Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഇന്ത്യയുടെ പുഴക്കടവുകള്‍

$
0
0

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.മുസഫര്‍ അഹമ്മദിന്റെ ബങ്കറിനരികിലെ ബുദ്ധന്‍ എന്ന യാത്രാവിവരണകൃതിയെക്കുറിച്ച് സി.ഗണേഷ് തയ്യാറാക്കി പുസ്തകാവലോകനം

യാത്രകള്‍ വിവരണത്തിന് വേണ്ടിയുള്ളതല്ല. അത് അനുഭവിക്കാനും സ്വയം തിരിച്ചറിയാനുമാണ്. അവനവനെ കണ്ടെത്താനും തിരുത്താനും പ്രാപ്തമാക്കുന്ന പ്രവൃത്തിയാണ് യാത്ര. അത്രമേല്‍ സ്വകാര്യമായ തലം യാത്രയ്ക്കുണ്ട്. എന്നാല്‍ യാത്രയുടെ അപൂര്‍വതകള്‍ പങ്കുവയ്ക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. യാത്ര, വിവരണമാക്കാതെ അനുഭവാവിഷ്‌കാരമാക്കി മാറ്റുന്ന നല്ല പുസ്തകമാണ് വി.മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധന്‍’.

മലയാളത്തില്‍ അധികം വന്നിട്ടില്ലാത്ത ഇടങ്ങള്‍ തന്നില്‍ ഉണ്ടാക്കിയ സ്പന്ദനങ്ങളെ അവനവന്റെ രാഷ്ട്രീയ ബോധ്യത്തിലും ചരിത്രസൂക്ഷ്മതയോടെയും ആവിഷ്‌കരിക്കുന്നു എന്നതാണ് ‘ബങ്കറിനരികിലെ ബുദ്ധന്റെ’ പ്രധാനസവിശേഷത. പാസ്സ്വേര്‍ഡ് എന്ന യാത്രാപംക്തിയായി മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച അധ്യായങ്ങളാണ് പുസ്തകത്തിന്റെ മുഖ്യഭാഗം. യാത്ര തന്നിലുണ്ടാക്കിയ തിരിച്ചറിവ് ലേഖകന്‍ ഇങ്ങനെ ആമുഖത്തില്‍ കുറിക്കുന്നു: ‘ഫാസിസത്തിന്റെ ഭീഷണി വലിയതോതില്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ ജനത എങ്ങനെ പലയിടങ്ങളിലും നിത്യജീവിതത്തില്‍ ചിലനേരങ്ങളില്‍ മതവിശ്വാസങ്ങളില്‍ പോലും ഒന്നിച്ചു നില്‍ക്കുന്നു എന്ന അറിവ് യാത്രകളില്‍ നിന്നാണ് കൂടുതലായി ലഭിച്ചത്. ഇരുട്ടിലൂടെ യാത്രചെയ്ത് ചെരാതുകള്‍ ഒഴുകുന്ന നിരവധി പുഴക്കടവുകളില്‍ അതെന്നെ എത്തിച്ചു’. നീലഗിരി, ധനുഷ്‌കോടി, ഹംപി, ഭോപ്പാല്‍, ബ്രഹ്മപുത്ര, നാഗാലാന്റ്, കര്‍ണൂല്‍, അരുണാചല്‍ പ്രദേശ്, കൂനൂര്‍, അജന്ത, മേകലുബെഞ്ചി, തലക്കാട്ട്, കാവേരി, വാരാണസി, കൊണാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലേക്ക് നടത്തുന്ന യാത്ര, കലാമാനവികതയുടെ ജനിതകത്തില്‍ പൂരിപ്പിക്കുന്ന കുറിപ്പുകളായി മാറുന്നു. ഓരോ കുറിപ്പിലും അവിടത്തെ ഒരു വ്യക്തിയുടെ ചിത്രവും തെളിയുന്നു. അത്തരം ലിങ്കുകളാണ് പുസ്തകത്തെ പുതിയ തലത്തില്‍ എത്തിക്കുന്നത്. ഒറ്റയൊറ്റ ലേഖനങ്ങളാണെങ്കിലും അവ തമ്മില്‍ അന്യാദൃശമായ പരസ്പരബന്ധവും കാണാം. യാത്രാവിവരണത്തിന്റെ ആഖ്യാനത്തില്‍ ഈ പുസ്തകം കാണിക്കുന്ന ക്രാഫ്റ്റ്മാന്‍ഷിപ്പ് മലയാള യാത്രയെഴുത്തിന്റെ ഭാവിസമകാലികത പ്രവചിക്കുന്നു.

നീലഗിരിക്കുന്നുകളിലേക്കുള്ള യാത്രയെ ഓര്‍മ്മിക്കുന്ന വാക്കുകള്‍ നോക്കുക: ‘അല്പം ദൂരെയുള്ള ഒരു മലയില്‍ സൂര്യപ്രകാശം ശക്തമാകാന്‍ തുടങ്ങി. വെളിച്ചത്തില്‍ ആ മലയുടെ കടുംനീലനിറം പുറത്തുചാടി. നിറയെ മഞ്ഞുതുള്ളികള്‍ ഉള്ളതിനാല്‍ കൂടിയാണോ എന്നറിയില്ല, അത് തിളങ്ങാനും തുടങ്ങി. നിറയെ മിന്നാമിനുങ്ങുകളുള്ള ഒരു മരച്ചുവട്ടില്‍ എത്തിയെന്ന് തോന്നിക്കുന്നപോലെയായി സന്ദര്‍ഭം. പക്ഷേ വന്ന വേഗത്തില്‍ സൂര്യപ്രകാശം പിന്‍വാങ്ങി. അവിടമാകെ ഇരുണ്ടു. ആകാശത്ത് മേഘങ്ങള്‍ കൂടുതല്‍ കറുത്തു. തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനയിലായിരുന്ന മരത്തിലേക്ക് കാറ്റ് ആഞ്ഞു കയറി. ഇലകളില്ലാത്ത ശാഖകള്‍ ഉലഞ്ഞു. കോട മുഴുവനായും അതിനെ മറച്ചു. വിളക്കണഞ്ഞ കോവില്‍ പോലെയായി അപ്പോള്‍ മരം. വെളിച്ചം പോലെ തോന്നിക്കുന്ന ആ ഇരുട്ടില്‍ അതിന്റെ പ്രാര്‍ത്ഥന എന്തിനെക്കുറിച്ചായിരിക്കുമെന്ന് അല്‍പനേരം ആലോചിച്ച് നിന്നു.’ അതീവ സര്‍ഗ്ഗാത്മകമായ ഭാഷയിലാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. നീലഗിരിയിലെ കോത്തഗിരികുന്നില്‍ വെച്ച് കഴുകന്മാരെ കണ്ടപ്പോള്‍ ടി പി രാജീവന്റെ വിവര്‍ത്തനത്തിലേക്കും കുമാരനാശാന്റെ ‘കരുണ’യിലേക്കും ഓര്‍മ്മകള്‍ പറത്തി വിടുന്നുണ്ട്. കഴുകന്മാരെക്കുറിച്ച് സൂചിപ്പിച്ച് വിജയ് ടെണ്ടുല്‍ക്കറുടെ നാടകത്തിലേക്ക് എത്തുന്നു. ഗാര്‍ഹികപീഡനമാണ് നാടകത്തിലെ പ്രമേയം. നാലുതരം കഴുകന്മാരെ കാണുന്ന സ്ഥലമാണ് കോത്തഗിരി ഉള്‍പ്പെടുന്ന മോയാര്‍ തടം. സാഹിത്യത്തിലും കലയിലും കഴുകന്‍ എപ്പോഴും പീഡകനായി വരുന്ന ജീവിയാണ്. പ്രകൃതിയിലാകട്ടെ കൃത്യമായ സ്ഥാനമുള്ള, ജോലിയുള്ള ഒരുപക്ഷിയും!

മോയാര്‍ തടത്തില്‍ വെച്ച് തോഡകള്‍ എന്ന നെയ്ത്തുകാരായ ഗിരിവര്‍ഗ്ഗക്കാരെ കണ്ട സന്ദര്‍ഭം വിവരിക്കുന്നതിനുണ്ട് സ്വാഭാവികത. അടിസ്ഥാനജീവിത നിരീക്ഷണം നോക്കുക: ‘യാത്രയ്ക്കിടെ ക്യാരറ്റ് -ബീറ്റ്‌റൂട്ട്-ക്യാബേജ് കൃഷിക്കളങ്ങളിലൂടെയും ചായത്തോട്ടങ്ങളിലൂടെയും സഞ്ചരിച്ചു. ചായതോട്ടങ്ങളില്‍ നിന്ന് സ്ത്രീകള്‍ തേയില ചാക്കുകളില്‍ ശേഖരിച്ച്, തലച്ചുമടായി കൊണ്ടുപോകുന്നത് കാണാം. 40 വയസ്സ് കഴിയുമ്പോള്‍ അവര്‍ രോഗികളായി മാറുന്നു. ചികിത്സാ സൗകര്യങ്ങള്‍ തീര്‍ത്തും കുറവ്. ചായ തോട്ടങ്ങളില്‍ അടിക്കുന്ന കീട-കളനാശിനികള്‍ തന്നെയാണ് അവരെ രോഗികളാക്കി മാറ്റുന്നത്. ടൂറിസ്റ്റുകള്‍ കാണുന്ന ഭംഗിയല്ല, ചായതോട്ടത്തിലെ ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് എന്ന് അവരില്‍ ഒരാള്‍ പറഞ്ഞു.

1964-ല്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പൂര്‍ണ്ണമായും നശിച്ച ധനുഷ്‌കോടിയില്‍ കങ്കേശു എന്ന മീന്‍കാരനെ പരിചയപ്പെടുന്നു. അതുവഴി ചരിത്രാവശിഷ്ടങ്ങളിലേക്ക് കടല്‍യാത്ര നടത്തുന്നു. കങ്കേശുവിന്റെ വീട്ടിലേക്ക് കൂടി വായനക്കാരെ എത്തിക്കുന്നതോടെ ധനുഷ്‌കോടിയിലെ തീവ്രദുരന്തത്തിന്റെ ചിത്രമാണ് തെളിയുന്നത്. ‘അച്ഛന്‍ ഒരു ഊക്കന്‍ കുടിക്കാരന്‍. അമ്മയാണ് നോക്കി വളര്‍ത്തിയത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കടലില്‍ പോകാന്‍ തുടങ്ങി. ഇവിടെ കടലില്‍ പോകുന്ന എല്ലാ ആണുങ്ങളുടേയും കഥ ഇതുപോലെയൊക്കെയാണ്. അമ്മാവന്മാരുടെ കൂടെയാണ് എന്റെ കടല്‍ ജീവിതം തുടങ്ങിയത്. ആദ്യമൊക്കെ കടല്‍ചൊരുക്ക് വരും. പിന്നെപ്പിന്നെ എല്ലാം കടല്‍ തന്നെയായി മാറും. മീന്‍ചൂര് അതിജീവനത്തിന്റെ മണമായി മാറും. ഓര്‍മ്മകളുടെ ചുരുള്‍ നിവര്‍ത്തി കങ്കേശു സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. അയാള്‍ മിനിബസ് എടുത്തു. ‘നമുക്ക് എന്റേ വീട്ടിലും ഒന്ന് പോകാം, കുടുംബത്തെയും കാണാമല്ലോ’ ആ ക്ഷണം സ്വീകരിച്ചു. പക്ഷേ പഴയ ഓര്‍മ്മകളിലേക്ക് അയാളെ സഞ്ചരിപ്പിച്ചത് കൊണ്ടോ എന്തോ വണ്ടി ഒന്നു പാളി, മുന്നിലൂടെ കടന്നുപോയ ആട്ടിന്‍കൂട്ടത്തില്‍ ഒന്നിനെ തട്ടി. ആട് ചോരയൊലിപ്പിച്ച് ഒടിഞ്ഞു മടങ്ങി.’

‘തിന്മ മരിച്ചടങ്ങി, ദേവമ്മ അന്നം വിളമ്പാനും തുടങ്ങി’ എന്ന കുറിപ്പ് കര്‍ണാടകയിലെ മലപ്പന ഗുഡിയിലെ ചരിത്രം തിരയുന്നു. അലാവിനൃത്തം നേരില്‍ കാണാമെന്ന മോഹം വഴി തെറ്റിയതിനാല്‍ നഷ്ടപ്പെടുന്നുണ്ട്. എങ്കിലും നൃത്തത്തിന്റെ തുടര്‍ച്ചയില്‍ പഴയകാലം ഉണര്‍വോടെ പൊന്തി വരുന്നത് അനുഭവിക്കാന്‍ ലേഖകന് കഴിയുന്നു. സൂഫിവര്യന്മാരുടെ പൂവിട്ടലങ്കരിച്ച കോലങ്ങള്‍, പെരുമ്പറകളും ദംഫുകളുമായി സംഗീത സംഘങ്ങള്‍, പുലി വേഷം ധരിച്ച നര്‍ത്തകര്‍, അവിടെയുള്ള ചെറിയ ദര്‍ഗയില്‍ വിവിധതരത്തിലുള്ള ആരാധനയുടെ ദീപങ്ങള്‍, തെരുവിലെങ്ങും ചന്ദനത്തിരിയുടെ മണം, കന്നടയും ഉര്‍ദുവും ലയിച്ച ദൈവപ്പാട്ടുകള്‍, ഇത് മലപ്പന ഗുഡിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹറം ആഘോഷം. ഇവിടെ മുഹറം ആഘോഷിക്കുന്നത് മുസ്ലീങ്ങളല്ല, ഹിന്ദുക്കളാണ്. വിശ്വാസങ്ങള്‍ ലയിച്ചുചേരുന്നതിന്റെ ഇന്ത്യന്‍ ഉദാഹരണങ്ങളില്‍ പ്രധാനപ്പെട്ടത്. ഭരത് എന്ന മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് ഇവരുടെ മുഹറാഘോഷത്തിനു പിന്നിലെ കഥ മനസ്സിലാക്കുന്നത്. ‘വിജയനഗര സാമ്രാജ്യത്തിന്റെ പതനവും ഡക്കാനിലെ സുല്‍ത്താന്മാരുടെ വരവും ഉണ്ടാക്കിയ മതസംഘര്‍ഷത്തിന് അയവു വരുത്താനായി പതിനാറാം നൂറ്റാണ്ടു മുതലേ ഇവിടെ ഇത്തരത്തില്‍ മുഹറം ആഘോഷിക്കുന്നു. ഇവിടെ മാത്രമല്ല കിഴക്കന്‍ കര്‍ണാടകയില്‍ പലയിടത്തും ഈ രീതി കാണാം. അടുത്ത പ്രദേശമായ ചിത്രദുര്‍ഗയില്‍ മുഹറം കൂടുതല്‍ വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. അത് 1565-ല്‍ രാമരായനെ സുല്‍ത്താന്‍മാര്‍ പരാജയപ്പെടുത്തിയതോടെ വിജയനഗരസാമ്രാജ്യം ഇല്ലാതായി. ഹംപിയായിരുന്നു അവരുടെ തലസ്ഥാനം. ഇവിടെ നിന്നും 30 കിലോമീറ്ററേ ഉള്ളൂ, ഹംപിയിലേക്ക്. സുല്‍ത്താന്‍മാര്‍ ഹംപി പിടിച്ചടക്കിയപ്പോള്‍ ജനജീവിതത്തിലേക്ക് ഹിന്ദു-മുസ്ലിം സംഘര്‍ഷവും വ്യാപിച്ചു. അക്കാലത്ത് ഇവിടെ മുസ്തഫ എന്ന പേരുള്ള ഒരു സൂഫി സന്യാസി ഉണ്ടായിരുന്നു. വിവിധ ജനവിഭാഗങ്ങള്‍ ഒന്നിക്കുന്നത് ആഘോഷ-ആചാര വേളകളിലാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. മുസ്തഫയുടെ പ്രചോദനത്താലാണ് മുഹറം ഇങ്ങനെ ആചരിക്കാനും ആഘോഷിക്കാനും തുടങ്ങിയത്. വെറുതെ സ്ഥലചരിത്രം അവതരിപ്പിക്കുകയല്ല മുസഫര്‍. അദ്ദേഹം സംസ്‌കാരത്തിന്റെ അടരുകളെ സൂക്ഷ്മമായി പരിശോധിച്ച് നിഗമനങ്ങളില്‍ എത്തുന്നു. മുഹറത്തിനു പിന്നിലെ പ്രതിരോധസ്വരം വിലയിരുത്തുന്നു.ഇതൊരു കാഴ്ചയല്ല, കാഴ്ചപ്പാടാണ്.

കാളിക്ഷേത്രത്തിലെ നടത്തിപ്പുകാരിയായ ദേവമ്മയെ അവതരിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ചോറും കറിയും ചെമ്പില്‍ നിന്ന് വിളമ്പുന്ന ദേവമ്മ, അവിടെ കൂടിയ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നു. ഭക്ഷണം ആനകുന്ദിയിലെ എല്ലാവര്‍ക്കും ഉള്ളതാണ്. ജാതിയും മതവും ഒരിക്കലും നോക്കാറില്ല. ആരുവന്നാലും ഭക്ഷണം കൊടുക്കും. ദേവമ്മയുടെ അപാരമായ കാരുണ്യം, ഹമീദബിയുടെ ഓര്‍മ്മകളിലേക്ക് ലേഖകനെ കൊണ്ടുപോകുന്നു. കുപ്രസിദ്ധമായ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്കായി 34 വര്‍ഷമായി ജീവിക്കുന്ന ഹമീദബി. വിഷം തീണ്ടിയ നഗരത്തിലെ അര്‍ത്ഥവത്തായ ചുവരെഴുത്തായി അവര്‍ മാറിയിരിക്കുന്നു. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചുവരുകളില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുദ്രാവാക്യങ്ങള്‍ ഗ്രന്ഥകാരന്‍ പകര്‍ത്തുന്നുണ്ട്. നീതി ലഭിക്കേണ്ടവരുടെ സ്മാരകമായി ആ ഫാക്ടറി നിലനില്‍ക്കണമെന്നാണ് എഴുത്തുകാരന്‍ ആഗ്രഹിക്കുന്നത്.

അസമിലെ ബ്രഹ്മപുത്ര നദി ബോട്ടില്‍ മുറിച്ചുകടന്ന് മിസ്സിങ് ഗോത്രക്കാരുടെ പൈതൃകത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ മുഖംമൂടി കലാകാരനായ ഹരിബോയെ പരിചയപ്പെടുന്നു. ഏറെ നാളുകള്‍ക്കു ശേഷം അസമിനെക്കുറിച്ച് സുഹൃത്ത് പറഞ്ഞ അഭിപ്രായത്തില്‍ അസമിന്റെ സമകാലികത അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു. ക്ഷയരോഗവും ബോഡോ കലാപവും അസമിനെ ഒരുപോലെ കാര്‍ന്നു തിന്നുന്നു. യാത്രാനുഭവത്തെ സമകാലത്തേക്ക് കൊരുത്തുവയ്ക്കാന്‍ നടത്തുന്ന ഈ ശ്രമം സംസ്‌കാര നിരീക്ഷണത്തിന്റെ പുത്തന്‍ ബോധ്യമാണ്.

അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള അധികം യാത്രകള്‍ മലയാളത്തില്‍ വന്നിട്ടില്ല. രവീന്ദ്രന്റെ ‘അകലങ്ങളിലെ മനുഷ്യര്‍’ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ഈ പുസ്തകം പലപ്പോഴും. രവീന്ദ്രന് സാധ്യമാവാതെ പോയ സംസ്‌കാരവ്യാഖ്യാനം നിര്‍വഹിക്കാന്‍ മുസഫറിന് കഴിയുന്നുണ്ടെന്ന് വിലയിരുത്താനാവും. അസമിലെ തേസ്പൂരില്‍ നിന്ന് അരുണാചല്‍പ്രദേശിലെ തവാങ്ങിലേക്ക് നടത്തിയ യാത്രാനുഭവം പങ്കിടുമ്പോള്‍ സഹയാത്രികന്‍ ഒരു ലാമയാണ്. വണ്ടിയിലിരുന്ന് ലാമയുടെ ആത്മീയ ജീവിതം വലിച്ചെറിഞ്ഞ ലൗകികതയിലേക്ക് പോയ മറ്റൊരു ലാമയുടെ കഥ യാത്രക്കാരിലൊരാള്‍ പറയുന്നതോടെ ലേഖകന് ആ ലാമയെ കാണണമെന്ന് ആഗ്രഹം. അപ്പോള്‍ അടുത്തിരുന്ന ലാമാ ദേഷ്യപ്പെടുന്നു. ഗ്രന്ഥകാരന്റെ സരസവും തീക്ഷ്ണവുമായ മറുപടി ഇങ്ങനെ: ‘ക്ഷമിക്കണം, അട്ടിമറികള്‍ സൃഷ്ടിക്കുന്ന മനുഷ്യരില്‍ ഞാന്‍ അതീവ തല്‍പരനാണ്.’ ഇത്തരത്തില്‍ സാധാരണ യാത്രയെഴുത്തില്‍ ദര്‍ശിക്കാത്ത മുഹൂര്‍ത്തങ്ങള്‍ ഈ പുസ്തകത്തെ വായനാ ക്ഷമമാക്കുന്നു. ഓരോ ഖണ്ഡികയിലും പുതിയ എന്തോ കാത്തിരിക്കുന്നു. യാത്രയുടെ ചലനചിത്രങ്ങള്‍ പോലെ വാക്കുകളുടെ ജാലകക്കൂട്ടുകള്‍ ആശ്ലേഷിക്കുന്നു. ബങ്കറിനരികിലെ ബുദ്ധന്‍ മറ്റൊരു സര്‍ഗാത്മകമായ അട്ടിമറിയാണ്.

കര്‍ണ്ണൂലിലെ പരമ്പരാഗത ചുവര്‍ ചിത്രങ്ങള്‍ കാണാന്‍ എത്തുമ്പോള്‍ അദോനി റെയില്‍വേ സ്റ്റേഷനിലെ ഫോക്ക് ചിത്രങ്ങളുടെ വായന നടത്തുന്നു. പരമ്പരാഗത ചിത്രങ്ങളില്‍ ഗുഹാചിത്രണരീതിയുടെ സ്വാധീനം ലേഖകന്‍ നിരീക്ഷിക്കുന്നു. ഒരു നാടോടിക്കഥയുടെ ചിത്രത്തില്‍ നിന്ന് ലിംഗ വിവേചനം, ലിംഗപദവി വ്യത്യാസം തുടങ്ങിയ ചിന്തകളിലേക്ക് പോകുന്നത് എം ഡി കുമാരസ്വാമി, എ കെ രാമാനുജന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ കൃത്യമായി റഫറന്‍സ് നല്‍കിയാണ് അദോനിയിലെ പഴയകാല നാട്ടുരാജാവ് ഇത്യോപ്യക്കാരനായിരുന്നുവെന്ന കൗതുകത്തിലേക്ക് യാത്രികന്‍ നമ്മെ നയിക്കുന്നു.

സിദ്ദി മസൂദ് സ്ഥാപിച്ച മുസ്ലിം പള്ളിയുടെ ആര്‍ക്കിടെക്ചറിലെ അത്ഭുതപ്പെടുത്തുന്ന ‘കാലാ പത്തര്‍ ചങ്ങല’ കാണുന്നു. ‘കാലാ പത്തര്‍’ എന്നാല്‍ കറുത്ത കല്ല്. കല്ല് വലയങ്ങളാക്കി മാറ്റി ബന്ധിപ്പിക്കുന്ന രീതി. തച്ചന്മാരുടെ അസാമാന്യകഴിവിന്റെ അടയാളം. ഇതേ കല്ല്ചങ്ങലകള്‍ മറ്റെവിടെയോ കണ്ടിട്ടുണ്ടെന്ന ഓര്‍മ്മ പൊടി തട്ടിയെടുക്കുന്നു. ഒരു കഥയുടെ പരിണാമഗുപ്തി പോലെ ഹിന്ദുക്ഷേത്രത്തിലായിരുന്നു അതെന്ന് തെളിയുന്നു. കര്‍ണാടകയിലെ തലക്കാട്ടുള്ള വൈദേശ്വര ക്ഷേത്രത്തിലാണെന്ന് ഓര്‍ത്തെടുത്തു കൊണ്ട് ഗ്രന്ഥകാരന്‍ അങ്ങോട്ട് പോവുകയാണ്.

‘ബിസ്മില്ലായുടെ ബനാറസ് മോദിയുടെ വാരാണസി’ എന്ന കുറിപ്പാകട്ടെ വലിയ കലാകാരന്റെ ജീവിതത്തിലൂടെ സഞ്ചരിച്ച് നാട്ടുവേരുകളുള്ള മരങ്ങളില്‍നിന്ന്, ഇന്ന് കൃത്രിമത്വത്തിന്റെ രാഷ്ട്രീയ നിറങ്ങളുള്ള ഇലകള്‍ രൂപപ്പെടുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവെക്കുന്നു. 21 കുറിപ്പുകളും മനോഹരമായ തലക്കെട്ടുകളില്‍ ഭദ്രം.ചില അഭിമുഖങ്ങളും ചേര്‍ത്തിരിക്കുന്നു. ഒടുവിലെ ഫോട്ടോകളുടെ വിന്യാസത്തില്‍പോലും കലാത്മകമായ കണ്ണ് തെളിഞ്ഞുകാണാം.മുഹമ്മദ് എ, എന്‍ എ നസീര്‍, രമ്യാ സഞ്ജീവ്, സുനില്‍ സലാം, ഹാരിസ് കാരാടന്‍, മുഹമ്മദ് സാജിദ്, നൗഷാദ് പി ടി, ഡോ അബ്ദുള്‍ ലത്തീഫ്, ഷെഫീക്ക്, ബിപില്‍ റീഗന്‍, ബെന്യാമിന്‍ തുടങ്ങിയവര്‍ സഹയാത്രികരായി എടുത്ത പടങ്ങളും ചേര്‍ത്തിട്ടുണ്ട്. യാത്രയെഴുത്തില്‍ ഇനി വരാനിരിക്കുന്നവര്‍ക്ക് ‘ബങ്കറിനരികിലെ ബുദ്ധന്‍’ തീര്‍ക്കുന്ന വെല്ലുവിളി ചെറുതല്ല. ഇതൊരു ഇന്ത്യന്‍ യാത്രയാണ്. അതിനാല്‍ തന്നെ ഇതൊരു സമകാല രാഷ്ട്രീയ യാത്രകൂടിയാവുന്നു. ചെരാതുകള്‍ നിറഞ്ഞ പുഴക്കടവുകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ ഈ പുസ്തകം കൈയിലെടുക്കാതിരിക്കില്ല.

കടപ്പാട്: സമകാലിക മലയാളം വാരിക


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>