ആദിമ ഇന്ത്യാ ചരിത്രത്തെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതിയാണ് ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാങ്കേതികവിദ്യ, തത്ത്വശാസ്ത്രം, മതം, കല, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചകളും വൈവിധ്യമാര്‍ന്ന വിവരണത്തില്‍ ഈ ചരിത്രരചന മനോഹരമായി ഇഴചേര്‍ത്തിരിക്കുന്നു. ലക്ഷക്കണക്കിനു വര്‍ഷത്തെ ഉപഭൂഖണ്ഡത്തിലെ ജനജീവിതത്തിനെ ഉജ്ജ്വലമായി അവതരിപ്പിക്കുകയാണ് ഈ അനന്യരചന.
പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകള്‍, കരകൗശലവസ്തുക്കള്‍, ലിഖിതങ്ങള്‍, നാണയങ്ങള്‍ എന്നിവയുടെ സൂക്ഷ്മവിശകലനങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി. ഓരോ അദ്ധ്യായവും ലഭ്യമായ സ്രോതസ്സുകളുടെ വിമര്‍ശനാത്മകമായ സമീക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത കാലഘട്ടത്തിലെ വിവിധ ദര്‍ശനങ്ങളില്‍ ദൃഷ്ടി പതിപ്പിക്കുന്നു. പ്രധാനമായ ആശയങ്ങള്‍ പ്രാഥമിക സ്രോതസ്സുകള്‍, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തുടര്‍ ചര്‍ച്ചകള്‍, അല്ലെങ്കില്‍ വിശദാംശങ്ങള്‍, സമീപകാലത്തെ കണ്ടുപിടിത്തങ്ങള്‍, ഗവേഷണത്തിലെ പുതിയ വഴിത്തിരിവുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിവരണം ക്രമീകരിച്ചിരിക്കുന്നു. ചരിത്രകാലഘട്ടത്തിന്റെ തുടക്കം മുതലുള്ള അദ്ധ്യായങ്ങള്‍ ആരംഭിക്കുന്നത് രാഷ്ട്രീയചരിത്രത്തിന്റെ ഒരു രത്‌നച്ചുരുക്കത്തിലും രാഷ്ട്രീയ പ്രക്രിയകളുടെ ചര്‍ച്ചയിലുമാണ്. ഇന്ത്യയുടെ മഹത്തും സമ്പന്നവുമായ ഭൂതകാലത്തെ അകക്കണ്ണില്‍ കാണാനും വിശദമായി അറിയാനും ചരിത്രവായനയെ ആവേശകരമായ ഒരു അനുഭവമാക്കാനും ഈ കൃതി ഓരോ വായനക്കാരെയും സഹായിക്കുമെന്നത് തീര്‍ച്ചയാണ്.
350-ല്‍പരം വര്‍ണ്ണചിത്രങ്ങളും ഭൂപടങ്ങളും രേഖാചിത്രങ്ങളും അടങ്ങുന്ന ഈ കൃതിയില്‍ അധിക വായനക്കും ചര്‍ച്ചകള്‍ക്കും സഹായകരമാകുന്ന വിവരങ്ങള്‍ പ്രത്യേക വിഭാഗമായി നല്‍കിയിരിക്കുന്നു. വിശദമായ റഫറന്‍സ് ലിസ്റ്റും പുസ്തകത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത് ഫാരിദിന്‍ എ.എസ്, വി.എന്‍ കൃഷ്ണന്‍കുട്ടി, ലിന്‍സി കെ.തങ്കപ്പന്‍, ധന്യ കെ.കെ എന്നിവരാണ്. പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രത്തിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
പുസ്തകം ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക