മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂര്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ആത്മകഥയാണ് ഹൃദയരാഗങ്ങള്‍. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍ ഇതില്‍ പറയുന്നു. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളും അവ തന്ന ഏതുതരം അനുഭവങ്ങളും പ്രസാദാത്മകമാകുന്നു. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആത്മകഥ.
ആത്മകഥയുടെ ആമുഖമായി ജോര്‍ജ് ഓണക്കൂര്‍ കുറിക്കുന്നു…
“ആത്മകഥ എഴുതുക ശരിക്കും ഒരു വെല്ലുവിളിയാണ്. അതില്‍ സത്യമാണ് പ്രധാനം. പക്ഷേ, എല്ലാ സത്യങ്ങളും രേഖപ്പെടുത്താനാകുമോ? അപ്രിയമായവ മറച്ചു പിടിക്കേണ്ടി വരും. അത് രചനയുടെ നിറം കെടുത്തും; അവിശ്വസനീയത സൃഷ്ടിക്കും. അതേസമയം യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് പിന്‍വാങ്ങാനും കഴിയില്ല. അത് ആത്മാവിന്റെ അനുശാസനങ്ങള്‍ക്ക് വിരോധമാണ്.
ഒട്ടേറെ വിവിധ സഞ്ചാരപഥങ്ങള്‍ പിന്നിട്ട ഒരാളാണ് ഇത് എഴുതുന്നത്; വളരെ ചെറുപ്പത്തിലേ സജീവമായിത്തീര്‍ന്ന ജീവിതം; അതിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. ആത്മകഥ എന്ന വിശേഷണത്തിനു താഴെ വ്യക്ത്യനുഭവങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായിത്തന്നെ ഉണ്ട്; പിന്നിട്ട ജീവിതസമരങ്ങള്‍, തകര്‍ന്നുപോയി എന്നു തീര്‍ച്ചയായ ജീവിതഘട്ടങ്ങള്‍, ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഗൂഢശക്തികള്‍.
പക്ഷേ വിനയത്തോടെ ആശ്വസിക്കുന്നു; അഭിമാനിക്കുന്നു. വീണു എങ്കിലും വേഗത്തില്‍ എഴുന്നേറ്റു; നേരെ തലയുയര്‍ത്തി നിലകൊണ്ടു. നട്ടെല്ലു വളഞ്ഞിട്ടില്ല. ഉയരം കുറഞ്ഞിട്ടില്ല, ഇതുവരെ. സ്വന്തം മിടുക്കല്ല. ഗുരുവിന്റെ കരസ്പര്‍ശം മുന്നോട്ടു നയിച്ചു; വഴിയില്‍ വെളിച്ചമുണ്ടായിരുന്നു; കാലുകള്‍ ഇടറുകയില്ല. …”
നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യവിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോര്‍ജ് ഓണക്കൂരിന്റെ ആത്മകഥ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൃദയരാഗങ്ങളുടെ ആദ്യ പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.