നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ചിന്തകന്‍ കൂടിയായ ആനന്ദ് നോവലുകളിലായാലും കഥകളിലായാലും തന്റെ ചരിത്ര ദര്‍ശനം അവതരിപ്പിക്കന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ ചരിത്രത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത് എന്നുപറയേണ്ടിവരും. മനുഷ്യന്റെ ദുരന്തത്തെപ്പറ്റിയും അവന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥത്തെപ്പറ്റിയുമുളള സമസ്യകളില്‍ അവ എത്തി നില്‍ക്കാറുണ്ട്. ആനന്ദിന്റെ തിരഞ്ഞെടുത്ത 11 കഥകളുടെ സമാഹാരം എന്റെ പ്രിയപ്പെട്ട കഥകള്‍- ആനന്ദ് എന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.
പൂജ്യം, ഗംഗയിലെ പാലം, കീടകോശം, ബന്ധനം, കാട്ടുതീ, വിജയസ്തംഭം, അംഗഭംഗം, അളവുകള്‍, ആറാമത്തെ വിരല്‍,കബാഡി, മീര എന്നീ കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകള്‍- ആനന്ദ് എന്ന സമാഹാരത്തിലുള്ളത്.
‘എന്റെ പ്രിയപ്പെട്ടകഥകള്‍’ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ആനന്ദിന്റെ പ്രിയപ്പെട്ട കഥകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് വിപണിയിലുള്ളത്.