മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന അദ്ദേഹത്തിന്റെ കഥകള്‍ പൂര്‍വ്വമാതൃകകളില്ലാത്തവയാണ്. ചലച്ചിത്രപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ലീല, ഒഴിവുദിവസത്തെ കളി, ആലീസിന്റെ അത്ഭുതലോകം, ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍, കാളിനാടകം, ആനന്ദമാര്‍ഗം തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന 25 കഥകള്‍ ഉള്‍പ്പെടുത്തിയ സമാഹാരമാണ് കഥകള്‍: ഉണ്ണി ആര്‍. 2012-ല്‍ പ്രസിദ്ധീകരിച്ച കഥകള്‍; ഉണ്ണി ആര്‍ എന്ന പുസ്തകത്തിന്റെ 14-ാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ രാജാവും മന്ത്രിയും കള്ളനും പൊലീസും കളിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ രാജാവായി സ്വയം അവരോധിക്കുകയും കള്ളനായി കളിക്കുന്നവനെ കൊല്ലുകയും ചെയ്യുന്ന കഥയാണ് ‘ഒഴിവുദിവസത്തെ കളി’. നാഗരിക ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന ഹിംസയുടെയും അധികാരമോഹങ്ങളുടെയും അടയാളങ്ങള്‍ ഈ കഥയില്‍ കാണാം. ഈ കഥയെ ആസ്പദമാക്കി സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കിയ സിനിമയെ 2015-ലെ ഏറ്റവും മികച്ച ചിത്രമായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു.
കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്നാഗ്രഹിക്കുന്ന കുട്ടിയപ്പന്റെ കഥയാണ് ‘ലീല’. പറ്റിയ കൊമ്പനെയും പെണ്ണിനെയും അന്വേഷിച്ചു നടക്കുന്ന കുട്ടിയപ്പനെ ചിത്രീകരിക്കുമ്പോള്‍ മനുഷ്യസ്വഭാവത്തിലെ നിഗൂഢതയിലേക്കും അതിന്റെ വൈകൃതങ്ങളിലേക്കുമാണ് ഹാസ്യാത്മകമായി വിരല്‍ ചൂണ്ടുന്നത്. ഒരുപാട് അന്വേഷണങ്ങള്‍ക്കു ശേഷം അയാള്‍ക്ക് ലഭിക്കുന്ന, കൗമാരം വിട്ടിട്ടില്ലാത്ത ലീലയെന്ന പെണ്‍കുട്ടി വായനക്കൊടുവില്‍ നോവായി അവശേഷിക്കുന്നു.
കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞ് എന്നയാളുടെ കഥയാണ് ഏറെ പ്രശസ്തമായ ‘കോട്ടയം 17’. അയാളും ഭാര്യയും ഒരു മകനെപ്പോലെ തിരുരൂപത്തെ ഒരു രാത്രി ഓമനിച്ചു. പള്ളിവിലക്കായിരുന്നു അതിന്റെ ഫലം. എന്നാല്‍ അനന്തമായ കാരുണ്യത്തിന്റെ കൈകള്‍ കുഞ്ഞിലേക്ക് നീളുന്നുണ്ടായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും ലൈഗിക വ്യാപാരത്തിനുപയോഗിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന വ്യവസ്ഥിതിക്കു നേരേ വിരല്‍ ചൂണ്ടുന്ന കഥയാണ് ‘ആലീസിന്റെ അത്ഭുതലോകം’. ബാദുഷ എന്ന വൃദ്ധന്‍ കാരണമൊന്നുമില്ലാതെ പോലീസുകാരാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന കഥയാണ് ‘ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍’. മധ്യവയസിന്റെ തീരാനോവുകള്‍ക്കിടയിലും നഷ്ടപ്പെട്ട സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമമാണ് ‘ആനന്ദമാര്‍ഗം’ എന്ന കഥ. ഈ ലോകം നേരിടുന്ന അനുഭവസമസ്യകളെ തന്നെയാണ് 2012 വരെ അദ്ദേഹം രചിച്ച ഈ 25 കഥകളിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നത്.
‘കോട്ടയം 17’ലൂടെ ഉണ്ണിയ്ക്ക് അബുദാബി ശക്തി അവാര്‍ഡും അയനം സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ‘ഒഴിവു ദിവസത്തെ കളി’യ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റും അങ്കണം ഇ.പി.സുഷമ എന്‍ഡോവ്‌മെന്റും തോമസ് മുണ്ടശേരി പുരസ്‌കാരവും ലഭിച്ചു. ‘കാളിനാടകം’ എന്ന സമാഹാരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.