ഷിംല: ഹിമാചല്‍ പ്രദേശില്‍ ഷൂട്ടിങ്ങിനായെത്തിയ നടി മഞ്ജുവാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന സംഘം സുരക്ഷിതര്‍. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ഇവരുള്‍പ്പെടുന്ന മുപ്പതംഗസംഘം ഒറ്റപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനായി എത്തിയവരും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെയും രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജുവാര്യരും സംഘവും ഹിമാചലിലെ മണാലിയില്‍ നിന്നും 100 കലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്തെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി അവര്‍ ഹിമാചലില്‍ ഉണ്ട്. സാറ്റലൈറ്റ് ഫോണ്‍ വഴി ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മഞ്ജു സഹോദരന്‍ മധു വാര്യരെ വിളിച്ച് ദുരിതാവസ്ഥ വെളിപ്പെടുത്തിയത്. ഷൂട്ടിങ് സംഘവും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതായും ഭക്ഷണം രണ്ടു ദിവസത്തേക്കു മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അറിയിച്ചിരുന്നു. ഇക്കാര്യം മധുവാര്യര്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരനെ ഉടന്‍ തന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പെട്ടെന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. പ്രധാന റോഡുകളെല്ലാം തകര്‍ന്നു. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങളെല്ലാം താറുമാറായ അവസ്ഥയിലാണ്. സംസ്ഥാനത്ത് ഇതുവരെ 25-ഓളം പേര്‍ മഴക്കെടുതിയില്‍ മരിച്ചു. അഞ്ഞൂറോളം പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.