മലയാളത്തിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെയും തിയേറ്റര്‍ ഓഫ് ഫ്രീഡം എന്ന പുതിയ രംഗകലയുടെയും ഉപജ്ഞാതാവാണ് സൂര്യ കൃഷ്ണമൂര്‍ത്തി. രംഗകലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ഇരുനൂറോളം സ്റ്റേജ് ഷോകള്‍ ഒരുക്കിയ അദ്ദേഹം നോവിന്റെ ഉപ്പും നനവും പൂണ്ട തന്റെ ആത്മകഥാംശമുള്ള കഥകള്‍ മുറിവുകള്‍ എന്നപേരില്‍ പുസ്തകമാക്കിയപ്പോള്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ വായനക്കാര്‍ കൂടുതല്‍ അടുത്തറിഞ്ഞു.
മുറിവുകള്‍ക്ക് ശേഷം തിക്തമായ ചില ജീവിതാനുഭവങ്ങളും കണ്ണീരില്‍ നിന്ന് ഊര്‍ജ്ജമാക്കിയ ചില പാഠങ്ങളും ചേര്‍ത്ത് പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും അവതരിപ്പിക്കുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തി. അദ്ദേഹത്തിന്റെ അഭിമുഖം: അനുഭവങ്ങളും ആശയങ്ങളും എന്ന പുസ്തകം ഡി സി ബുക്‌സ് ഇപ്പോള്‍ പുറത്തിറക്കി. പ്രസംഗങ്ങള്‍, അനുസ്മരണങ്ങള്‍, അഭിമുഖം എന്നിങ്ങനെ മൂന്നുഭാഗങ്ങളായി തിരിച്ചാണ് ഇതിലെ ഉള്ളടക്കം.
സൂര്യനും വെളിച്ചവും അഗ്നിയും ഗണപതിയും ഒന്നുതന്നെയാണെന്ന ചിന്ത പങ്കുവെയ്ക്കുകയാണ് മഹാഗണപതി എന്ന കുറിപ്പിലൂടെ സൂര്യ കൃഷ്ണമൂര്‍ത്തി. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന കൃതിയെ ആധാരമാക്കി അദ്ദേഹത്തെക്കുറിച്ച് പറയുകയാണ് ‘തോപ്പില്‍ ഭാസി‘ എന്ന കുറിപ്പ്. തിക്കോടിയന്‍, പ്രേംനസീര്‍, മന്‍മോഹന്‍സിംഗ്, ശങ്കര്‍ ദയാല്‍ ശര്‍മ തുടങ്ങിയവരെക്കുറിച്ച് സൂര്യ കൃഷ്ണമൂര്‍ത്തി നടത്തിയ പ്രസംഗങ്ങളും അഭിമുഖം: അനുഭവങ്ങളും ആശയങ്ങളും എന്ന പുസ്തകത്തിലെ ആദ്യഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
തന്റെ ജീവിതത്തിലെ ചില വിളക്കുമരങ്ങളായിരുന്നുകൊണ്ട് ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും അദൃശ്യമായി സ്വാധീനിച്ച ഡോ. എ.പി.ജെ.അബ്ദുള്‍കലാം, മൃണാളിനി സാരാഭായ് തുടങ്ങിയവരെ അനുസ്മരിക്കുകയാണ് അനുസ്മരണങ്ങള്‍ എന്ന ഭാഗത്തില്‍. അഭിമുഖം എന്ന ഭാഗത്തിലൂടെ സൂര്യ കൃഷ്ണമൂര്‍ത്തി തന്റെ ജീവിതവീക്ഷണങ്ങളും നിലപാടുകളും ചിന്തകളും ചര്‍ച്ചയ്ക്ക് വെയ്ക്കുന്നു.
ഐ.എസ്.ആര്‍.ഒയില്‍ 27 വര്‍ഷം സയന്റിസ്റ്റ്/ എഞ്ചിനീയറായി ജോലി ചെയ്ത സൂര്യ കൃഷ്ണമൂര്‍ത്തി 2003ല്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ മാന്‍ ഓഫ് ദ് ഇയര്‍ ആയി. ദേശീയവും വിദേശീയവുമായ 75ല്‍ ഏറെ ബഹുമതികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
The post സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അഭിമുഖം: അനുഭവങ്ങളും ആശയങ്ങളും appeared first on DC Books.