മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ ചിന്തിക്കുന്ന ഗായികയുടെ മധുരശബ്ദം മുത്തുച്ചിപ്പി മുതലുള്ള എല്ലാ കവിതാസമാഹാരങ്ങളിലൂടെയും നമുക്കു കേള്‍ക്കാം.
1982- ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍ പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ച കൃതിയാണ് അമ്പലമണി. അമ്പലമണിയുടെ ആദ്യ പതിപ്പ് പുറത്തുവരുന്നത് 1981-ലാണ്. അടുത്ത പതിപ്പ് 1983-ലും പുറത്തുവന്നു. രണ്ടു പതിപ്പുകളും സുഗതകുമാരി തന്നെ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. മൂന്നാം പതിപ്പുമുതല്‍ ഡി.സി. ബുക്‌സാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിവരുന്നത്. ഇപ്പോള്‍ പുസ്തകത്തിന്റെ 21-ാമത് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.
“മുന്‍ തലമുറയിലെ ശക്തിമാന്മാരായ കവികളോട് ആദരാരാധനകളേ ഉണ്ടാകാറുള്ളു. ഏറ്റവുമധികം അസൂയ തോന്നിയിട്ടുള്ളത് സമകാലികരില്‍ സുഗതകുമാരിയോടാണ്. അത് മറ്റൊന്നുകൊണ്ടുമാവാന്‍ തരമില്ല- എനിക്ക് കവിതയിലൂടെ ആവിഷ്‌കരിക്കാന്‍ കഴിയാത്ത സ്വാനുഭൂതികളെ സുഗതകുമാരി അത്രയേറെ ആകര്‍ഷകമായി അവതരിപ്പിക്കുന്നതുകൊണ്ടാവണം. സമാനധര്‍മാവിന്റെ ആത്മീയ സൗഹൃദം തന്നെയാവണം കാന്തിമത്തായ ആ കവിതാകാന്തമണ്ഡലത്തിലേക്കെന്നെ ബലാദാകര്‍ഷിക്കുന്നത്. ആ ബലരേഖകള്‍ക്കൊത്ത് സ്വാത്മാവിന്റെ ഓരോ തരിയും നിരക്കുമ്പോള്‍ അസൂയ അത്ഭുതത്തിനും ആദരവിനും അലിവിനും വഴിമാറിക്കൊടുക്കുന്നു. അപ്പോള്‍ കുമ്പസാരത്തിന്റെ ആവശ്യമില്ലാതാവുന്നു”.- എന്ന് അവതാരികയില്‍ എം. ലീലാവതി കുറിച്ചിരിക്കുന്നു.