ശ്രീഹരിക്കോട്ട: ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചക്ക് 2.45-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം നടന്ന് 16 മിനുട്ടിനുള്ളില്‍ ചന്ദ്രയാന്‍ വിക്ഷേപണ വാഹനത്തില്‍ നിന്നും വേര്‍പെട്ടു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു.
വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ വ്യക്തമാക്കി. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന വിക്രമെന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന പ്രഗ്യാന്‍ എന്ന റോവര്‍ തുടങ്ങിയവയാണ് ചന്ദ്രയാന്‍ 2. ജി.എസ്.എല്‍.ലി മാര്‍ക്ക്- 3 റോക്കറ്റാണ് വിക്ഷേപണ വാഹനം.
നേരത്തെ ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരുന്നു ചന്ദ്രയാന്‍- 2 വിക്ഷേപിക്കാനിരുന്നത്. വിക്ഷേപണ വാഹനത്തിലെ ഹീലിയം ടാങ്കില്‍ സാങ്കേതികതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 56 മിനുട്ടും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് വിക്ഷേപണം മാറ്റിവെച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ തകരാര്‍ പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു.