ചിലരങ്ങനെയാണ്..ജീവിതംകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകംപോലെ..എത്ര മറിച്ചാലും തീരാത്ത താളുകള്‍പോലെ, അവര്‍ നമുക്കു മുന്നില്‍ വളര്‍ന്നു വളര്‍ന്നു നില്‍ക്കും. കണ്ടുപഠിക്കാന്‍ ഏറെയുണ്ടാകും ആ ജീവിതങ്ങളില്‍ നിന്ന്. മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ഇന്ദ്രന്‍സ് എന്ന നടനും അതുപോലെയാണ്.
സുരേന്ദ്രന്‍ എന്ന നാട്ടുമ്പറത്തുകരാന്‍ ഇന്ദ്രന്‍സ് എന്ന സിനിമാനടനിലേക്ക് എത്തിയതിനുപിന്നില്‍ നിറംകെട്ട ഒരുപാട് അനുഭവങ്ങളുണ്ട്. പട്ടിണിയും സങ്കടങ്ങളുമുണ്ട്. ഒരു കാറ്റിനും ഊതിക്കെടുത്താന്‍പറ്റാത്ത നിശ്ചയദാര്‍ഢ്യമുണ്ട്. ഈ അനുഭവതീക്ഷ്ണതകൊണ്ടാണ് അദ്ദേഹത്തെ മലയാളത്തിന്റെ ചാര്‍ലി ചാപ്ലിന്‍ എന്ന് വിശേഷിപ്പിക്കുന്നത്.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വെറും നാലാംക്ലാസ് വിദ്യാഭ്യാസം കൊണ്ട് തന്റെ പഠിത്തംനിര്‍ത്തേണ്ടി വന്ന സുരേന്ദ്രന്‍ പിന്നീട് സാഹചര്യങ്ങളോട് പടവെട്ടിയാണ് ജീവിച്ചത്. ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന ജീവിതഭൂമികയിലാണ് അദ്ദേഹം ജീവിതച്ചുവടുറപ്പിച്ചത്. അമ്മാവനായ അപ്പുമാമന്റെ തയ്യക്കടയില്‍ കൈത്തുന്നലില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ജീവിതം. പിന്നീട് പലനിറങ്ങളില്‍, ഇഴകളില്‍ തുന്നിയെടുത്തു. കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി അലങ്കാരമേലാപ്പുകള്‍ തയ്‌ച്ചൊരുക്കി സിനിമയില്‍ ആരംഭംകുറിച്ചു. പിന്നീടെപ്പോഴോ..അതിലൊന്നണിഞ്ഞ് അഭ്രപാളിയിലെത്തി, ഇപ്പോഴും സജീവമായിതുടരുന്നു.
ഇങ്ങനെ മലയാളസിനിമയുടെ സൗന്ദര്യസങ്കല്പം മാറ്റിമറിച്ച ഇന്ദ്രന്‍സ് തന്റെ കണ്ണീരുപ്പുനിറച്ച ജീവിതത്തിലെ തളര്‍ച്ചയുടെയും വളര്‍ച്ചയുടെയും കഥകള്‍ ഓര്‍ത്തെടുത്ത് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് സൂചിയും നൂലും എന്ന പുസ്തകത്തിലൂടെ. തന്റെ കാലത്തിന് മണ്ണും വെള്ളവുമായ തയ്യല്‍ത്തൊഴിലിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് സൂചിയും നൂലും എന്ന പുസ്തകത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്. ഒരു സാധാരണ തയ്യല്‍ക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥപറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ് ഈ ഓര്‍മ്മപുസ്തകത്തിലൂടെ.
ഇന്ദ്രന്‍സിനൊപ്പം മാധ്യമപ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തും ചേര്‍ന്നാണ് സൂചിയും നൂലും തയ്യാറാക്കിയത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
The post സൂചിയും നൂലും ഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍ appeared first on DC Books.