‘ചരിത്രത്തെ ആധാരമാക്കി നോവല്‍ എഴുതുക ഒട്ടും അനായാസമായ കാര്യമല്ല. ചിലപ്പോള്‍ ചരിത്രത്തില്‍ ഭാവന കലര്‍ത്തി അതിന്റെ സത്യത്തെ വളച്ചൊടിക്കേണ്ടി വരും. അല്ലെങ്കില്‍ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ സൗന്ദര്യം ബലി കൊടുക്കേണ്ടി വരും. ഗുഡ്‌ബൈ മലബാര്‍ എഴുതുമ്പോള്‍ കെ.ജെ.ബേബിയും ഈ ധര്‍മ്മസങ്കടത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടന്നിരിക്കണം. ആ കഠിന യജ്ഞത്തിന്റെ ഫലം ഇതാ നമ്മുടെ മുന്നിലുണ്ട്. മലബാര്‍ മാന്വലിലൂടെ കീര്‍ത്തി നേടിയ വില്യം ലോഗനെക്കുറിച്ചു കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തെയും ആ മനുഷ്യന്റെ ജീവിതത്തെയുംകുറിച്ച് നമുക്ക് ഏറെ അറിയില്ല. ഈ നോവല്‍ അങ്ങനെ രണ്ടു ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു.’ സച്ചിദാനന്ദന്‍
മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്റെ ജീവിതം ഭാര്യ ആനിയിലൂടെ ആവിഷ്‌കരിക്കുകയാണ് കെ.ജെ.ബേബി ഗുഡ്‌ബൈ മലബാര്‍ എന്ന നോവലിലൂടെ. മലബാറിലെ അക്കാലത്തെ സാമൂഹിക-രാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു. ലോഗന്റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും നോവലില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കാര്‍ഷികജീവിതസംഘര്‍ഷങ്ങള്‍ മതസംഘര്‍ഷത്തിലേക്കു വളരുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ് അധികാരികള്‍ വഹിച്ച പങ്കെന്തെന്നും നോവലിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു. ഡി സി ബുക്‌സാണ് ഗുഡ്‌ബൈ മലബാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നോവലില്‍നിന്ന്
“എന്തൊരു ശെയ്ത്താന്‍ നിങ്ങളെ ഇവിടേക്ക് കൊണ്ടുവന്നു?”
ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയില്‍നിന്നും ആനി ഓര്‍ത്തെടുത്തതാണീ ചോദ്യം. ലോഗന്‍ എഴുതിയ പോര്‍ച്ചുഗീസുകാരുടെ സംക്ഷിപ്തചരിത്രം വായിച്ചപ്പോഴാണ് ആനിക്കു കേരളപ്പഴമ ഓര്‍മ്മ വന്നത്. മലയാളഭാഷാപഠനത്തിന്റെ തുടര്‍ച്ചയിലാണ് കേരളപ്പഴമ അന്ന് ആനി വായിച്ചത്. അതും പോര്‍ച്ചുഗീസുകാരുടെ ഇവിടേക്കുള്ള വരവിന്റെ അടയാളമാണ്. ഇന്നു ലോഗനെഴുതിയത് വായിച്ചപ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമായി. മലബാറിലെ കുരുമുളകും മറ്റ് സുഗന്ധദ്രവ്യങ്ങളും തന്ന്യാണ് പോര്‍ച്ചുഗീസുകാരേയും ഇവിടേക്ക് ആകര്‍ഷിച്ചത്. അതുകളുടെ വ്യാപാരസാധ്യതകള്‍ തേടിയാണ് അവര്‍ മലയാളക്കരയിലെത്തിയതും. കൊടുങ്കാറ്റിന്റെമുനമ്പ് ചുറ്റിയുള്ള ആദ്യത്തെ വരവില്‍തന്നെ, മലബാറിലെ സാമൂതിരി രാജാവും മൂറുകള്‍ എന്ന് വിളിക്കപ്പെടുന്ന മുസ്‌ലിം മതവിശ്വാസികളും തമ്മിലുള്ള വ്യാപാരബന്ധങ്ങളുടെ ആഴം വാസ്‌കോഡിഗാമ മനസ്സിലാക്കിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ വ്യാപാര സൗഹൃദത്തെക്കുറിച്ച് പോര്‍ച്ചുഗല്ലിലെ മാന്വല്‍ രാജാവിനെ ഗാമ അറിയിക്കുകയും ചെയ്തിരുന്നു. വ്യാപാരത്തിന്റെ ഈ പടര്‍പ്പന്‍ വേരുകളെ-പരമാവധി അല്‍ഗുല്‍ത്താക്കാനായിരുന്നു മാന്വല്‍ രാജാവ് പെഡ്രോ അല്‍വാരസ് കബ്രേലിന്റെ നേതൃത്വത്തിലുള്ള വലിയൊരു സംഘത്തെ കപ്പലുകയറ്റിവിട്ടത്. പത്ത് പായ്ക്കപ്പലുകളിലായി- ആയിരത്തഞ്ഞൂറ് നാവികരും, ജയില്‍ ശിക്ഷയിലുള്ള ഇരുപത് കുറ്റവാളികളും സെന്റ് ഫ്രാന്‍സിസ്‌കന്‍ വിഭാഗത്തില്‍പെട്ട അഞ്ച് പാതിരിമാരും കബ്രേലിന്റെ സംഘത്തിലുണ്ടായിരുന്നു. വൈസനിലെ ബിഷപ്പ് പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ച രാജകീയ കൊടിയും പോപ്പ് ആശീര്‍വദിച്ചു കൊടുത്ത തൊപ്പിയും ഏറ്റുവാങ്ങിയാണ് കബ്രേലും സംഘവും യാത്ര പുറപ്പെട്ടത്. എട്ട് മാസങ്ങളുകൊണ്ടാണ് അവര് കോഴിക്കോട്ടെത്തിയത്.
‘സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം’ കോഴിക്കോട്ട് വ്യാപാരം നടത്തുവാനുള്ള ധാരണ സാമൂതിരി രാജാവുമായി കബ്രേല്‍ ഉണ്ടാക്കി. ആ രാജ്യത്തെ സമ്മാനങ്ങളും ഈ രാജ്യത്തെ സമ്മാനങ്ങളും പരസ്പരം കൈമാറി കോഴിക്കോട്ട് അവരുടെ ആദ്യഫാക്ടറി തുടങ്ങി. ആയിരത്തഞ്ഞൂറ് സെപ്തംബര്‍ ഒടുക്കംമുതല്‍ ഡിസംബര്‍ ആദ്യം വരെ കാത്തിരുന്നിട്ടും അവരുടെ കപ്പലുകള്‍ നിറയ്ക്കാനുള്ള മലബാരീ ഉത്പന്നങ്ങള്‍ അവര്‍ക്കു കിട്ടിയില്ല. ക്ഷമകെട്ട കബ്രേല്‍- ചരക്കുകള്‍ നിറച്ചുകിടന്നിരുന്ന മൂറുകളുടെ വലിയൊരു കപ്പലിനെ കയറി ആക്രമിച്ചു.
പോര്‍ച്ചുഗീസ് ഫാക്ടറി ചുറ്റിവളഞ്ഞ് മൂറുകള്‍ തിരിച്ചടിച്ചു. പടവെട്ടില്‍ പത്തോളം പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു. സാമൂതിരി രാജാവ് ഇതിനൊരു വിശദീകരണം കൊടുത്തില്ലെന്ന് പറഞ്ഞ് കബ്രേലും സംഘവും കോഴിക്കോട്ടേക്കിറങ്ങി കണ്ണില്‍ കണ്ടവരെയൊക്കെ വെട്ടിവീഴ്ത്തി. അറുനൂറോളം മലബാറികളാണ് ആ അറുങ്കൊലകളില്‍ മരിച്ചുവീണത്. പോര്‍ച്ചുഗീസുകാര്‍ വന്നതോ, രാജാവുമായി ധാരണയുണ്ടാക്കിയതോ, മൂറുകളുമായി പടയുണ്ടായതോ അറിയാത്തവരായിരുന്നു മരിച്ചവരിലേറെയും. ശിപായിലഹളക്കാലത്തിലെ മാര്‍ക്‌സിന്റെ ലേഖനങ്ങള്‍ വായിച്ചപ്പോള്‍ കമ്പനിപ്പടയോട് തോന്നിയ പേടിയും വെറുപ്പും ഇതുകള്‍ വായിക്കുമ്പോഴും ഓര്‍ക്കുമ്പോഴും ആനിയുടെ ഉള്ളിലും ഉണ്ടായി. എന്തൊരു ശെയ്ത്താനാണ് നിങ്ങളെ ഇവിടേക്കു കൊണ്ടുവന്നത് എന്ന ചോദ്യം ആനിയും ചോദിച്ചുപോയി.
ആനിയെപ്പോലെ ഒരുപാട് മലബാറി അമ്മമാരും ഇതേ ചോദ്യങ്ങള്‍ അന്നു ചോദിച്ചിട്ടുണ്ടാവും. ആ ചോദ്യങ്ങളൊന്നും അവര്‍ കേട്ടിട്ടുണ്ടാവില്ല. മരിച്ചുവീണവരുടെ വീടുകളിലെ വിലാപങ്ങള്‍ അവര്‍ കേട്ടിട്ടുണ്ടാവില്ല അവര്‍ അവരുടെ വിശുദ്ധമായ കൊടിയും പറപ്പിച്ച് കൊച്ചിയിലെത്തി. കൊച്ചിരാജാവുമായി ഉടമ്പടികള്‍ ഉണ്ടാക്കി. കൊച്ചിയില്‍ അവരുടെ കോട്ടകെട്ടി കൊടിപാറിച്ചു. പിന്നെ വാസ്‌കോഡിഗാമയുടെ രണ്ടാമത്തെ വരവാണ്. മലബാര്‍ തുറമുഖത്ത് കിടന്നിരുന്ന മൂറുകളുടെ വലിയൊരു കപ്പലിനെ ആക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വലിയൊരു യാത്രാസംഘം ആ കപ്പലിലുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഉയര്‍ത്തിക്കാട്ടി സ്ത്രീകള്‍ ഉറക്കെ വിലപിച്ചിരുന്നു. കൊല്ലരുതേ… അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞ് വിലപിച്ചിരുന്നു. ഇരുപത്തൊന്ന് കുഞ്ഞുങ്ങളെ ലിസ്ബനിലെ സന്ന്യാസാശ്രമത്തിലേക്കു പിടിച്ചെടുത്തശേഷം ആ കപ്പലിന് തീയിട്ട് കപ്പല്‍ തകര്‍ത്ത് കടലില്‍ താഴ്ത്തിയത്രേ. എങ്ങനെ മനുഷ്യര്‍ക്കിങ്ങനെ ചെയ്യാനാവുന്നു? ആനിക്കതാണു മനസ്സിലാവാത്തത്? മനുഷ്യര്‍ക്ക് ഇത്രമാത്രം മനുഷ്യത്വമില്ലാത്തവരാകാന്‍ പറ്റുമോ? ആ കൂട്ടക്കൊലയ്ക്കു ശേഷം അന്‍പതോളം മലബാറി മീന്‍പിടിത്തക്കാരെ ജീവനോടെ പിടിച്ചെടുത്ത് ഗാമയുടെ കപ്പലിലെ കൊടിമരത്തില് തോരണംപോലെ തൂക്കിത്തൂക്കി കൊന്നുവത്രേ. വധിക്കപ്പെട്ടവരുടെ കൂട്ടക്കാര്‍ കരയില്‍നിന്ന് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. മണക്കാന്‍ തുടങ്ങ്യപ്പോള്‍ ആ പാവം ദേഹങ്ങളെ കൊത്തിനുറുക്കി കടലിലേക്കെറിഞ്ഞുവത്രേ. ഞങ്ങളോട് ഇടഞ്ഞാല്‍ ഇങ്ങനെയൊക്കെ പിടയേണ്ടിവരുമെന്ന് സാമൂതിരി രാജയെയും മൂറുകളെയും അറിയിക്കാനായി ചെയ്തു കൂട്ടിയതാണത്രേ…”