ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. ഓപ്പോള്, കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ഷെര്‍ലക്ക്, കാഴ്ച എന്നീ കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ശുദ്ധ സാഹിത്യമാണ് എം.ടിയുടേത്. അരനൂറ്റാണ്ടിലേറെയായി വായനക്കാര്‍ അദ്ദേഹത്തിന്റെ കഥകള്‍ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. കഥയില്‍ പുതിയൊരു വസന്തം വിടര്‍ത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എം.ടി. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകളാണ് അദ്ദേഹത്തിന്റേത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ട കഥകളുടെ 13-ാമത് പതിപ്പാണ് ഇപ്പോള്‍ വില്പനയിലുള്ളത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നാലുകെട്ട്, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയവയാണ് എം.ടി.വാസുദേവന്‍ നായരുടെ മുഖ്യകൃതികള്‍.
ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996-ല്‍ ജ്ഞ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.