വൈവിധ്യമാര്‍ന്ന ഭാഷാഭേദങ്ങളുള്ള നാടാണ് ഇന്ത്യയെന്നും ഭൂരിപക്ഷമുള്ള ജനസമൂഹത്തിന് ഒരു ഭാഷയില്ലെന്നും മലയാളത്തിലെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. ഹിന്ദി നമ്മുടെ ഭൂരിപക്ഷ ഭാഷയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഗമണ്ണിലെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ ലാറ്റിറ്റ്യൂഡ് 2019-ന്റെ ഭാഗമായി നടന്ന പ്രഭാഷണത്തില്‍ മാറ്റത്തിനു വേണ്ടിയുള്ള കവിത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കുരീപ്പുഴ ശ്രീകുമാര്‍.
സമരചരിത്രങ്ങളിലൂടെയാണ് മലയാളകവിത വികാസം പ്രാപിച്ചത്. എഴുത്തച്ഛനും കുമാരനാശനുമൊക്കെ ഈ സമരവഴിയിലൂടെ സഞ്ചരിച്ചവരാണ്. മുദ്രാവാക്യങ്ങള്‍ അവകാശപ്രഖ്യാപന കവിതകളാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള കവിതയിലെ ആദ്യത്തെ ഫെമിനിസ്റ്റ് ആഖ്യാനമുള്ളത് ഉണ്ണിയാര്‍ച്ചപ്പാട്ടിലാണെന്നും കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍, ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1,2 തീയതികളിലാണ് ലാറ്റിറ്റ്യൂഡ് സംഘടിപ്പിച്ചിരിക്കുന്നത്. കല,വാസ്തുകല, ക്രാഫ്റ്റ് തുടങ്ങി വിവിധ മേഖലകളിലായി 15-ലധികം ശില്പശാലകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, കലാസന്ധ്യ എന്നിവ മേളയുടെ ഭാഗമായി അവതരിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യസംരംഭങ്ങള്‍, നൃത്തം, നഗരാസൂത്രണം, ഭാഷ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്.