എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ നിര്‍ണ്ണയിക്കുവാനും ചരിത്രപഠനം നമ്മെ സഹായിക്കുന്നു. ഗതകാലസത്യങ്ങളെ തമസ്‌കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രത്തെ നിര്‍മ്മിക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ പ്രൊഫ. എ.ശ്രീധരമേനോന്റെ ‘കേരള ചരിത്രം‘ എന്ന പുസ്തകം ഏറെ സമകാലിക പ്രസക്തിയുള്ളതാണ്.
ഇന്ത്യയുടെ സാമാന്യ ചരിത്രത്തിന്റെ ഒരു ഭാഗമാണ് കേരളത്തിന്റെ ചരിത്രം. കേരളത്തിന്റെ സംസ്‌കാരമാകട്ടെ ഭാരതീയ സംസ്‌കാരത്തെ സമ്പന്നമാക്കിപ്പോന്ന മുഖ്യധാരകളില്‍ ഒന്നും. എന്നാല്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും സ്വതന്ത്രമായ ഒരസ്തിത്വം അതിപ്രാചീനകാലം മുതലേ കേരളം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ള സവിശേഷത തന്നെയാവണം ഇതിന് കാരണം.
കേരള ചരിത്രത്തിലെ പ്രാചീനകാലം, മധ്യകാലം, ആധുനിക കാലം എന്നീ മൂന്നു ഘട്ടങ്ങളും ‘കേരള ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ തുല്യപ്രാധാന്യത്തോടെ വിവരിക്കുന്നു. കേരളചരിത്ര സാമഗ്രികള്‍, ചരിത്രാതീതകാലഘട്ടം, ആദ്യകാല വിദേശബന്ധങ്ങള്‍, സംഘകാലത്തെ കേരളം, ചെറു നാട്ടുരാജ്യങ്ങള്‍, പോര്‍ച്ചുഗീസ് കാലഘട്ടം, ഡച്ചു കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സാഹിത്യവും കലകളും എന്നിവയെപ്പറ്റിയെല്ലാം പുസ്തകത്തില്‍ വിശദമായി വിവരിക്കുന്നു.
ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരു പോലെ ഗുണകരമായിരിക്കും. 1967ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് ഇറങ്ങുന്നത് 2007ലാണ്. പ്രത്യയശാസ്ത്ര കാര്‍ക്കശ്യങ്ങളും മുന്‍വിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം വായനക്കാര്‍ക്ക് എന്നും ഒരു അമൂല്യസമ്പത്തായിരിക്കും.