വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നല്‍കിയ അനുഭവങ്ങളുമൊക്കയാണ് അദ്ദേഹത്തിന്റെ കഥകളുടേയും ഭൂമിക.
എഴുതിയ കാലക്രമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ കഥകളില്‍ അദ്ദേഹത്തിന്റെ അതാത് കാലത്തെ ചിന്താപദ്ധതികളുടെ പ്രതിഫലനവും കാണാം. യുത്തനേസിയ, പെണ്മാറാട്ടം, ഇഎംഎസ്സും പെണ്‍കുട്ടിയും എന്നിങ്ങനെ മൂന്ന് സമാഹാരങ്ങളിലായി പ്രസിദ്ധീകരിച്ച കഥകളും സമാഹരിക്കാത്ത കഥകളും ചേര്‍ന്ന പുസ്തകമാണ് കഥകള്‍ ബെന്യാമിന്‍. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള്‍ ബെന്യാമിന്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകത. പരാജയപ്പെട്ട കഥകളും വിജയിച്ച കഥകളും ഇതിലുണ്ട്.
ബെന്യാമിന്‍ ആദ്യം എഴുതിയ ‘ശത്രു’ എന്ന കഥ മുതലാണ് പുസ്തകം ആരംഭിക്കുന്നത്. നസ്രാണി ജിഹാദ് എന്ന കഥ പത്തുഭാഗങ്ങളായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച് തുടങ്ങിയിട്ട് മൂന്ന് ഭാഗങ്ങളായപ്പോള്‍ നിന്നു പോയതാണ്. ചെരാത് സാഹിത്യവേദിയുടെ കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ‘ബ്രേക്ക് ന്യൂസ്’, കൈരളി ടിവി ചെറുകഥാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ‘പെണ്മാറാട്ടം’, ഏറെ പ്രശസ്തമായ’ ഇഎംഎസ്സും പെണ്‍കുട്ടിയും’, ഖസാക്കിന്റെ ഇതിഹാസത്തിന്റെ തുടര്‍ച്ചയെന്നോണം ഖസാക്കില്‍ ഏകാധ്യാപക കമ്പ്യൂട്ടര്‍ വിദ്യാലയം തുടങ്ങാനെത്തുന്ന രവിയെക്കുറിച്ച് രചിച്ച’ ഖസാക്കിലേക്ക് വീണ്ടും’ തുടങ്ങിയവ അടക്കം 37 കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
എഴുതപ്പെട്ട കഥകള്‍ ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര്‍ പലപ്പോഴും പല കാരണങ്ങളാല്‍ അതില്‍ ചിലത് ഒഴിവാക്കാറുണ്ട്. താന്‍ ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും, പ്രേരണയാല്‍ ധൃതി കൂടി മോശമായതും, വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്‌കരണത്തിന് കാരണമാവും. എന്നാല്‍ കഥകള്‍ ബെന്യാമിന്‍ എന്ന പുസ്തകത്തിലൂടെ ബെന്യാമിന്‍ ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില്‍ ഉപേക്ഷിച്ചതും പൂര്‍ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്‍ഷത്തെ കഥാജീവിതം സമ്പൂര്‍ണ്ണമായി വായനക്കാര്‍ക്കു മുമ്പില്‍ തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്.
2013 -ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ എട്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.