സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുകയാണ് സജീവ് പിള്ള മാമാങ്കം എന്ന നോവലിലൂടെ. മാമാങ്കകാലഘട്ടത്തെയും അക്കാല ജീവിതത്തെയും പൂര്‍ണ്ണതയോടെ ആവിഷ്‌കരിച്ച ഈ നോവല്‍ ഭാഷയ്ക്ക് ലഭിച്ച അപൂര്‍വ്വ ലബ്ധിയാണ്.
മാമാങ്കത്തെക്കുറിച്ച് സജീവ് പിള്ള പറയുന്നു
ചരിത്രത്തിലെ സവിശേഷമായ ഒരു സംക്രമണഘട്ടത്തെ അവതരിപ്പിക്കുകയാണ് മാമാങ്കം എന്ന നോവലിലൂടെ. വലിയ ശക്തികളോട് വളരെ ചെറിയ ശക്തികൊണ്ട് വലിയ ചോദ്യങ്ങളുയര്‍ത്താന്‍ പ്രാപ്തരായിരുന്നവരാണ് ചാവേറുകള്‍. മലപ്പുറം ജില്ലയിലെ പാങ്ങില്‍ ഇപ്പോഴുമുള്ള ചാവേര്‍ തറയിലൂടെ എന്നും നമ്മുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന ചാവേര്‍ ചന്തുണ്ണി എന്ന പതിമൂന്നുകാരന്റെ കഥയാണിത്.
ചരിത്രപുസ്തകങ്ങളിലൂടെ നാം കേട്ടുപഴകിയ മാമാങ്കം എന്ന ഉത്സവമല്ല, മറിച്ച് സുപ്രധാനമായ ഒരു ചരിത്രസന്ദര്‍ഭത്തെയാണ് ഈ നോവലില്‍ പുനരാവിഷ്‌കരിക്കുന്നത്. ഒരു ജിഗ്‌സോപസിലിന് സമാനമായ കുറ്റാന്വേഷണകഥയാണിത്. ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ടുമൂന്നു പ്രധാനകഥാപാത്രങ്ങളൊഴികെ ബാക്കിയെല്ലാവരും തന്നെ ഭാവനാസൃഷ്ടിയാണ്.
അപരിഹാര്യമായ ജീവിതസന്ദര്‍ഭങ്ങളെ മനുഷ്യന്‍ എപ്രകാരമാണ് സര്‍ഗ്ഗാത്മകമായി നേരിടുക എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് മാമാങ്കം എന്ന നോവല്‍.