കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതിയാണ് ആര്‍.കെ.ബിജുരാജ് തയ്യാറാക്കിയിരിക്കുന്ന നക്‌സല്‍ ദിനങ്ങള്‍. കുന്നിക്കല്‍ നാരായണനില്‍ നിന്നുതുടങ്ങി വര്‍ഗ്ഗീസിലൂടെയും എ.വാസുവിലൂടെയും കെ.വേണുവിലൂടെയും പല ധാരകളായി വളര്‍ന്ന്, പലവട്ടം തളര്‍ന്ന്, പിന്നെയും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം ധീരവിപ്ലവകാരികളുടെ ചരിത്രകഥയാണിത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നക്‌സല്‍ ദിനങ്ങളുടെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
നക്‌സല്‍ ദിനങ്ങള്‍ എന്ന കൃതിക്ക് ആര്‍.കെ. ബിജുരാജ് ആമുഖമായി എഴുതിയത്
ചരിത്രത്തിന് ഒരു മുഖവുര
ചരിത്രം ഒട്ടും ലളിതമല്ല. സത്യവും മിഥ്യയും തിരിച്ചറിയാനാവാത്ത സങ്കീര്‍ണ്ണത ചരിത്രത്തിനെന്നുമുണ്ട്. ഏകദേശം അഞ്ചു പതിറ്റാണ്ടിന്റെ അനുഭവങ്ങളേ നക്‌സലൈറ്റ് പ്രസ്ഥാനത്തിനുള്ളൂ എന്നുവേണമെങ്കില്‍ വാദിക്കാം. എന്നാല്‍, മറ്റേതൊരു മുന്നേറ്റത്തേയുംപോലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം അന്വേഷിക്കുന്ന ഒരാള്‍ ചില തിരിവുകളില്‍ വഴിയറിയാതെ പതറും. കാരണം നക്‌സലൈറ്റ് ചരിത്രം ഒരിക്കലും ഒരൊറ്റ രേഖയില്‍ പറഞ്ഞൊപ്പിക്കാനാവില്ല എന്നതുതന്നെ. കെട്ടുപിണഞ്ഞുകിടക്കുന്ന, അനേകം ഉപകഥകളുള്ള വലിയൊരു ആഖ്യായികയാണത്.
പ്രസ്ഥാനത്തിന് പുറത്ത് നക്‌സലൈറ്റുകളെ കൃത്യമായി മനസ്സിലാക്കിയോ എന്നുപോലും സംശയം. ‘നക്‌സലൈറ്റ്’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഒരു ഫാഷനായോ, അല്ലെങ്കില്‍ ഗൃഹാതുരതയായോ, അലസിപ്പോയ പെറ്റിബൂര്‍ഷ്വാ കലാപമായോ തോന്നുന്നുവെങ്കില്‍ കുറ്റം പറയാനാവില്ല. മാധ്യമങ്ങളും സിനിമയും മുന്‍ നക്‌സലൈറ്റുകളുടെ പഴങ്കഥപറച്ചിലുകളുംകൂടി നമ്മളിലേക്ക് പകര്‍ന്നത് അത്തരമൊരു അഴിഞ്ഞാട്ടത്തിന്റെ വീരസ്യമാണ്.
കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യഘട്ടം മുതല്‍തന്നെ മൂന്ന് പ്രധാന ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം. അതിനിടയില്‍ അവര്‍തന്നെ പരസ്പരം ആരോപണം ഉന്നയിക്കുകയു ചെളിവാരിയെറിയുകയും ചെയ്തു. പിന്നീട് പ്രസ്ഥാനത്തില്‍നിന്ന് അകന്ന് പലവഴിക്കായവരാകട്ടെ പലതരത്തിലുള്ള ആരോപണങ്ങളും അവമതികളും സംഘടനയ്ക്കു നേരേ ചൊരിഞ്ഞു. അവര്‍ക്കുനേരേ പ്രസ്ഥാനത്തിലുള്ളവരും ചെളിവാരിയെറിഞ്ഞു. അങ്ങനെ ഈ വിഴുപ്പലക്കലുകള്‍ക്കിടയില്‍ എവിടെയൊക്കെയോ ആയി യഥാര്‍ത്ഥ ചരിത്രം. അതിനിടയില്‍നിന്ന് സത്യം കണ്ടെത്തുക ശ്രമകരമാണ്.
എങ്കിലും തര്‍ക്കമില്ലാത്ത ചില കാര്യങ്ങളുണ്ട്. കേരളത്തിന്റെ അഞ്ചു പതിറ്റാണ്ടുകളെ ഇത്രമേല്‍ മാറ്റിമറിക്കുകയും ചലിപ്പിക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങളെ (വര്‍ഗ്ഗം, ജാതി, ലിംഗം) പ്രതിനിധീകരിക്കുക യും ചെയ്ത സത്യസന്ധവും ത്യാഗസന്നദ്ധവും ആത്മാര്‍ത്ഥതയുമുള്ള മറ്റൊരു പ്രസ്ഥാനം വേറെയുണ്ടായിട്ടില്ല. പ്രസ്ഥാനത്തില്‍നിന്ന് വേറിട്ടുപോയവരാകട്ടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പോരാടിക്കൊണ്ടേയിരിക്കുന്നു.
നക്‌സലൈറ്റുകള്‍ എന്തായിരുന്നു? അവരെങ്ങനെയാണ് കലാപം ചെയ്തത്? എന്തായിരുന്നു അവരുടെ പ്രവര്‍ത്തനം? അവരിപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് ഈ പുസ്തകത്തിലേക്ക് എത്തിക്കുന്നത്.
നക്‌സലൈറ്റ് ചരിത്രമെന്ന തരത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതാകട്ടെ ചില വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍മാത്രമാണ്. പിന്നെ ചില അഭിമുഖങ്ങളും. ഈ ശ്രമങ്ങള്‍ക്കെല്ലാം ഗുരുതരമായ കുഴപ്പങ്ങളുണ്ടായിരുന്നു. അവ തങ്ങളെയോ തങ്ങള്‍ പ്രതിനിധീകരിച്ചിരുന്ന വിഭാഗത്തെയോ മാത്രം ഉയര്‍ത്തിക്കാട്ടുകയും മറ്റെല്ലാ പ്രവര്‍ത്തനങ്ങളെയും ഇകഴ്ത്തിക്കാട്ടുകയും ചെയ്തു. താനും തന്റെ ഗ്രൂപ്പും ശരി. മറ്റെല്ലാവരും തെറ്റ്, അവരെല്ലാം ഭീരുക്കള്‍-ഇതായിരുന്നു ആത്മകഥാക്കുറിപ്പുകളുടെ പൊതുപ്രവണത. സത്യം പലപ്പോഴും അവര്‍ പറഞ്ഞതായിരുന്നില്ല.
കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് മൂന്ന് സുപ്രധാനഘട്ടങ്ങളുണ്ട്. കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ മാവോ സാഹിത്യങ്ങളുടെ പ്രചാരണത്തോടെ തുടങ്ങി വെള്ളത്തൂവല്‍ സ്റ്റീഫന്റെ അറസ്‌റ്റോടെ ഏറക്കുറെ നിര്‍ജീവമാകുന്നതാണ് ഒന്നാംഘട്ടം (1967-1971). തലശ്ശേരി-പുല്‍പ്പള്ളി കലാപവും പാര്‍ട്ടിരൂപീകരണവും ഉന്മൂലനങ്ങളും നടക്കുന്ന ഈ ആദ്യഘട്ടം ഭരണകൂട അടിച്ചമര്‍ത്തലിലൂടെയാണ് ഏറക്കുറെ അവസാനിക്കുന്നത്.
അടിയന്തരാവസ്ഥയ്ക്ക് തൊട്ട് മുമ്പു തുടങ്ങുന്ന രണ്ടാം ഘട്ടം പുനഃസംഘടനയുടേതാണ്. കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുന്ന ഈ കാലഘട്ടം 1992-ല്‍ അവസാനിക്കുന്നു. ആ സമയത്ത് പാര്‍ട്ടി പിരിച്ചുവിടപ്പെട്ടു. യഥാര്‍ത്ഥത്തില്‍ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന സംഘടനയുടെ ചരിത്രം കൂടിയാണ് ഈ കാലഘട്ടം (1971-1992).
പിന്നീട് നമ്മള്‍ കാണുന്നത് പിരിച്ചുവിടലിനെ അതിജീവിച്ച് പതിയെ ഇഴഞ്ഞും വലഞ്ഞും മുന്നോട്ട് നീങ്ങുന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ മൂന്നാം ഘട്ടമാണ്. ആ ഘട്ടത്തിന്റെ വര്‍ത്തമാന അന്ത്യത്തില്‍ മാവോയിസ്റ്റുകള്‍ അഥവാ മാവോ വാദികള്‍ ആയുധവുമായി രംഗപ്രവേശം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ ചരിത്രം മൂന്നു കാലഘട്ടത്തെയും മൂന്ന് പ്രധാന ഭാഗങ്ങളാക്കി തിരിച്ചാണ് അവതരിപ്പിക്കുന്നത്.
എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് എന്തായിരിക്കണം രചനയുടെ സ്വഭാവം എന്ന് പലവട്ടം ആലോചിച്ചിരുന്നു. വേണമെങ്കില്‍ കഥ പറച്ചിലിന് പ്രാമുഖ്യവും വായനയ്ക്ക് സുഖവും നല്‍കുന്ന ഒരു രീതി എളുപ്പം തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍, തേടിപ്പിടിച്ച വിവരങ്ങള്‍ എല്ലാംതന്നെ ഭാവിയിലെ അത്തരം പുസ്തകങ്ങള്‍ക്കു കൂടി സഹായമാകുംവിധത്തില്‍ രേഖപ്പെടുത്തല്‍(ഡോക്യുമെന്ററി)തലത്തില്‍ നിര്‍ ത്താനാണ് ഒടുവില്‍ തീരുമാനിച്ചത്. അതിന് പ്രേരിപ്പിച്ച ഒരു ഘടകം വരുംകാല പോരാട്ടങ്ങളെ സഹായിക്കല്‍തന്നെയാണ് രചനയുടെ
മുഖ്യലക്ഷ്യം എന്നതാണ്. അപ്പോള്‍ കഥപറച്ചിലിന്റെ രീതിക്ക് കുറഞ്ഞ പ്രാധാന്യമേ വരുന്നുള്ളൂ. മറ്റു പലരെയും പോലെ നക്‌സലിസത്തെ കാല്പനികതയുടെയും വൈകാരികതയുടെയും തലത്തില്‍ സമീപിക്കുന്നത് ശരിയല്ലെന്ന് അറിയാം. ഇതിലെ പാഠങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഭാവി മുന്നേറ്റങ്ങളെ സഹായിച്ചാല്‍ അതുതന്നെ ധാരാളം.
നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഈ ചരിത്രം പലരെയും ചൊടിപ്പിക്കാനിടയുണ്ട്. പലര്‍ക്കും ഇതിലെ വിവരങ്ങള്‍ അപ്രിയങ്ങളാവാം. ചരിത്രത്തോടു നീതിപുലര്‍ത്തുക എന്നതിനുമാത്രമാണ് ഇവിടെ ഊന്നല്‍. ഒരേ സംഭവം പല കോണില്‍നിന്ന് അന്വേഷിക്കുകയും അവയില്‍ പങ്കാളികളായവരോട് നേരിട്ട് തിരക്കുകയും ചെയ്ത് ചരിത്ര യാഥാര്‍ത്ഥ്യങ്ങളോട് ഒത്തുപോകാന്‍ ശ്രമിച്ചിട്ടുണ്ട്.
നക്‌സലൈറ്റ് പ്രസ്ഥാനം തെറ്റാണെന്നോ ശരിയാണെന്നോ വാദിക്കുക ഈ ചരിത്രമെഴുത്തിന്റെ ലക്ഷ്യമല്ല. പരാജയമാണെന്നോ വിജയമാണെന്നോ പറയാനും ഉദ്ദേശിക്കുന്നില്ല. അനാവശ്യമെന്നും കാലാഹരണപ്പെട്ടുവെന്നും വാദിച്ച് നക്‌സലൈറ്റ് പ്രസ്ഥാനത്തെ എതിര്‍ക്കുന്ന വരുണ്ടാകാം. അവരുമായുള്ള വാദപ്രതിവാദത്തിന് ഒരു ശ്രമം ഈ പുസ്തകത്തിലില്ല. വിലയിരുത്തലുകള്‍ വായനക്കാര്‍ക്ക് സ്വന്തം രാഷ്ട്രീയ-വര്‍ഗ്ഗ താത്പര്യങ്ങള്‍ക്കനുസരിച്ചു തീരുമാനിക്കാം. കേരള ത്തിന്റെ ചരിത്രത്തെ നക്‌സലൈറ്റ് പ്രസ്ഥാനം എങ്ങനെയൊക്കെ മാറ്റിമറിച്ചു എന്നുള്ള അന്വേഷണംകൂടിയാണ് ഇത്. പതിനഞ്ച് വര്‍ഷ ത്തിലേറെ നീണ്ട അന്വേഷണം ഈ ചരിത്രമെഴുത്തിനു പിന്നിലുണ്ട്. പ്രസ്ഥാനത്തില്‍ പങ്കാളിയായ പ്രശസ്തരും അപ്രശസ്തരുമായ പലരെയും കണ്ട് വിവരങ്ങള്‍ കൃത്യമാക്കാന്‍ പണിപ്പെട്ടിട്ടുണ്ട്. കഴിയാവുന്നത്ര നക്‌സലൈറ്റ് രേഖകള്‍ കണ്ടെത്തി വസ്തുനിഷ്ഠമാക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. എങ്കിലും അപൂര്‍ണ്ണമാണ്. പറഞ്ഞതിനപ്പുറം മറ്റ് പല യാഥാര്‍ത്ഥ്യങ്ങളുണ്ടാവാം. പല പ്രധാന സംഭവങ്ങളും വ്യക്തികളും വിട്ടുപോയിട്ടുണ്ടാവാം. എന്നാല്‍ അത് ചൂണ്ടിക്കാട്ടുന്നതനുസരിച്ച് തിരുത്താവുന്നതേയുള്ളൂ. ഒരു വേള, ഇനിയും കൂട്ടിച്ചേര്‍ക്കലുകളും മാറ്റിയെഴുത്തലുകളും ആവശ്യമാണെന്നും വരാം. അതിനുവേണ്ടി താളുകള്‍ എപ്പോഴും തുറന്നുവച്ചിരിക്കുന്നു.