സംഭവബഹുലമായ ഒരു വര്‍ഷമാണ് 2019. രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് മാത്രമല്ല ജനങ്ങളുടെ ചിന്താധാരകളെയും രുചിഭേദങ്ങളെയും അപഗ്രഥിച്ചറിയുക ഈ വര്‍ഷത്തിന്റെ സവിശേഷതയായിരിക്കും. ഒരു പകലില്‍ ജ്വലിച്ചു കയറുകയും അതേ വേഗത്തില്‍ നനഞ്ഞു ഒടുങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ വിസ്മയങ്ങള്‍ ഇന്ത്യയില്‍ ഇടയ്ക്കിടെ കാണാറുണ്ട്. സമകാലിക രാഷ്ട്രീയപശ്ചാത്തലം വിശദമാക്കി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ ഡോ.ശൂരനാട് രാജശേഖരന്‍ എഴുതിയ ലേഖനങ്ങലുടെ സമാഹാരമാണ് ഇന്ത്യന്‍ രാഷ്ട്രീയം 2019. വീക്ഷണം ദിനപത്രത്തില്‍ ഓരോ ആഴ്ചയും പ്രസിദ്ധീകരിച്ച രാഷ്ട്രീയ അവലോകനങ്ങളില്‍ നിന്നും തെരഞ്ഞെടുത്തതാണ് ഈ കൃതിയിലെ ലേഖനങ്ങള്‍
രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ ഈ കൃതിക്കെഴുതിയ അവതാരികയില്‍ നിന്നും
കമ്മ്യൂണിസ്റ്റ്- ഫാസിസ്റ്റ് ദുഷ്പ്രചാരണങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സുകാരെ തട്ടിയുണര്‍ത്താനും കര്‍മ്മോത്സുകരാക്കാനുമുള്ള ശ്രമമാണ് ഡോ. ശൂരനാട് രാജശേഖരന്‍ വീക്ഷണം പത്രത്തിലെ തന്റെ പ്രതിവാരകോളത്തിലൂടെ ചെയ്യുന്നത്. പാര്‍ട്ടിയുടെ ചരിത്രവും പാരമ്പര്യവും ഓര്‍മ്മപ്പെടുത്തുന്നു. എതിരാളികളുടെ പ്രചാരണത്തെ പ്രതിരോധിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയെയും അസഹിഷ്ണുതയെയും തുറന്നുകാട്ടുന്നു. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജരാക്കുന്നു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയും തത്ഫലമായി രൂപംകൊണ്ട പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയുമാണ് രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കിയതും ഹിന്ദുത്വശക്തികള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതുമെന്ന് ഗ്രന്ഥകാരന്‍ ശരിയായി നിരീക്ഷിക്കുന്നു. കോണ്‍ഗ്രസ്സ് ചാരത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷയെ ബലപ്പെടുത്തുന്ന ഫലങ്ങളാണ് ഇക്കഴിഞ്ഞ രാജസ്ഥാന്‍-മധ്യപ്രദേശ്- ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു മതേതര മുന്നണി രൂപംകൊള്ളുന്ന പക്ഷം 2019-ല്‍ മോദി ഭരണത്തിന് അറുതി വരികയും രാജ്യത്ത് ജനാധിപത്യസംവിധാനം ശക്തമാവുകയും ചെയ്‌തേക്കാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വയം നവീകരിക്കാനും ഇടക്കാലത്തു കൈമോശം വന്ന ജനവിശ്വാസം വീണ്ടെടുക്കാനും കഴിയുമോ എന്നാണ് ജനാധിപത്യവിശ്വാസികള്‍ ഉറ്റുനോക്കുന്നത്. മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനും പുതിയ ആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാനും രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണ്. അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം- 2019 എന്ന കൃതിയുടെ കോപ്പികള്‍ ഇപ്പോള്‍ പുസ്തകശാലകളില്‍ ലഭ്യമാണ്.