ഭാരതീയര്‍ പരിപാവനമായി കരുതുന്ന ചടങ്ങാണ് വിദ്യാരംഭം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമി ദിനത്തില്‍ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പണ്ടുമുതല്ക്കേ ഈ ചടങ്ങ് നടത്താറുണ്ടെങ്കിലും ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി.സി ബുക്സാണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്കാരിക സംഘടനകളും ആ മാതൃക പിന്തുടര്ന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീനമാതൃക നല്കി സ്വന്തം സ്ഥാപനത്തിന് മുന്നിലെ സരസ്വതീമണ്ഡലപത്തില് നൂറുകണക്കിന് കുട്ടികളെ എഴുത്തിനിരുത്തലിന് നേതൃത്വം നല്‍കിയത്. ഇന്നും ആ മാതൃക ഡി സി ബുക്സ് പിന്തുടരുന്നു.
മലയാളത്തിന് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്കിയ സാഹിത്യകാരന് ഒ.വി വിജയന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ ഭൂമികയായ തസ്രാക്കില്‍ വെച്ചാണ് ഇത്തവണ വിദ്യാരംഭദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ഡി സി ബുക്സും ഒ വി വിജയന് സ്മാരകസമിതിയും സംയുക്തമായാണ് കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ എട്ടാം തീയതി രാവിലെ എട്ടിന് ഒ.വി.വിജയന് സ്മാരകത്തില്‍ വെച്ച് എഴുത്തുകാരനായ വി.കെ ശ്രീരാമന്, നിരൂപകനായ ഡോ. പി.കെ രാജശേഖരന്, സാംസ്കാരികപ്രവര്ത്തകന് ടി.ആര് അജയന് എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും. തുടര്‍ന്ന് കുട്ടികള്‍ക്കായി കഥയരങ്ങും ഇവിടെവെച്ച് സംഘടിപ്പിക്കുന്നു.
ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിളിക്കേണ്ട നമ്പര്‍: 9947055000