തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഏര്‍പ്പെടുത്തിയ വിശിഷ്ട പൂര്‍വ്വവിദ്യാര്‍ത്ഥി പുരസ്‌കാരം പ്രശസ്ത ന്യൂറോളജി പ്രൊഫസറും സാഹിത്യകാരനുമായ ഡോ. കെ.രാജശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു. മെഡിക്കല്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്‌കാരം നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ന്യൂറോളജി വിഭാഗം എമിരറ്റസ് പ്രൊഫസറും കോസ്മോപൊളിറ്റന്‍ ആശുപ്രതിയിെല ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.കെ.രാജശേഖരന്‍ നായര്‍ പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെയും സി. ഭഗവതി അമ്മയുടെയും പുത്രനായി 1940 ഡിസംബര്‍ 9-ന് തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് കോളജ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു ആദ്യപഠനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും ജനറല്‍ മെഡിസിനില്‍ എം.ഡി.യും ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ന്യൂറോളജിയില്‍ ഡി.എം. ബിരുദവും നേടി. 1982 മുതല്‍ 1996 വരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ന്യൂറോളജി ഡയറക്ടര്‍ പ്രൊഫസര്‍ ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജി, ഇന്ത്യന്‍ എപ്പിലെപ്‌സി അസോസിയോഷന്‍ എന്നീ സംഘടനകളുടെ അദ്ധ്യക്ഷനായിരുന്നു. നൂറ്റമ്പതിലേറെ ശാസ്ത്രപ്രബന്ധങ്ങളും പത്തിലധികം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
രോഗങ്ങളും സര്‍ഗ്ഗാത്മകതയും, വൈദ്യവും സമൂഹവും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, സംസ്മൃതി, കുറെ അറിവുകള്‍, അനുഭവങ്ങള്‍, അനുഭൂതികള്‍, ഞാന്‍ തന്നെ സാക്ഷി, വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം, മുന്‍പേ നടന്നവര്‍ എന്നിവയാണ് ഡോ.കെ.രാജശേഖരന്‍ നായരുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍.