ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യവാദികളും വിമതരും. അമര്‍ത്യ സെന്നും എറിക് ഹോബ്‌സോമും ഡി ഡി കൊസാംബിയും യു.ആര്‍.അനന്തമൂര്‍ത്തിയും പോലുള്ള ധിഷണാശാലികളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ. കാശ്മീര്‍ പ്രശ്‌നവും ശ്രീലങ്കയിലെ തമിഴ് പ്രശ്‌നങ്ങളും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളും തുടങ്ങി ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ത്യയും ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന അതീവപ്രാധാന്യമുള്ള വിഷയങ്ങളിലേക്കുള്ള വാതായനങ്ങളാണ് ഈ കൃതി വായനക്കാര്‍ക്കായി തുറന്നിടുന്നത്.കെ.സി.വില്‍സണ്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഈ കൃതി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖത്തില്‍ രാമചന്ദ്ര ഗുഹ കുറിക്കുന്നു
ഈ രാജ്യത്തിന്റെ പരിണാമവും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഏകീകരണവുമെല്ലാം പഠിച്ചപ്പോള്‍ ഒരു കാര്യം എനിക്ക് വ്യക്തമായിത്തീര്‍ന്നു. മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ പരീക്ഷണമാണ് ഇന്ത്യന്‍ റിപ്പബ്ലിക് എന്ന്. സാമൂഹികശാസ്ത്രപരമായ വിശ്ലേഷണവും ചരിത്രപരമായ ഗവേഷണവും സ്വന്തം അനുഭവങ്ങളും ഉപയോഗപ്പെടുത്തി നടന്നുകൊണ്ടിരിക്കുന്ന ഈ പരീക്ഷണത്തിന്റെ വിവിധ മുഖങ്ങള്‍ പഠിക്കുവാനുള്ള ശ്രമങ്ങളാണ് ഈ ലേഖനത്തിലുള്ളത്.
ജനാധിപത്യവാദികളും വിമതരും എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ ഇന്ത്യയിലേക്കും അതിന് പുറത്തും ഉള്ള സാമൂഹിക- രാഷ്ട്രീയ പഠനങ്ങളാണുള്ളത്. രണ്ടു ലേഖനങ്ങള്‍ നമുക്ക് സങ്കീര്‍ണ്ണമായ തര്‍ക്കങ്ങളുള്ള അയല്‍രാജ്യങ്ങളെ സംബന്ധിച്ചതാണ്. ചൈനയും പാകിസ്ഥാനും അവയുടെ ആധുനിക രാഷ്ട്രീയചരിത്രങ്ങളെ ഇന്ത്യയുടേതുമായി താരതമ്യം ചെയ്യുന്നു. മൂന്നാമത്തെ ലേഖനത്തില്‍ ഇന്ത്യയിലും ശ്രീലങ്കയിലും ഉള്ള ജനാധിപത്യവും അക്രമവുംകൂടിയുള്ള വിചിത്രമായ സഹജീവിതത്തെക്കുറിച്ചുള്ള പഠനമാണ്.
ഈ ലേഖനങ്ങളില്‍ താരതമ്യ പഠനങ്ങളാണുള്ളത്. എന്നാല്‍ ഈ താരതമ്യപഠനങ്ങള്‍ ഒന്നാം ഭാഗത്തില്‍ അവശേഷിക്കുന്ന ലേഖനങ്ങളിലും കാണുവാന്‍ കഴിയും. ആദിവാസികളുടെ ദുരിതങ്ങളെ അപഗ്രഥിക്കുമ്പോള്‍ ഇന്ത്യയില്‍ അതുപോലെതന്നെ കഷ്ടപ്പാടുകളനുഭവിക്കുന്ന രണ്ട് സമൂഹങ്ങളായ ദലിതരുടെയും മുസ്‌ലിങ്ങളുടെയും അവസ്ഥയുമായി താരതമ്യപഠനം നടക്കുന്നു. അതുപോലെതന്നെ ഇന്ന് ദൈന്യാവസ്ഥയിലായ
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പഴയകാല രാഷ്ട്രീയമേധാവിത്തകാലവുമായി താരതമ്യപഠനം നടക്കുന്നു.
അനേകവര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഞാന്‍ ഔദ്യോഗികമായി യൂണിവേഴ്‌സിറ്റിയെ വിട്ടുപോന്നുവെങ്കിലും പ്രാഥമികമായി ഒരു വിജ്ഞാനിയും രണ്ടാമനായി മാത്രം ഒരു എഴുത്തുകാരനുമായിട്ടാണ് ഞാന്‍ സ്വയം കാണുന്നത്. ചില യൂണിവേഴ്‌സിറ്റി വകുപ്പുകള്‍ സ്വതന്ത്രചിന്താഗതി ഉപേക്ഷിച്ച് ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കാര്യങ്ങളെ നിരീക്ഷിക്കുന്ന അവസ്ഥയിലാണിന്ന് എത്തിനിന്നതെങ്കിലും അവിടെത്തന്നെ സ്വതന്ത്രചിന്താഗതിക്കാരായി നിലനില്‍ക്കുന്ന വിജ്ഞാനികളോടുള്ള ആദരവ് എനിക്കുണ്ട്. രണ്ടാം ഭാഗം തുടങ്ങുന്നത് ഇന്ത്യയില്‍ പ്രസക്തിയുള്ള രണ്ട് പാശ്ചാത്യവിജ്ഞാനികളെ സംബന്ധിച്ചുള്ള പഠനങ്ങളോടുകൂടിയാകുന്നു. തുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ ചിന്താഗതിക്കാരെപ്പറ്റിയുള്ള പഠനങ്ങളാണുള്ളത്. രണ്ടാം ഭാഗത്തിലെ അവസാനത്തെ ലേഖനത്തില്‍ കൂടുതല്‍ പ്രധാനമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചോദ്യം ഉന്നയിക്കുകയും അതിന് സോപാധികമായ ഒരു ഉത്തരം നല്‍കുകയും ചെയ്യുന്നു. ചോദ്യമിതാണ്- എന്തുകൊണ്ടാണ് ഇന്ത്യയില്‍ യാഥാസ്ഥിതികരായ ബുദ്ധിജീവികള്‍ വളരെ വിരളമായിരിക്കുന്നത്?
രണ്ടാം ഭാഗത്തിലും വിഷയത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ത്തന്നെ താരതമ്യപഠനങ്ങളുമുണ്ട്. എറിക് ഹോബ്‌സ്‌ബോമിനെപ്പറ്റിയുള്ള പഠനത്തില്‍ ഇ.പി.തോംസണുമായുള്ള താരതമ്യപ്പെടുത്തലുണ്ട്. അതുപോലെതന്നെ ആന്ദ്രെ ബെറ്റൈലെയെക്കുറിച്ചുള്ള ലേഖനത്തില്‍ അദ്ദേഹത്തിന്റെ ബൗദ്ധികചരിത്രം അമര്‍ത്യാ സെന്നിന്റേതുമായി താരതമ്യം ചെയ്യപ്പെടുന്നു. അവസാനത്തെ ലേഖനത്തില്‍ മറ്റ് ജനാധിപത്യ രാജ്യങ്ങളായ ഇംഗ്ലണ്ടിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലും സജീവമായ യാഥാസ്ഥിതിക ബുദ്ധിജീവികളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ ഇന്ത്യയിലാകട്ടെ അങ്ങനെയൊരു ചിന്താപക്ഷം ഏതാണ്ട് അസന്നിഹിതമായിരിക്കുന്നതിന്റെ കാരണമെന്താണെന്ന ചോദ്യം ഉന്നയിക്കുന്നു.