ദേശീയ പുരസ്‌കാരം നേടിയ പെരുന്തച്ചന്‍ എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില്‍ ഇടം നേടിയ സംവിധായകന്‍ അജയന്റെ ആത്മകഥയാണ് മകുടത്തില്‍ ഒരു വരി ബാക്കി. അജയന് തന്റെ സ്വപ്‌നചിത്രമായ മാണിക്ക്യക്കല്ല് പൂര്‍ത്തിയാക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? മലയാളസിനിമയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുകേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മകഥ. മൂലധനതാത്പര്യങ്ങളും ചതിയും വിവേചനങ്ങളും നല്ല സിനിമകളെ എങ്ങനെയാണ് കൊന്നുകളയുന്നതെന്നു മറയില്ലാതെ അജയന്‍ എഴുതുന്നു. സിനിമാലോകത്തെ ഞെട്ടിക്കുന്ന വിവേചനങ്ങളും അടുപ്പങ്ങളും അധോലോകങ്ങളും വെളിപ്പെടുത്തുന്ന അജയന്റെ ആത്മകഥ മകുടത്തില്‍ ഒരു വരി ബാക്കിഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അജയന്റെ ആത്മകഥയെക്കുറിച്ച് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി എഴുതുന്നു
അനേകം അപൂര്‍വ്വതകളുള്ള ഒരു പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയാണ് എന്റെ മുമ്പിലിരിക്കുന്നത്. മരണം ആസന്നമായെന്നു മനസ്സിലാക്കിയ ഒരു കലാകാരന്‍ തന്റെ ജീവിതം പറയാനാഗ്രഹിച്ചു…എഴുതാന്‍ ആരോഗ്യം അനുവദിക്കാത്തതുകൊണ്ട് അയാള്‍ പറയുകയും മറ്റൊരാള്‍ കേട്ടെഴുതുകയും ചെയ്തു. അതുവരെ ആള്‍ക്കൂട്ടത്തോടു തുറന്നു പറയാന്‍ കഴിയാതെപോയ അനുഭവങ്ങളെല്ലാം വിശദമായിത്തന്നെ പറഞ്ഞു. അതുകൊണ്ട് ഇതിനെ ‘ആത്മകഥ’ എന്നു വിളിക്കാം. എന്നാല്‍ നാം ഇതുവരെ വായിച്ചിട്ടുള്ള ആത്മകഥകളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത്. സഹാനുഭൂതി നിറഞ്ഞ ഹൃദയത്തോടെ വായിക്കുന്ന ചിലര്‍ക്കെങ്കിലും ഇത് അതിമനോഹരമായ പ്രണയകഥയാണെന്നും തോന്നാം. ചലച്ചിത്രം എന്ന മാധ്യമത്തില്‍ അസാധാരണമായ പരിജ്ഞാനമുള്ള ഒരു സാങ്കേതികവിദഗ്ദ്ധന്റെ നിഗമനങ്ങള്‍ നിറഞ്ഞ ഒരു പഠനഗ്രന്ഥത്തിന്റെ സ്വഭാവവും ഈ കൃതിയിലെ ചില പ്രസക്തഭാഗങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
‘പെരുന്തച്ചന്‍’ എന്ന ഒരേയൊരു ചിത്രത്തിലൂടെ മലയാളസിനിമ സംവിധായകരുടെ മുന്‍നിരയിലിരിക്കാന്‍ യോഗ്യനാണ് താന്‍ എന്ന് പ്രഖ്യാപിച്ച അജയന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകമാണിത്. അജയനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് പ്രശസ്തനും പ്രഗല്ഭനുമായ തോപ്പില്‍ ഭാസിയുടെ മകന്‍ എന്ന നിലയിലാണ്. എഴുത്തുകാരന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും സംഘാടകനെന്ന നിലയിലും വെന്നിക്കൊടി പാറിച്ച തോപ്പില്‍ ഭാസിയുടെ മകന്‍ ജനിച്ചു വളര്‍ന്നതുതന്നെ പ്രതിഭയുടെ പ്രകാശം നിറഞ്ഞ അന്തരീക്ഷത്തിലാണ്. സ്വാഭാവികമായും അയാള്‍ കലാകാരനായി മാറാന്‍ സാധ്യതയുണ്ട്- എങ്കിലും അജയന്‍ പറയുന്നതിങ്ങനെയാണ്:
”അച്ഛന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതു ഞാന്‍ നോക്കിനില്‍ക്കും. ഫൈനല്‍ റിഹേഴ്‌സല്‍ ആകുമ്പോള്‍ പ്രകാശനിയന്ത്രണവും ശബ്ദക്രമീകരണവുമൊക്കെ ഞാന്‍ ശ്രദ്ധിക്കും. അച്ഛന്‍ നാടകം സംവിധാനം ചെയ്യുന്നതു പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു മനസ്സിലാക്കിയിട്ടും ഞാനൊരു സംവിധായകനാകുമെന്നു കരുതിയില്ല.”
പിന്നെ എങ്ങനെയാണ് അജയന്റെ വഴി സിനിമയുടെ രാജവീഥിയില്‍ ചെന്നുചേര്‍ന്നത്? അതു കൗമാരകാലത്ത് അജയനെ കീഴ്‌പ്പെടുത്തിയ ഒരു കഥയാണ്; കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ട ഒരു കഥ. പ്രശസ്തനായ എം.ടി. വാസുദേവന്‍ നായര്‍ ‘സരള’ എന്ന തൂലികാനാമത്തില്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച ‘മാണിക്യക്കല്ല്’, എന്ന കഥ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ്. അജയന്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ‘മാണിക്യക്കല്ല്,’ ഉപപാഠപുസ്തകമായി. ആ കഥ അജയന്റെ മനസ്സിനെ കീഴടക്കി. അത് ഒരു സ്വപ്‌നംപോലെ അജയനെ പിന്തുടര്‍ന്നു.
അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയും ഭരതന്റെയും പത്മരാജന്റെയും അനവധി ചിത്രങ്ങളില്‍ പ്രസാധന സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് ‘മാണിക്യക്കല്ല്’ എന്ന കഥയുടെ ചലച്ചിത്രസാധ്യതകളെക്കുറിച്ച് അജയന്‍ ചിന്തിച്ചുതുടങ്ങിയത്. അതുവരെ അവ്യക്തമായിരുന്ന സ്വപ്‌നം ദൃശ്യകലാരംഗത്തെ അത്ഭുതമായി മാറുന്ന ദിനം അജയന്‍ ഭാവനയില്‍ കണ്ടു… അജയന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കാം:
”സ്‌കൂളും കോളജും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും കടന്ന് ഭരതന്‍-പത്മരാജന്‍ സിനിമകളുടെ അസിസ്റ്റന്റായി എത്തിയപ്പോഴും ‘മാണിക്യക്കല്ല്’ എന്നെ വിടാതെ പിന്തുടര്‍ന്നു. മാണിക്യക്കല്ലിനെ ഞാന്‍ പിന്തുടര്‍ന്നു എന്നു പറയുന്നതും ശരിയാണ്. മാണിക്യക്കല്ലിന് എന്റെ മുന്നില്‍ കാലഭേദമോ പാഠഭേദമോ വ്യതിയാനമോ ചാഞ്ചല്യമോ ഇല്ല, അറിഞ്ഞോ അറിയാതെയോ സമ്മര്‍ദ്ദസാഹചര്യങ്ങളുടെ പിരിമുറുക്കംകൊണ്ടോ ചലച്ചിത്രപ്രവര്‍ത്തനത്തിന്റെ അതുവരെയുള്ള നാള്‍വഴികളിലെ തിക്തമായ അനുഭവംകൊണ്ടോ എന്റെ മനസ്സ് ‘മാണിക്യക്കല്ലിനെ’ ഭ്രമണം ചെയ്തു. മാണിക്യക്കല്ല് എനിക്കു വിട്ടുകളയാന്‍ പറ്റാത്ത സത്യമാണ്. അതെനിക്ക് വിചിത്രകല്പനമായ അനുഭവമാണ്. എന്റെ ഭാവനകളെ ഉണര്‍ത്തിവിട്ട യഥാര്‍ത്ഥ ലോകമാണ്. എന്റെ മനോരഥത്തിലെ വെണ്മയില്‍ കോറിയിട്ട നിറങ്ങളുടെ കേദാരമാണ്.”
ഈ കഥയെക്കുറിച്ചുള്ള തന്റെ ദൃശ്യസ്വപ്‌നങ്ങളെക്കുറിച്ചു പറയുമ്പോള്‍ അജയന്‍ എത്രമാത്രം വാചാലനാകുന്നു! ‘പെരുന്തച്ചന്‍’ എന്ന ചിത്രം സംവിധാനം ചെയ്യുമ്പോഴും അജയന്റെ മനസ്സില്‍നിന്ന് മാണിക്യക്കല്ല് എന്ന സ്വപ്‌നം മാഞ്ഞുപോയില്ല.
ഭാവചിത്രയുടെ പേരില്‍ ജയകുമാര്‍ നിര്‍മ്മിച്ച പെരുന്തച്ചനിലൂടെ ഇരുത്തംവന്ന ഒരു സംവിധായകന്റെ പ്രതിഭ തെളിഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ‘പെരുന്തച്ചന്‍’ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഒരു സംവിധായകന്റെ പ്രഥമ ചിത്രത്തിനുള്ള അവാര്‍ഡ് അജയനും ലഭിച്ചു.
മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിച്ചാലേ ചിത്രം സാമ്പത്തികമായി വിജയിക്കൂ-എന്ന് കേരളത്തിലെ ഫിലിം വിതരണക്കാരും തിയേറ്ററുടമകളും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നകാലത്ത് ‘തിലകനെ’ നായകനാക്കി തന്റെ ആദ്യ ചിത്രം സൃഷ്ടിക്കാന്‍ തയ്യാറായതില്‍നിന്നുതന്നെ അജയന്‍ എന്ന സംവിധായകന്റെ അസാമാന്യ ധൈര്യവും ആത്മവിശ്വാസവും പകല്‍പോലെ വ്യക്തമാകുന്നുണ്ട്. ഒരു സംവിധായകന്റെ പ്രഥമചിത്രം കലാപരമായും വ്യാവസായികമായും വിജയം നേടുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ല. എന്നാല്‍ അജയന്റെ ആദ്യസൃഷ്ടിയായ പെരുന്തച്ചന്‍ ഈ രണ്ടു തരത്തിലും വിജയിച്ചു.
അജയന്റെ പിതാവായ തോപ്പില്‍ ഭാസി അഭിമാനഭരിതനായി പറഞ്ഞു: ”ഞാനിപ്പോള്‍ സന്തോഷവാനാണ്. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെയും ഷാജി എന്‍. കരുണിനെപ്പോലെയും സിനിമയില്‍ ഒരുപാത വെട്ടിത്തെളിക്കാന്‍ എന്റെ മകന്‍ അജയനു കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്.”
എന്നെപ്പോലെയുള്ള കലാകാരന്മാരും അങ്ങനെതന്നെയാണ് പ്രതീക്ഷിച്ചത്. പെരുന്തച്ചനെക്കാള്‍ നിലവാരമുള്ള സിനിമകള്‍ അജയന്‍ സൃഷ്ടിക്കുമെന്നുതന്നെ- മാണിക്യക്കല്ല് വിവിധ ഭാഷകളില്‍ ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍മ്മിക്കുന്നു; അജയന്‍ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത ആ പ്രതീക്ഷയെ ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അജയന്റെ ആ ദീര്‍ഘകാലസ്വപ്‌നം സഫലമായില്ല. ചിത്രത്തിന് ആവശ്യമായ ഗ്രാഫിക്‌സ് വര്‍ക്കുകളെക്കുറിച്ച് പഠിക്കാനും അതിന് അനുയോജ്യരായ സാങ്കേതികവിദഗ്ദ്ധരെ കണ്ടെത്താനും ഗുഡ്‌നൈറ്റ് മോഹനോടൊപ്പം അമേരിക്കയിലേക്കുപോയ അജയന്‍ വിജയശ്രീലാളിതനായല്ല തിരിച്ചെത്തിയത്. മാണിക്യക്കല്ലിന്റെ സംവിധാനച്ചുമതല അജയനില്‍നിന്ന് തട്ടിയെടുക്കാന്‍ ഗുഡ്‌നൈറ്റ് മോഹന്റെ ചില സിനിമകള്‍ സംവിധാനംചെയ്തിട്ടുള്ള ഒരു വലിയ സംവിധായകന്‍ നടത്തിയ ഗൂഢപ്രയോഗങ്ങളെപ്പറ്റി അജയന്‍ തുറന്നുപറയുന്നുണ്ട്. ഞാന്‍ അതിന്റെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ല.
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങള്‍ മനോഹരങ്ങളാണ്. അച്ഛനില്‍നിന്ന് ആദ്യമായി തല്ലു കിട്ടിയത്, അച്ഛനോടൊപ്പം കൊറ്റികളെ വെടിവെക്കാന്‍ നാടന്‍ തോക്കുമായി തലയുയര്‍ത്തിപ്പിടിച്ചു നടന്നുപോയത്, പ്രമേഹം നിമിത്തം ഒരു കാല്‍മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റിയ അച്ഛനെ എടുത്തുകൊണ്ടു നടന്നത്, അച്ഛനോടൊപ്പം റഷ്യയില്‍ പര്യടനം നടത്തിയത്- എല്ലാം അകൃത്രിമമായ ഭാഷയില്‍ മനോഹരമായി അജയന്‍ പറഞ്ഞുവച്ചിരിക്കുന്നു. ഒരു ഗ്രാമീണന്റെ ശാലീനതയും ചലച്ചിത്രസംവിധായകന്റെ ദൃശ്യഭാഷാചാതുര്യവും ഈ ആത്മഗാനത്തില്‍ ഉടനീളം സുഗന്ധം പരത്തുന്നു.
കുട്ടിക്കാലത്തുതന്നെ ബന്ധുക്കള്‍ എന്ന നിലയില്‍ പരിചയപ്പെടുകയും ക്രമേണ പ്രണയബദ്ധരാവുകയും ചെയ്ത അജയനും സുഷമയും ദമ്പതികളായി മാറി… സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്രണയമെന്ന ചരടാല്‍ കെട്ടപ്പെട്ട് ജീവിതത്തെ ആഹ്ലാദത്തോടെ നേരിട്ട ഈ ദമ്പതികളുടെ കഥ ഈ പുസ്തകത്തിലെ ചേതോഹരമായ അംശമാണ് പ്രണയത്തെക്കുറിച്ചു പറയുമ്പോള്‍ അജയന്‍ പലയിടങ്ങളിലും ഒരു കവിയായി രൂപാന്തരപ്പെടുന്നതു കാണാം. അജയന്‍ കാമുകിയും സഹധര്‍മ്മിണിയുമായ സുഷമയോടു പറയുന്നത്:
”എന്റെ പ്രണയമൊഴികള്‍ അതിവൃഷ്ടിയായി നിന്റെ ആത്മാവില്‍ പെയ്തിറങ്ങുമ്പോള്‍ നിന്റെ കണ്ണുകളില്‍ വെളിച്ചം വിടരുന്നുണ്ട്. ആ പ്രകാശത്തില്‍നിന്നു മിന്നിത്തെളിഞ്ഞുവരുന്ന കിരണങ്ങള്‍ പ്രണയമായി രൂപാന്തരപ്പെട്ട് എന്റെയുള്ളില്‍ അലിഞ്ഞുചേരുന്നു.”
ഇങ്ങനെ ഹൃദയഹാരിയായ ഭാഷയാണ് തന്റെ പ്രണയത്തെക്കുറിച്ചുപറയുമ്പോള്‍ അജയന്‍ ഉപയോഗിച്ചിരുന്നത്. മരണം തൊട്ടടുത്തെത്തിയ അവസരത്തില്‍ അജയന്റെ മനസ്സ് സുഷമയോടു പറയുന്ന വാക്കുകള്‍ നിറമിഴികളോടെയല്ലാതെ ആര്‍ക്കും വായിക്കാന്‍ കഴിയില്ല.
”എന്റെ ആത്മാവ് അനശ്വരമാണ്. അവിടെ പ്രണയത്തില്‍ പൊതിഞ്ഞ് നിന്നെ ഞാന്‍ ഒളിപ്പിച്ചിരിക്കയാണ്. എന്നെ നിനക്കും നിന്നെ എനിക്കുമല്ലാതെ ലോകമുള്ളിടത്തോളം പ്രണയിച്ചുകൊണ്ടേയിരിക്കുന്ന നമ്മളെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല. നിശ്ശബ്ദതയില്‍ മറഞ്ഞിരുന്നാലും നിന്റെ ഹൃദയത്തില്‍ ഞാന്‍ പടരുന്നു. നീ എന്റെ ഹൃദയത്തില്‍ പ്രവേശിക്കുമ്പോള്‍ സ്‌നേഹപ്രവാഹം ഞാനറിയുന്നു. ഓരോ അണുവിലും നമ്മള്‍ പ്രാണവായുവാണെന്ന് തിരിച്ചറിയുന്നു.”
രണ്ടു പെണ്‍മക്കളെ പ്രസവിച്ച സുഷമയെ വേണ്ടവിധത്തില്‍ പരിചരിക്കാനും സാമ്പത്തിക പിന്‍തുണ നല്‍കാനും തനിക്കു കഴിഞ്ഞിട്ടി ല്ലെന്ന് ഭംഗ്യന്തരേണ പറഞ്ഞുകൊണ്ട് അജയന്‍ തന്റെ പത്‌നിയോടുള്ള ആദരവു കലര്‍ന്ന പ്രണയം വരച്ചുകാണിക്കുന്നു. ഈ ദമ്പതികളുടെ കഥ ഇന്നത്തെ സാഹചര്യത്തില്‍ പലര്‍ക്കും പാഠപുസ്തകമാക്കാവുന്നതാണ്.
അജയന്‍ നമ്മളെ വിട്ടുപോയി; പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ നവ്യമായ ഒരു ചലച്ചിത്രഭാഷ പകര്‍ന്നുനല്‍കിയിട്ട്. എന്തുകൊണ്ട് ‘മാണിക്യക്കല്ല്’ സിനിമയാക്കിയില്ല. ആരാണ് സിനിമാരംഗത്ത് അജയന്റെ വളര്‍ച്ചയെ തടഞ്ഞത്? ആരാണ് ഈ കലാകാരനെപ്പറ്റി ഇല്ലാത്ത കഥകളും നുണകളും പറഞ്ഞുപരത്തിയത്. അതുകൊണ്ട് അവര്‍ എന്തുനേടി?
ഒരു മഹാസ്വപ്‌നത്തിന്റെ മാസ്മരവലയത്തില്‍ അകപ്പെടുകയും ആ സ്വപ്‌നം തകര്‍ന്നപ്പോള്‍ ഉള്‍വലിഞ്ഞ് വീട്ടില്‍ ഒതുങ്ങിപ്പോയി, രോഗിയായി ക്രമേണ മരണത്തിനു കീഴടങ്ങുകയും ചെയ്ത അജയന്റെ ലോലമായ മനസ്സ് സിനിമയ്ക്ക് ഒട്ടും അനുയോജ്യമല്ലായിരുന്നു എന്നാണോം നാം തിരിച്ചറിയേണ്ടത്?
ആദ്യകാലത്ത് സംഗീതനാടകങ്ങളില്‍ ‘ബഫൂണ്‍’ ആയി പ്രത്യക്ഷപ്പെടുകയും പിന്നീട് നാടകത്തിലും സിനിമയിലും ഹാസ്യനടനായി ഉയര്‍ന്ന് ഒടുവില്‍ മികച്ച സ്വഭാവനടനായി മാറി മലയാളികളെ അത്ഭുതപ്പെടുത്തിയ എസ്.പി. പിള്ള സിനിമയെക്കുറിച്ചു പറഞ്ഞ ഒരു വാക്യം എന്റെ ഓര്‍മ്മയില്‍ അനുരണനം ചെയ്യുന്നു. എസ്.പി. പിള്ള ഒരു പണ്ഡിതനൊന്നുമല്ല. സ്‌കൂള്‍ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാത്ത ആ നടന്‍ അനുഭവങ്ങളിലൂടെ അഗ്നിവെളിച്ചത്തില്‍ പറഞ്ഞുപോയതാണ്.
”വെളിച്ചത്ത് ഷൂട്ട് ചെയ്ത് ഇരുട്ടത്ത് കാണിക്കുന്ന സാധനമല്ലേ സിനിമ? അവിടെങ്ങനെ ന്യായവും സത്യവും നടക്കും?”
എത്ര ശരി! അമ്പത്തിരണ്ടു വര്‍ഷക്കാലം സിനിമാരംഗത്ത് വിവിധ വേഷങ്ങള്‍ കെട്ടി ആടിയ എനിക്ക് എസ്.പി. പിള്ളയാശാന്റെ നിഷ്‌കളങ്കമായ ദര്‍ശനത്തിനു മുമ്പില്‍ നമസ്‌കരിക്കാന്‍ തോന്നും.
അതേ! സിനിമ ഒരു മായാലോകമാണ്. ചിലപ്പോള്‍ അതൊരു ദേവാലയമാകും. ചിലപ്പോള്‍ ആ ലോകം പാഠശാലയാകും… പെട്ടെന്ന് കടന്നുവന്ന് എല്ലാം തകിടംമറിച്ച് സ്വന്തം വിജയംമാത്രം ലക്ഷ്യമിടുന്നവന്‍ അതിനെ ഒരു വേശ്യാലയവുമാക്കും…
രണ്ടു നാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റിനടത്തും. മാളികപ്പുറമേറുന്ന മന്നനെ പിടിച്ചു താഴെയിറക്കി അവന്റെ തോളില്‍ മാറാപ്പുതൂക്കി കൊടുക്കും.
ഈ പുസ്തകം സിനിമയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമായിരിക്കും… തീവ്രദുഃഖത്തിലും സാമ്പത്തിക പരാധീനതയിലും പ്രണയം എങ്ങനെ പ്രകാശമായിത്തീരും എന്നും ഈ ഗ്രന്ഥം പഠിപ്പിക്കുന്നു.
അജയന് സംവിധാനം ചെയ്യാന്‍ കഴിയാതെപോയ ‘മാണിക്യക്കല്ല്’ നമ്മുടെ ജീവിതംപോലെതന്നെ ഒരു കടങ്കഥയായി മാറുന്നു.