മലയാള സാഹിത്യത്തിലെ ശ്രദ്ധേയ കൃതികളെയും എഴുത്തുകാരെയും കുറിച്ചുള്ള സജയ് കെ.വി.യുടെ ലേഖനങ്ങളുടെ സമാഹാരമാണ് അടക്കവും അനക്കവും. സര്‍ഗ്ഗാത്മക സാഹിത്യത്തെ ഹൃദയാകര്‍ഷകവും കാലികവുമാക്കുന്ന നിരൂപണ പഠനങ്ങളാണ് ഈ കൃതിയില്‍. പാഠത്തിന്റെ ശലഭകോശങ്ങള്‍ക്കുള്ളില്‍ ‘അടങ്ങി’യിരിക്കുന്ന അര്‍ത്ഥം പൂമ്പാറ്റച്ചിറകനക്കി പറന്നുയരുന്നതും ഒപ്പം സാഹിത്യകൃതിയുടെ സൗന്ദര്യധര്‍മ്മങ്ങളും ആദര്‍ശസംസ്‌കാരങ്ങളും തുറന്നുകാട്ടുന്നു ഈ നിരൂപണഗ്രന്ഥം. സൈദ്ധാന്തികമായ അപഗ്രഥനത്തോടൊപ്പം പ്രകൃതി-സാമൂഹിക ശാസ്ത്രം- തത്വചിന്ത എന്നിവയോടു ചേര്‍ത്തുള്ള വായനയാണ് ഈ പഠനങ്ങളെ വ്യത്യസ്തമാക്കുന്നത്.
കുമാരനാശാന്‍, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്, പി.കുഞ്ഞിരാമന്‍ നായര്‍, വി.ടി കുമാരന്‍, അയ്യപ്പപ്പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി.വിനയചന്ദ്രന്‍, ടി.പി രാജീവന്‍, എസ്. ജോസഫ്, റഫീഖ് അഹമ്മദ്, വീരാന്‍കുട്ടി, അനിത തമ്പി, കെ.ആര്‍.ടോണി, പി.രാമന്‍, അന്‍വര്‍ അലി തുടങ്ങിയവരിലൂടെ വളര്‍ന്നു പന്തലിക്കുന്ന മലയാള കവിതയുടെ സൗന്ദര്യശാസ്ത്രവും ദലിത്-സ്ത്രീ-പാരിസ്ഥിതിക ഭാവുകത്വവും സുവ്യക്തമായി ഈ കൃതിയില്‍ രേഖപ്പെടുത്തുന്നു. ഒപ്പം വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, എം.ടി, ടി.പത്മനാഭന്‍, എം.സുകുമാരന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, വി.ആര്‍ സുധീഷ്, സുഭാഷ് ചന്ദ്രന്‍, പി.എഫ് മാത്യൂസ് തുടങ്ങി എസ്. ഹരീഷ് വരെ നീളുന്ന, പുതുവിഹായസ്സിലേക്കു പറന്നുയരുന്ന നോവല്‍-കഥാസാഹിത്യത്തിന്റെ ഗതിയെക്കുറിച്ചുമുള്ള പ്രസക്തമായ ലേഖനങ്ങളാണ് ഈ കൃതിയില്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സജയ് കെ.വി.യുടെ അടക്കവും അനക്കവും ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
ഈ കൃതിക്ക് സജയ് കെ.വി എഴുതിയ മുഖവുരയില്‍ നിന്നും
സമീപവര്‍ഷങ്ങില്‍ പലപ്പോഴായി, എഴുതിയ നിരൂപണ ലേഖനങ്ങളുടെ സമാഹാരമാണിത്. എന്റെ വായനയുടെ താത്പര്യങ്ങളിനെന്ന പോലെ കവിതയ്ക്കു തന്നെയാണ് ഈ പുസ്തകത്തിലും മുന്‍തൂക്കം. കുമാരനാശാന്‍ മുതല്‍ പുതിയ കവികള്‍ വരെ ആലോചനാവിഷയമാകുന്ന ലേഖനങ്ങള്‍. ആര്‍.വിശ്വനാഥന്റെ ‘ശിഥിലയാമ’വും പി.രവികുമാറിന്റെ ‘എം.ഡി രാമനാഥ’നും പോലെ പരക്കെ വായിക്കപ്പെടാത്ത ചില കൃതികളെ അടുത്തുകാണാനായി എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. മലയാള കവിതയില്‍ ആവര്‍ത്തിച്ചു കടന്നുവരുന്ന ചില പ്രമേയധാരകളുടെ അടിസ്ഥാനത്തില്‍ ആ കവിതകളെ ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കുന്നത് രണ്ടാം ഭാഗത്തിലെ ലേഖനങ്ങളില്‍.മഴയും പച്ചപ്പും ഓണവും കടലുമെല്ലാം മുഴുവന്‍ മലയാളികളുടെയും അനുഭവലോകത്തിന്റെയും ഭാഗമാണ്. അതിനാല്‍ അവയുടെ കവിതയിലെ സാന്നിധ്യം ചര്‍ച്ച ചെയ്യപ്പെടുന്നു. മലയാള കവിതയിലെ ഗാന്ധി ചൈതന്യവും രാമായണ ഭാവനയുമൊക്കെയാണ് മറ്റു ചില ലേഖനങ്ങളുടെ വിഷയം; രോഗം കവിതയിലെഴുതപ്പെടുന്നതെങ്ങനെ എന്നാണ് ഇനിയും വേറൊരു ലേഖനം അന്വേഷിക്കുന്നത്. എത്ര വേണമെങ്കിലും വളര്‍ത്തിയെടുക്കാവുന്ന കുറിപ്പുകളാണവ. കുറിയ, കുറുകിയ, എഴുത്തിന്റെ ശീലം അവയെ ഇങ്ങനെയാക്കി. ഏതാനും ചില ചെറുകഥാനോവല്‍ പഠനങ്ങളാണ് പിന്നീടു വരുന്നത്. എം.ടി.യോടൊപ്പം പി.എഫ്. മാത്യൂസും ബഷീറിനും കാരൂരിനുമൊപ്പം എസ്. ഹരീഷും വായിക്കപ്പെടുന്നു. ‘പ്രതിമയും രാജകുമാരിയും’ എഴുതിയപ്പോള്‍ ഇഷ്ടം ഇരട്ടിച്ച പി. പത്മരാജനെയും അവരോടു ചേര്‍ക്കുന്നു.
ഒരിക്കല്‍ പുസ്തകമായിത്തീരും എന്ന സുനിശ്ചിതത്വത്തോടെ എഴുതപ്പെട്ടവയല്ല, ഈ ലേഖനങ്ങളൊന്നും. നക്ഷത്രങ്ങളുടെ ആകസ്മികവിന്യാസം താരാപഥമാകുന്നതു പോലെയേ ഉള്ളൂ അത്. ഭാഷയില്‍ രമിച്ചും ലയിച്ചും എഴുതിയ ലേഖനങ്ങളാണിവ; അലങ്കാരഭാരമില്ലാത്ത ഓജസ്സുറ്റ ഗദ്യമെഴുതാനാവണമെന്ന പ്രാര്‍ത്ഥനയുടെ ഭാഗികമോ അപൂര്‍ണ്ണമോ ആയ നിറവേറ്റലുകള്‍.
വിമര്‍ശകനായ ആര്‍.വിശ്വനാഥനെക്കുറിച്ചാണ് ഈ പുസ്തകത്തിലെ അവസാന ലേഖനം. ആര്‍.വിയുടേതുപോലൊരു നിസ്പൃഹമാര്‍ഗ്ഗത്തിലൂടെ വസന്തത്തിന്റെ ‘കാലടിമണം’ നുകര്‍ന്നു സഞ്ചരിക്കാന്‍ എനിക്കും ഇഷ്ടം. നിരൂപണഗദ്യത്തിന്റെ കലയിലേക്ക് എന്നെ ആകര്‍ഷിച്ചടുപ്പിച്ച വേറെയും ചില എഴുത്തുകാര്‍, സമകാലത്തിലും സമീപഭൂതകാലത്തിലുമുണ്ട്. അവരോടുള്ള ആദരവും സ്‌നേഹവും ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്, എന്നെ തുടരാനനുവദിക്കുന്ന വായനക്കാര്‍ക്കായി ഈ പുസ്തകം സമര്‍പ്പിക്കുന്നു. എഴുത്തില്‍ ‘അടങ്ങി’യിരിക്കുന്നവയെ വായനയിലൂടെ അനക്കം കൊള്ളിക്കലാണ് നിരൂപകദൗത്യം എന്ന വിനീതബോധ്യത്തോടെ.
സജയ് കെ.വി