1982-ലെ നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായനാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ ലാറ്റിനമേരിക്കയുടെ സാഹിത്യചരിത്രം തന്നെ മാറ്റിയെഴുതി. ഒറ്റപ്പെട്ട ഒരു വന്‍കരയിലെ ജനങ്ങളുടെ യഥാര്‍ത്ഥജീവിതം അവ വരച്ചുകാട്ടുകയായിരുന്നു. കൊളംബിയയിലെ നാടോടിക്കഥകളും മിത്തുകളും ഐതിഹ്യങ്ങളുമായിരുന്നു അവയുടെ അടിസ്ഥാനം. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഗാര്‍സിയ മാര്‍ക്വിസിനെ ഭയപ്പെടുത്തിയ മുത്തശ്ശിക്കഥകള്‍ പുതിയ ഒരു ശക്തിയോടും ചാരുതയോടും കൂടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ കൃതിയും. അവ ഏകാന്തതയുടെ രാവണന്‍കോട്ടകളില്‍ അകപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ കഥകളാണ്. അവരുടെ തേങ്ങലുകള്‍ക്കായി ലോകം കാതോര്‍ത്തുനിന്നു.
അസാധാരണമായതിന് സാധാരണ സംഭവിക്കുന്നത് എന്ന രീതിയിലേക്കു മാറ്റുന്നതാണ് ഗാര്‍സിയ മാര്‍ക്വിസിന്റെ കഥാകഥനരീതി. മാന്ത്രിക യഥാതഥ്യ ശൈലി അഥവാ മാജിക്കല്‍ റിയലിസം എന്നും ആരാധകരും വിമര്‍ശകരും അതിനെ വിശേഷിപ്പിക്കുന്നു. തന്റെ ഓരോ നോവലിലും ഗാര്‍സിയ മാര്‍ക്വിസ് ജീവിതമാകുന്ന അത്ഭുതവും അതിന്റെ ധാരാളിത്തവും നിറയ്ക്കുന്നു. ദയയോടുകൂടി അതിന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു നോവല്‍ അവസാനിക്കുന്നത് ഒരു തിരിച്ചറിവോടുകൂടിയാണ്. വലിയൊരു കലാസൃഷ്ടിക്കു മാത്രം സാധിക്കുന്ന ജീവിതത്തെപ്പറ്റിയുള്ള ഒരു പുതിയ കാഴ്ചപ്പാട് ഓരോ ഗാര്‍സിയ മാര്‍ക്വിസ് നോവലും ജനിപ്പിക്കുന്നു. ജീവനുള്ള എല്ലാ സംരംഭങ്ങളുടെയും ആദിയെയും അന്ത്യത്തെയും കുറിച്ചു നമ്മള്‍ ചിന്തിക്കുന്നു. ഈ പ്രതിസന്ധികളെ അതിജീവിച്ചു മനുഷ്യനായി ജീവിച്ചിരിക്കുന്നതില്‍ നമ്മള്‍ സന്തോഷിക്കുന്നു. തത്ഫലമായി ദീനാനുകമ്പയും സഹതാപവും നമ്മില്‍ നിറയുന്നു. കൂടുതല്‍ നല്ല മനുഷ്യരാകുവാന്‍ നമ്മള്‍ സ്വയം തീരുമാനിക്കുന്നു. നിര്‍വ്വചിക്കാനാവാത്ത ഒരു സന്തോഷം നമ്മില്‍ നിറയുന്നു.
മാന്ത്രികരചനകള്‍ കൊണ്ട് വായനക്കാരെ നിത്യവിസ്മയത്തിലാക്കിയ മാര്‍ക്വിസിന്റെ രചനാലോകത്തെ വിശദമായി പരിചയപ്പെടുത്തുന്ന കൃതിയാണ് വില്‍സണ്‍ റോക്കി രചിച്ച ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്: കഥയുടെ നൂപുരധ്വനികള്‍. മാര്‍ക്വിസിനെ പോലെ മലയാളികള്‍ ഇത്രയേറെ ഇഷ്ടപ്പെട്ട ഒരു വിശ്വസാഹിത്യകാരന്‍ വേറെയുണ്ടാവില്ല. അദ്ദേഹത്തിന്റെ കൃതികളുടെ സമകാലിക പ്രസക്തിയും അവയിലെ ജീവിതവീക്ഷണവും മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത്തരമൊരു പരിശ്രമമാണ് ഈ പുസ്തകം. മലയാളികളായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗാര്‍സിയ മാര്‍ക്വിസിനെ സ്‌നേഹിക്കുന്ന ആയിരക്കണക്കിനു മലയാളി വായനക്കാര്‍ക്കും അദ്ദേഹത്തിന്റെ ചെറുനോവലുകളും കഥകളും നോവലുകളും കൂടുതല്‍ മനസ്സിലാക്കുവാനും പഠിക്കുവാനും ഈ കൃതി സഹായമാകും. മാര്‍ക്വിസിന്റെ രചനാകൗശലങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നതിനോടൊപ്പം തന്നെ മനോഹരമായ ഒരു വായനാനുഭവവും ഗ്രന്ഥകാരന്‍ നമുക്കൊരുക്കുന്നു.
കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ പുസ്തകശാലകളില്‍ ലഭ്യമാണ്.