അമ്പിളിക്കലയിലെ അജ്ഞാത തീരങ്ങള്‍ തേടുന്ന ചന്ദ്രയാന്‍ 2-ന്റെ ഗഗനയാത്ര ആരംഭിക്കുകയാണ്. വരുന്ന ജൂലൈ 22-ന് ആ സ്വപ്‌നം സഫലീകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍ ശാസ്ത്രലോകം. ആ സ്വപ്നദൗത്യത്തെ അധികരിച്ച് നിരന്തരമായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കും. എന്നാല്‍ വിക്ഷേപണത്തിനു മുമ്പുള്ള ചന്ദ്രയാന്‍ 2-നെ പരിചയപ്പെടുത്താനും, ചന്ദ്രയാന്‍ 2-ന്റെ ചരിത്രം പറയാനുമാണ് എന്ന പുസ്തകം ഒരുക്കിയിരിക്കുന്നത്. ഇതു വായിച്ചാല്‍ ചന്ദ്രയാന്‍ 2 നമ്മുടെ സ്വന്തമാകും. അതിന്റെ സാങ്കേതികത നാമറിയും. ആ സാഹസത്തിന്റെ പൊരുള്‍ മനസ്സിലാകും.
ദക്ഷിണധ്രുവത്തില്‍ ഇതുവരെ സാധിക്കാത്ത ഈ ദൗത്യലക്ഷ്യമാണ് ചന്ദ്രയാന്‍ രണ്ടിനെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുന്നുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഇതിലും പറ്റിയ മറ്റൊരിടമില്ലത്രെ. ജലത്തിന്റെ സാന്നിധ്യം, ആവശ്യത്തിന് സൗരോര്‍ജം ഇതെല്ലാം അവിടെയാണ്. അവിടെയാണ് നമ്മുടെ വിക്രം എന്ന ലാന്‍ഡര്‍ ഇറങ്ങുന്നത്. അവിടെയാണ് നമ്മുടെ പ്രഗ്യാന്‍ റോവര്‍ ഉരുളാന്‍ പോകുന്നത്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി തന്നെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
രണ്ടാം യാനം ഒന്നാം യാനത്തില്‍ നിന്നും ഏറെ ഭിന്നമാണ്. വിക്ഷേപണവാഹനം തൊട്ട് പേടകത്തിന്റെ രൂപകല്‍പന വരെ ഏറെ വ്യത്യാസമുണ്ട്. അതുകൊണ്ട് ചന്ദ്രയാന്‍ 2-നെ അറിയാന്‍ ചന്ദ്രയാന്‍ 1-നെ അറിയണം. ആ ദൗത്യത്തെ അറിയണം, ഒന്നും, രണ്ടും പേടകങ്ങള്‍ തമ്മിലുള്ള വ്യത്യാസം അറിയണം; അവയുടെ യാത്രാപഥം അറിയണം, അന്നത്തെ വിക്ഷേപണവും വിക്ഷേപണ വാഹനങ്ങളും അറിയണം. ഒന്നാം യാനത്തിലെ ഓര്‍ബിറ്ററിനെ അറിയണം. എം.ഐ.പി എന്ന ഇംപാക്ടറിനെ അറിയണം; ചന്ദ്രനെ അറിയണം; ചന്ദ്രന്റെ പ്രത്യേകതകള്‍ അറിയണം ഇതും ഇതിനപ്പുറവും അറിഞ്ഞാലേ ചന്ദ്രയാന്‍ 2 എന്ന ദൗത്യത്തെ അടുത്തറിയാന്‍ സാധിക്കൂ. ആ ഉള്‍ക്കാഴ്ച നല്‍കാനാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.
2007 ല്‍ ആലോചിച്ചു തുടങ്ങിയ ചന്ദ്രയാന്‍ 2 എന്തുകൊണ്ട് ഇത്രയും വൈകി, അതിനിടയില്‍ ദൗത്യത്തില്‍ എന്തല്ലാം മാറ്റങ്ങള്‍ വന്നു; എന്തുകൊണ്ട് വിക്ഷേപണ വാഹനം മാറ്റി, എങ്ങിനെയാണ് ചന്ദ്രനില്‍ എത്തുന്നത്, എങ്ങിനെയാണ്, എവിടെയാണ് വിക്രം ഇറങ്ങുന്നത്, എന്തെല്ലാമാണ് അതിലെ ഉപകരണങ്ങള്‍, എന്താണ് റോവറിന്റെ ദൗത്യം ഇങ്ങിനെ നൂറായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വി.പി ബാലഗംഗാധരന്‍ രചിച്ചിരിക്കുന്ന ചന്ദ്രയാന്‍-2. ബഹിരാകാശ വിജ്ഞാനം സാധാരണ വായനക്കാര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായാണ് ഈ പുസ്തകത്തിന്റെ രചന. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ചന്ദ്രയാന്‍ 2 ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.