകള്‍ മാറുമ്പോള്‍ അവ സാംസ്‌കാരികസമ്പത്തിന്റെ അടിത്തറയായി മാറുകയാണെന്ന് യു.കെ.കുമാരന്‍ അഭിപ്രായപ്പെട്ടു.
സമീപകാലസംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ച കെ.വി.മോഹന്‍കുമാര്‍ ബുദ്ധവിഹാരങ്ങള്‍ക്ക് കേരളത്തിലുണ്ടായ തകര്‍ച്ച എങ്ങനെയാണ് പുതിയ മിത്തുകളെ സൃഷ്ടിച്ചതെന്ന് വിവരിച്ചു. ശബരിമലയിലെ അയ്യപ്പസങ്കല്പം മിത്തായി മാറിയതിന് പിന്നില്‍ ബുദ്ധമതത്തിന്റെ തകര്‍ച്ചയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതീപ്രവേശം അനുവദിക്കപ്പെട്ടിരുന്നെന്ന് തെളിവുകളുള്ള ശബരിമല പില്‍ക്കാലത്ത് യുവതിക്കള്‍ക്ക് പ്രവേശിക്കാനാകാത്തയിടമായതിന് പിന്നില്‍ മിത്തിന്റെ രൂപകല്പനയുണ്ട്. സുരക്ഷിതത്വത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ട നിയന്ത്രണങ്ങള്‍ അയ്യപ്പനെന്ന മിത്തിന്റെ അവകാശസംരക്ഷണമായിത്തീരുകയാണ് ചെയ്തത്. താലപ്പൊലിയെന്ന ആചാരം എങ്ങനെയാണ് മഹത്വവത്ക്കരിക്കപ്പെട്ടതെന്ന് അദ്ദേഹം വിവരിച്ചു. ബുദ്ധഭിക്ഷുക്കളെ രാത്രിയുടെ മറവില്‍ പന്തങ്ങളുമായി ചെന്ന് തല വെട്ടിയെടുത്ത് താലത്തില്‍ വച്ച് നടത്തിയിരുന്ന ഘോഷയാത്രയാണ് താലപ്പൊലിയായി മാറിയത്.ശ്രീകൃഷ്ണനെന്ന മിത്ത് മഹാഭാരതത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ സാംഗത്യം സന്തോഷ് ഏച്ചിക്കാനം വിവരിച്ചു.
ഷാര്‍ജ അന്താരാഷ്ട്രപുസ്ത മേളയുടെ ഭാഗമായി ഇന്റലക്ച്വല്‍ ഹാളില്‍ വെച്ചായിരുന്നു സംവാദം.