മലയാള ചെറുകഥാസാഹിത്യത്തിന് നവീനമായ ഒട്ടേറെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍. മലയാള സാഹിത്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകള്‍ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കഥാകൃത്തുക്കളിലൊരാളായി എന്‍.എസ്. മാധവന്‍ പരിഗണിക്കപ്പെടുന്നു. അതുവരെയും കഥാസാഹിത്യത്തിന് അപരിചിതമായിരുന്ന കഥനരീതികളും വിഷയങ്ങളും അദ്ദേഹം സാഹിത്യമണ്ഡലത്തിന് പരിചയപ്പെടുത്തി നല്‍കി.
ഇതിഹാസപ്രശസ്തരായ അഹല്യ, ദ്രൗപദി, കുന്തി, താര, മണ്ഡോദരി എന്നീ പഞ്ചകന്യകകളെ ആധുനികകാലത്തേക്കു കൊണ്ടുവന്ന് അവരുടെ ജീവിതത്തെ ആവിഷ്‌ക്കരിക്കുന്ന കഥകളാണ് പഞ്ചകന്യകകള്‍ എന്ന കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഈ അഞ്ചു കഥകള്‍ കൂടാതെ എന്‍. എസ് മാധവന്റെ ശ്രദ്ധേയമായ മറ്റു ആറു കഥകളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹല്യ, കിച്‌ന- ഒരു റോഡ് കഥ, മണ്ഡോദരി, താരാ ഫെര്‍ണാണ്ടസ്, കുന്തിയും ഹെമിംങ്‌വേയും, കേസര്‍, അശ്ലീലവാരിക പത്രാധിപരും രമണിക്കുട്ടിയും, കടപ്പുറത്ത് ഒരു സായാഹ്നം, വിവാഹത്തലേന്ന്, അടക്ക, പട്ടാളവിപ്ലവം എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമകാലിക ജീവിതത്തിന്റെ വിശ്ലഥയാഥാര്‍ത്ഥ്യങ്ങളെ സാംസ്‌കാരിക- രാഷ്ട്രീയ പരിസരങ്ങളില്‍ ചേര്‍ത്തുവെച്ചു കൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുകയാണ് ഈ കഥകള്‍.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എന്‍.എസ് മാധവന്റെ പഞ്ചകന്യകകള്‍ എന്ന കഥാസമാഹാരത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.