സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്. സമൂഹത്തിലെ തിന്മകള്‍ക്കെതിരെയുള്ള കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികള്‍ വി.കെ.എന്നിന്റേതായുണ്ട്.
ദുഷ്യന്തന്‍ മാഷ്, പിതാമഹാളികള്, മറ്റു പൂച്ചെടി ചെന്നു തിന്നാന്‍, ധൃതവിദുരസംവാദം, കിരിക്കറ്റ്, പിശ്ശാന്തി എരമ്പി, അഹത്തുള്ളാള്‍, അവിടങ്ങള്‍ ആസവങ്ങള്‍, ആയുധവിദ്യ, ഒരു നപുംസകം പിറക്കുന്നു, മാനാഞ്ചിറ ടെസ്റ്റ്, വിവാഹ പിറ്റേന്ന്, നളചരിതം മൂലം, ഒരു തീവണ്ടി യാത്ര, നീലനില്‍പീയം, ലഞ്ച്, ദുര്യോധനവധത്തിന്റെ പ്രസക്തി, സൂര്യഗന്ധര്‍വ്വന്മാര്‍, ചോതി, ഇഷണൂലി, അത്ഭുതം തുടങ്ങി 21 കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍ എന്ന ഈ കൃതി. പയ്യന്‍സിലൂടെയും ചാത്തന്‍സിലൂടെയും സമകാലിക രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പൊങ്ങച്ചങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും കാപട്യങ്ങളുടെയും നേര്‍ക്ക് നോക്കി തന്റെ രചനകളിലൂടെ പൊട്ടിച്ചിരിക്കുന്ന വി.കെ.എന്നിന്റെ പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
എന്‍.പി വിജയകൃഷ്ണനാണ് ഈ കഥകള്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പുറത്തിറക്കിയ വി.കെ.എന്നിന്റെ എന്റെ പ്രിയപ്പെട്ട കഥകള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.