ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എന്‍.ഡി.എ സര്‍ക്കാരിന്റെയും വാദങ്ങളെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകള്‍ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് സംശയാതീതം: ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകള്‍ എന്ന പുസ്തകത്തിലൂടെ. പോരാട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയയായ പൊതുപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് ഈ കൃതി സമാഹരിച്ചിരിച്ചിരിക്കുന്നത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിച്ച രേഖകളും ആ രാഷ്ട്രീയവധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആശയസംഹിതയെ അപനിര്‍മ്മിച്ചുകൊണ്ട് മറാത്തിയിലുള്ള എഴുത്തുകളുടെ വിവര്‍ത്തനങ്ങളും കൂട്ടിക്കെട്ടിക്കൊണ്ട് അതിനു പിന്നിലുള്ള ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണത്തെയും ഗൂഢാലോചനയെയും മറവിയിലേക്കാഴ്ത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ ചെറുക്കുകയാണ് ടീസ്ത സെതല്‍വാദ് ഈ കൃതിയിലൂടെ. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി രാജീവ് ചേലനാട്ടാണ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖത്തില്‍ ടീസ്ത സെതല്‍വാദ് പറയുന്നു…
ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മാഗാന്ധിയുടെ വധത്തില്‍ ആര്‍.എസ്.എസ്സിന്റെ ഉത്തരവാദിത്വത്തെ വഴിതെറ്റിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഈ കത്തുകളും രേഖകളും പൊതുമണ്ഡലത്തില്‍ വേക്കേണ്ടത് അത്യാവശ്യമാണ്. ഭ്രാന്തമായ വലതുപക്ഷ ഹിന്ദുത്വത്തിന്റെ വരവോടെ, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഗാന്ധിക്കെതിരെ ഉയര്‍ന്നുവന്ന അഗാധമായ വെറുപ്പും നിന്ദയുമാണ് പ്രധാനമായും വിലയിരുത്തപ്പെടേണ്ടത്. മഹാരാഷ്ട്രയും ഗുജറാത്തുമായിരുന്നു ഇതില്‍ മുന്‍പന്തിയില്‍. ആസൂത്രണം ചെയ്യപ്പെട്ട ഇത്തരം ശ്രമങ്ങള്‍ക്കുള്ള രേഖാമൂലവും തെളിവുകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രതികരണങ്ങളും ഗാന്ധി ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രത്തിന്റെ സംവാദത്തില്‍ അവയ്ക്കും ഒരു സ്ഥാനമുണ്ട്. ഈ പ്രതികരണങ്ങളില്‍ പലതും പണ്ടു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തൂലികയുടെ സഹായത്തോടെ ഞങ്ങള്‍ ആ രേഖകള്‍ വീണ്ടും വിശദമായ അവലംബങ്ങളോടെ പൊതുജനസമക്ഷം വെക്കുന്നു.
ഗാന്ധിവധത്തിന്റെ അന്വേഷണപുരോഗതിയുമായി ബന്ധപ്പെട്ട് ഭാരതസര്‍ക്കാരില്‍നിന്നും കിട്ടിയ രേഖകളും ആ രാഷ്ട്രീയ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആശയസംഹിതയെ അപനിര്‍മ്മിച്ചുകൊണ്ട് മറാത്തിയിലുള്ള എഴുത്തുകളുടെ വിവര്‍ത്തനങ്ങളും കൂട്ടിക്കെട്ടാനാണ് ഈ ശേഖരത്തില്‍ ശ്രമിച്ചിട്ടുള്ളത്. ആ വധത്തിനു പിന്നിലുള്ള ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണത്തെയും ഗൂഢാലോചനയേയും മറവിയിലേക്കാഴ്ത്താന്‍ ഇക്കാലമത്രയും വളരെയധികം ഊര്‍ജ്ജവും വിഭവങ്ങളും ചെലവഴിച്ചിട്ടുണ്ട് സംഘപരിവാര്‍.