പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥാസമാഹാരത്തിനു ശേഷം പി.ജിംഷാര്‍ രചിച്ച ഏറ്റവും പുതിയ കൃതിയാണ് എഡിറ്റിങ് നടക്കുന്ന ആകാശം. സമകാലിക ജീവിതാവസ്ഥകളെ എഡിറ്റു ചെയ്യാന്‍ വരുന്ന അധികാരശക്തികളോടുള്ള കലഹം ഈ നോവലിനെ അസാധാരണമായൊരു ജൈവതലത്തിലേക്കുയര്‍ത്തുന്നു. നമ്മുടെ ആവിഷ്‌കാരത്തെ, നമ്മുടെ സ്വാതന്ത്ര്യത്തെ ആകാശത്തോളം പ്രതീക്ഷാനിര്‍ഭരമാക്കുന്ന ഒരു കാലത്തെ വിഭാവനം ചെയ്യുന്ന കുറെ യുവമനസ്സുകളുടെ ജീവിതം രേഖപ്പെടുത്തുന്ന കൃതിയാണ് എഡിറ്റിങ് നടക്കുന്ന ആകാശം. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
നോവലിനെക്കുറിച്ച് പി.ജിംഷാര്‍ കുറിക്കുന്നു…
“പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥയുടെ പേര് പറഞ്ഞ് അജ്ഞാതരായ അക്രമികള്‍ 2016 ജൂലൈ 24-ന് എന്നെ ആക്രമിക്കുകയും ആ കേസും ഇദ്രീസ് കൊലക്കേസുപോലെ തെളിവില്ലാതെ മാഞ്ഞുപോവുകയും ചെയ്തതോടെ എന്നിലേ സ്വതവേയുള്ള ഭയവും അരക്ഷിതത്വവും വര്‍ദ്ധിക്കുകയാണ് ചെയ്തത്. സാമൂഹ്യ ഇടപെടലുകളില്‍ നിന്നും ഉള്‍വലിയുന്ന വിഷാദം ഇക്കാരണങ്ങളാല്‍ ഇപ്പോഴും വിട്ടുമാറീട്ടില്ല. എന്റെ ആകാശത്തെ എഡിറ്റു ചെയ്യാന്‍ ശ്രമിക്കുന്ന, എല്ലാ തരത്തിലുള്ള അധികാരങ്ങളേയും ഭയപ്പാടോടെ മാത്രം നോക്കി കാണേണ്ടിവന്നൊരു അവസ്ഥയില്‍നിന്നാണ് എഡിറ്റിങ് നടക്കുന്ന ആകാശം എന്ന നോവല്‍ എഴുതപ്പെടുന്നത്. നിങ്ങളുടെയും എന്റെയും ആകാശങ്ങളെ എഡിറ്റ് ചെയ്യാന്‍ വരുന്ന അധികാരങ്ങളോട് നമുക്ക് നിരന്തരം കലഹിക്കാം. നമ്മുടെ സ്വാതന്ത്ര്യങ്ങളെ ആരും എഡിറ്റ് ചെയ്യില്ലെന്ന പ്രത്യാശയോടെ, ഏവര്‍ക്കും ആരാലും എഡിറ്റ് ചെയ്യാത്ത ആകാശത്തോളം സ്വാതന്ത്ര്യം ആശംസിക്കുന്നു.”
പി.ജിംഷാര്‍: ഡി.സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിന്റെ ഭാഗമായി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ ആണ് ജിംഷാറിന്റെ ആദ്യ നോവല്‍. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥയ്ക്ക് മലയാളം സര്‍വ്വകലാശാലയുടെ പ്രഥമ സാഹിത്യപുരസ്‌കാരവും ദൈവത്തോട് എന്ന കവിതയ്ക്ക് എം.ജി.സര്‍വ്വകലാശാലയുടെ അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രചനയും സംവിധാനവും നിര്‍വ്വഹിച്ച എന്നിലേക്ക് എന്ന ഹ്രസ്വചിത്രത്തിന് കേരള സ്ത്രീപഠനകേന്ദ്രം നടത്തിയ പ്രഥമ ഫീമെയില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായിരുന്നു.