കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വാക്ക് വേദിയില്‍ കെ. സച്ചിദാനന്ദന്‍ ആമുഖം നല്‍കിയ മറാത്തി ദളിത് സാഹിത്യം എന്ന വിഷയത്തെക്കുറിച്ച് രാഹുല്‍ കൊസാംബി സംസാരിച്ചു. ശക്തമായ ഭാഷയില്‍ ആശയങ്ങള്‍ തുറന്നടിക്കാന്‍ സാധിക്കുന്ന ദളിത് സാഹിത്യത്തിന്റെ ഈറ്റില്ലമാണ് മറാത്തി സാഹിത്യമെന്നും ദളിത് സാഹിത്യത്തിന്റെ പിതാവായി കാണുന്നത് അംബേദ്കറിനെ ആണെന്നും രാഹുല്‍ കൊസാംബി അഭിപ്രായപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട ദളിത് സമൂഹം പ്രതിഷേധം തുറന്നടിക്കുന്നത് സാഹിത്യത്തിലൂടെയാണ്. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങളുടെ അനുഭവ തീവ്രത, ദളിത് ദിശാബോധം, ദളിത് വിമോചനത്തിന്റെ അനിവാര്യത തുടങ്ങിയ ഘടകങ്ങള്‍ ആണ് ദളിതരുടെ രചനകളിലും ദളിത് പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയവര്‍ അവര്‍ക്കായി എഴുതുന്ന രചനകളിലും ഉണ്ടായിരുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജാതീയ അസമത്വങ്ങളെ ഇല്ലാതാക്കി സാമൂഹ്യ പരിഷ്‌കരണം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒളിവും മറയുമില്ലാത്ത രചനയാണ് മറാത്തി ദളിത് സാഹിത്യം.
↧