കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യന്‍കാളി. അടിമകളുടെ ചോര വീണ മണ്ണില്‍ അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങള്‍ ഒരു ജനതയുടെ ത്രസിപ്പിക്കുന്ന ചരിത്രമാണ്. സവര്‍ണ്ണ മാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ വില്ലുവണ്ടിയോടിച്ച അയ്യന്‍കാളിയുടെ സംഭവബഹുലമായ ജീവിതകഥയാണ് മഹാത്മാ അയ്യന്‍കാളി എന്ന ഈ കൃതി. കുന്നുകുഴി എസ്.മണിയും പി.എസ് അനിരുദ്ധനും ചേര്‍ന്നാണ് ഈ ജീവചരിത്രഗ്രന്ഥം രചിച്ചിരിക്കുന്നത്. അയ്യന്‍കാളിയുടെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം ജനത അനുഭവിച്ച ദുരന്തജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വരും തലമുറയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.
ആകെ 16 അധ്യായങ്ങളിലായാണ് അയ്യന്‍കാളിയുടെ ജീവിതം ഈ കൃതിയില്‍ അനാവരണം ചെയ്യുന്നത്. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ കേരളത്തില്‍ കീഴാളജനത അനുഭവിച്ച ദുരന്തപൂര്‍ണ്ണമായ ജീവിതം, അതേക്കുറിച്ച് വിദേശമിഷനറിമാര്‍ നല്‍കിയ വിവരണങ്ങള്‍ എന്നിവയാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ അദ്ധ്യായങ്ങളിലായി ചേര്‍ത്തിട്ടുള്ളത്. തുടര്‍ന്ന് അയ്യന്‍കാളിയുടെ ജീവിതവും അദ്ദേഹത്തിന്റെ പോരാട്ടങ്ങളും വിവരിക്കുന്നു. അയ്യന്‍കാളിയുടെ ജനനത്തിന് മുമ്പു തന്നെ കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമികളും ചെമ്പഴന്തിയില്‍ ശ്രീനാരായണഗുരുവും ജന്മമെടുത്തിരുന്നു. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിയ കേരളത്തില്‍ നവോത്ഥാന വിപ്ലവത്തിന് തീകൊളുത്തിക്കൊണ്ട് അയ്യന്‍കാളി കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചുകൊണ്ടായിരുന്നു വില്ലുവണ്ടിയില്‍ അയ്യന്‍കാളി പ്രതിധ്വനിച്ചെത്തിയത്. ആ പ്രതിധ്വനി ഇന്നും മുഴങ്ങുന്നു.
അയ്യന്‍കാളിയുടെ അറിയപ്പെടാത്ത പോരാട്ടമുഖങ്ങളെല്ലാം ഈ പുസ്തകത്തിലുണ്ട്. തിരുവനന്തപുരത്തെ വേങ്ങാനൂരില്‍ നിന്നും പ്രജാസഭയിലേക്കുള്ള അയ്യന്‍കാളിയുടെ പടയോട്ടത്തിനു മുന്നില്‍ ഒരു കാലഘട്ടം നമിച്ചുനിന്നതിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മഹാത്മാ അയ്യന്‍കാളിയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.