
നവംബര്‍ ലക്കം പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ച പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്റെ ആത്മകഥയെക്കുറിച്ച് പരാമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ഡോ.എസ്. ശാരദക്കുട്ടി. പ്രതിഭാശാലിയായ ഒരു സംവിധായകന്റെ വലിയ സ്വപ്നങ്ങളെ സിനിമയിലെ തമ്പുരാക്കന്മാര്‍ ചവിട്ടിത്തേച്ച കഥയാണിതെന്ന് സൂചിപ്പിച്ച ശാരദക്കുട്ടി സിനിമാമേഖലയില്‍ വര്‍ണ്ണ-വര്‍ഗ്ഗ-ജാതി ഭേദങ്ങളില്ല എന്ന് പറയാനെളുപ്പമാണെങ്കിലും പക്ഷെ, കഴിവു കണ്ടു ഭയന്നിട്ട് തമ്പുരാക്കന്മാര്‍ മുളയിലേ ചവിട്ടിയരച്ചു നശിപ്പിച്ച അനേകായിരങ്ങളുണ്ടെന്നതാണ് സത്യമെന്ന് പറയുന്നു.
ശാരദക്കുട്ടിയുടെ കുറിപ്പില്‍നിന്നും
മലയാള സിനിമയിലെ ഉന്മൂലനത്തിന്റെ പെരുന്തച്ചന്‍ കോംപ്ലക്‌സുകള്‍
പെരുന്തച്ചന്റെ സംവിധായകന്‍ ശ്രീ. അജയനെ നേരില്‍ പരിചയപ്പെടുന്നത്, 2009-ല്‍ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരിക്കുമ്പോഴാണ്. അന്ന് ഞാനും ആ കമ്മിറ്റിയില്‍ ഒരംഗമായിരുന്നു. അദ്ദേഹത്തോട് വലിയ ബഹുമാനവും ആരാധനയുമായിരുന്നു എനിക്ക്. എന്നാല്‍ ഏതോ വലിയ നിരാശ ബാധിച്ചിട്ടെന്നവണ്ണം അദ്ദേഹം പൂര്‍ണ്ണമായും നിശ്ശബ്ദനായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. വിധുബാലയും കെ.മധുവും ഒക്കെ അദ്ദേഹത്തിന്റെ വലുതായ മാറ്റത്തെക്കുറിച്ച് ആകുലതയോടെ സംസാരിക്കുന്നത് ഞാനോര്‍ക്കുന്നു. മൗനിയായി ഒരു മൂലയിലിരുന്നു അജയന്‍ സര്‍. സിനിമയുടെ വിലയിരുത്തലുകള്‍ നടക്കുമ്പോള്‍ മാത്രം വായ തുറന്ന് സൂക്ഷ്മതയോടെ, ശ്രദ്ധിച്ച് എന്തെങ്കിലും പറയും. അഗാധമായിരുന്നു ആ സങ്കടങ്ങളെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
ഈ ലക്കം പച്ചക്കുതിരയില്‍ ഹൃദയസ്പര്‍ശിയായ ആ ആത്മകഥയുടെ ഒരു ഭാഗമുണ്ട്. പ്രതിഭാശാലിയായ ഒരു സംവിധായകന്‍ ഒറ്റച്ചിത്രത്തില്‍ ഒതുങ്ങിപ്പോയ കഥ. വലിയ സ്വപ്നങ്ങളെ സിനിമയിലെ തമ്പുരാക്കന്മാര്‍ ചവിട്ടിത്തേച്ച കഥ. മാണിക്യക്കല്ല് എന്ന വലിയ സ്വപ്നം പൊലിഞ്ഞ കഥ. ഗുഡ്‌നൈറ്റ് മോഹനും പ്രിയദര്‍ശനും കഥയില്‍ പ്രതിഭാഗത്തുണ്ട്.
തനിക്കേറ്റവും പ്രിയപ്പെട്ട ഭരതനും പത്മരാജനുമായി അകലാനുണ്ടായ കാരണവും ആത്മകഥയില്‍ പറയുന്നു. എല്ലാവരും കൂടിയിരുന്നു തമാശ പറയുന്നതിനിടയില്‍ താന്‍ പറഞ്ഞ കമന്റ് ഇഷ്ടമാകാതിരുന്നപ്പോള്‍ ഭരതന്‍ കാലു മടക്കി മുഖത്തടിച്ചത്. മറ്റൊരു ലൊക്കേഷനില്‍ ‘ഇനി മേലില്‍ എന്റെ ലൊക്കേഷനില്‍ നീ കസേരയിലിരിക്കരുതെ’ന്ന് പത്മരാജന്‍ പറഞ്ഞത്. ദേഷ്യവും പ്രയാസവും അപമാനവും മൂലം തനിക്ക് എന്നെന്നേക്കുമായി ഈ ആത്മബന്ധുക്കളോട് വിട പറയേണ്ടി വന്നത്.
ചില സമകാല സംഭവങ്ങള്‍ ഓര്‍മ്മയില്‍ വന്നു ഇതു വായിച്ചപ്പോള്‍. കഴിവുകൊണ്ട് മാത്രം അപമാനങ്ങളെ അതിജീവിച്ചു രക്ഷപ്പെട്ട ഒന്നിലധികം പേരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സിനിമാ മേഖലയില്‍ വര്‍ണ്ണവര്‍ഗ്ഗ ജാതി ഭേദങ്ങളില്ല എന്ന് പറയാനെളുപ്പമാണ് . പക്ഷേ, കഴിവു കണ്ടു ഭയന്നിട്ട് തമ്പുരാക്കന്മാര്‍ മുളയിലേ ചവിട്ടിയരച്ചു നശിപ്പിച്ച അനേകായിരങ്ങളുണ്ടെന്നതാണ് സത്യം. അവര്‍ സാക്ഷ്യം പറയാന്‍ വൈകിപ്പോകുന്നു. അല്ലെങ്കില്‍ അവശേഷിക്കുന്നില്ല. പിന്നീട് കെട്ടിപ്പിടിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞ് കൈകോര്‍ത്തു പിരിഞ്ഞാലും മുറിവുകള്‍ ഉണങ്ങുവാന്‍ കാലങ്ങളെടുക്കും. ഉണങ്ങി, വടുക്കെട്ടിപ്പോയ മുറിവുകളില്‍ നിന്നു പോലും ചോര പൊടിയുന്നത് ഈ അനുഭവങ്ങളിലുണ്ട്.