Image may be NSFW.
Clik here to view.
ചരിത്രം വളരെ രസകരമായ ഒരു വിജ്ഞാന മേഖലയാണ്- ഒരുപക്ഷെ മനുഷ്യരാശിയുടെ ഏറ്റവും പഴക്കമാര്‍ന്ന വിജ്ഞാന മേഖല. മുന്‍പ് സംഭവിച്ച കാര്യങ്ങളുടെ വിശദീകരണവും അപഗ്രഥനവും ആഖ്യാനവുമാണ് ചരിത്രം എന്നാണ് പൊതുവെ ധാരണ. സര്‍വ്വശക്തനായ ഒരു സ്രഷ്ടാവ് ഉണ്ടെങ്കില്‍പോലും ആ സര്‍വ്വശക്തന് സംഭവിച്ച കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെ ചരിത്രരചനയില്‍ ഓരോ കാലഘട്ടത്തിനും വന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളും വൈവിധ്യങ്ങളും എങ്ങനെ സംഭവിച്ചു എന്നത് ചിന്തനീയമാണ്.
അതിപ്രാചീന ചരിത്രങ്ങള്‍ മിത്തുകളും പുരാണങ്ങളുമായി ആദ്യം വാമൊഴിയായും പിന്നീട് വരമൊഴിയായും ആണ് പ്രചരിക്കാന്‍ തുടങ്ങിയത്. ഹോമറുടെ ഇലിയഡും ഒഡീസിയും ഭാരതത്തിന്റെ പുരാണേതിഹാസങ്ങളുമെല്ലാം അതത് കാലത്തെ ജനതയ്ക്ക് അവരുടെ പൂര്‍വ്വികരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വിശ്വാസങ്ങളെയും പറ്റി അറിയാന്‍ സഹായിക്കുന്ന ചരിത്രത്തിന്റെ പ്രാകൃത രൂപങ്ങളാണ്. അവ നല്‍കുന്ന സ്വത്വ ബോധവും മൂല്യവ്യവസ്ഥയും പില്‍ക്കാലതലമുറകള്‍ക്ക് സംസ്‌കാരം പ്രദാനം ചെയ്യുന്നു. ഈ ചരിത്രബോധമാണ് മനുഷ്യനെ സംസ്‌കാരമുള്ള ഒരു ജീവിയാക്കുന്നത്. പൂര്‍വ്വികരെപ്പറ്റി ബോധമില്ലാത്തവര്‍ മനുഷ്യത്വം എന്ന വിശേഷണത്തിന് അര്‍ഹരല്ല.
Image may be NSFW.
Clik here to view.മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളിലെല്ലാം ഒന്നുചേരുന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥ പറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷം ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മ ചരിത്രമാണ്. അവിടെയാണ് കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍ എന്ന ഈ പുസ്തകത്തിലെ പ്രാദേശിക ചരിത്രപഠനങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉള്‍വഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഇവിടെ ചരിത്രം പൊതുചരിത്രമല്ല, നിങ്ങളുടെ വീടിന്റെയും നാടിന്റെയും കൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളില്‍ നടന്ന പ്രാദേശിക ചരിത്രാന്വേഷണങ്ങളുടെ ആദ്യ സമാഹാരമാണ് കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍. ചരിത്രപണ്ഡിതരായ ഡോ. എന്‍.എം നമ്പൂതിരിയും പി.കെ ശിവദാസുമാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കൃതിയുടെ നാലാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഓരോ വായനക്കാരനെയും ഈ പുസ്തകം സ്വന്തം നാടിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കും, പഠിപ്പിക്കും!