മാതൃത്വത്തിന്റെ വിശ്വോത്തരഗായിക എന്നും പുകള്‍പെറ്റ കവയിത്രിയാണ് ബാലാമണിയമ്മ. സ്വയം പഠിച്ചും നിരീക്ഷിച്ചറിഞ്ഞും പരീക്ഷിച്ചുറപ്പിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയ കലാകാരിയാണവര്‍. സ്ത്രീസ്വത്വ നിര്‍മ്മിതിയില്‍ പൂര്‍വ്വരായ മറ്റൊരാള്‍ക്കും പൂകാനാകാത്ത ഔന്നത്യം പ്രാപിക്കാന്‍ ബാലാമണിയമ്മയ്ക്കു കഴിഞ്ഞു. കവി എന്ന പൊതുവ്യക്തിത്വം ചാര്‍ത്തിക്കിട്ടിയ ആദ്യത്തെ മലയാളിവനിതയുമാണിവര്‍. പരിമിതമായ ഔപചാരികമായ വിദ്യാഭ്യാസം, വളരെ നേരത്തെ കൈവന്ന കുടുംബിനിയുടെ ഉത്തരവാദിത്വം, അപരിചിത ഭാഷ സംസാരിക്കുന്ന വിദൂരനഗരവാസം എന്നിങ്ങനെ അനേകം പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ നിയുക്തയായി കേരളത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ഈ ഗ്രാമീണവനിത.
പക്ഷേ, തന്നെ തുറിച്ചുനോക്കുന്ന പരിമിതിയേയും പരാധീനതയേയും കണ്ടുനടുങ്ങാനോ അവയ്ക്കുമുന്നില്‍ കീഴടങ്ങാനോ അവയില്‍നിന്ന് ഓടി അകലാനോ ആ യുവതി ശ്രമിച്ചില്ല. അവയെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിച്ച് അതിജീവിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി മുന്നോട്ടു പോകാന്‍ തന്നെ അവര്‍ തീരുമാനിച്ചുറച്ചു. സ്ത്രീസ്വത്വത്തില്‍ അന്തര്‍ലീനമായ സഹജാവബോധവും അതിജീവനശേഷിയും പരമ്പരാപ്രാപ്തമായ സാംസ്‌കാരികാവബോധവുമാണ് അതിനവരെ സഹായിച്ചത്. അതിന്റെ ഫലമായി ബാലാമണിയമ്മ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സമുന്നതമായ സ്ത്രീവ്യക്തിത്വങ്ങളിലൊന്നിനുടമയായി; മലയാളത്തിലെ കവയിത്രികളുടെ കൂട്ടത്തില്‍നിന്ന് കവിയായി എണ്ണപ്പെട്ട ആദ്യത്തെ എഴുത്തുകാരിയുമായി.
പി.കെ.പരമേശ്വരന്‍ നായര്‍ സ്മാരകഗ്രന്ഥാവലിയുടെ ആഭിമുഖ്യത്തില്‍ ബാലാമണിയമ്മയുടെ കവിതകളെ കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തിലെ പ്രബന്ധങ്ങളാണ് ബാലാമണിയമ്മ പഠനങ്ങള്‍ എന്ന കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡോ.അനില്‍ വള്ളത്തോള്‍, ഡോ.സി.ഗണേഷ്, സുലോചന നാലപ്പാട്ട്, ഡോ.ആര്‍സു, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ഡോ.സുവര്‍ണ്ണ നാലപ്പാട്ട്, എം.എം സചീന്ദ്രന്‍, ഡോ.രതി മേനോന്‍, ഡോ.ഡി.ബഞ്ചമിന്‍, എ.ബി. രഘുനാഥന്‍ നായര്‍, പി.നാരായണക്കുറുപ്പ്, ആത്മാരാമന്‍, ഡോ.വി.രാജീവ്, പ്രൊഫ.കെ. ഗോപാലകൃഷ്ണന്‍, ഡോ.പി.ശിവപ്രസാദ്, സജയ് കെ.വി, രഘുനാഥന്‍ പറളി, ഡോ.എം.ആര്‍. രാഘവവാരിയര്‍, കെ.എം നരേന്ദ്രന്‍, ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ.എന്‍. അജിത് കുമാര്‍, ഡോ.എസ്. പ്രസന്നരാജന്‍, ഡോ.ദീപേഷ് കരിമ്പുകര, ഡോ. ദീപേഷ് വി.കെ, എന്‍. അജയകുമാര്‍, ഡോ.ശ്രീജിത് ജി, ഡോ.എ.എം ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് ബാലാമണിയമ്മയുടെ കവിതകളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എ.എം ഉണ്ണിക്കൃഷ്ണനാണ് എഡിറ്റര്‍. കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.