“പ്രിയപ്പെട്ട സാറാമ്മേ,
‘ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍- എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്,
സാറാമ്മയുടെ
കേശവന്‍നായര്‍…”
തികച്ചും കാല്പനികമായ ഒരു പ്രണയലേഖനത്തില്‍ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ നോവല്‍, വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുകയാണ്. 1940-കളിലെ കേരളമാണ് കഥയുടെ പശ്ചാത്തലം. കേശവന്‍ നായര്‍- പേര് സൂചിപ്പിയ്ക്കുന്നു പോലെ നായര്‍ ജാതിയില്‍ പെട്ട ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ ആണ്. സാറാമ്മ- ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ച സുന്ദരിയും അവിവാഹിതയും തൊഴില്‍രഹിതയുമായ ഒരു യുവതിയാണ്. എന്തും വരട്ടെയെന്ന പ്രകൃതക്കാരിയായ സാറാമ്മയുടെ വീടിന്റെ മുകളിലെ നിലയിലാണ് കേശവന്‍ നായര്‍ വാടകയ്ക്ക് താമസിയ്ക്കുന്നത്. സാറാമ്മയോട് കലശലായ പ്രേമം തോന്നിയ കേശവന്‍ നായര്‍ അത് അവരെ അറിയിയ്ക്കാനായി അവര്‍ക്കൊരു കത്തെഴുതുന്നു. ഇതില്‍ നിന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം ഉടലെടുക്കുന്നത്.
കേശവന്‍ നായരുടെ കാല്പനിക പ്രണയത്തിന് സാറാമ്മ ‘ഉരുളയ്ക്ക് ഉപ്പേരി’ പോലെ നല്‍കുന്ന മറുപടികള്‍, സാറാമ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, കേശവന്‍ നായരുടെ കറകലരാത്ത പ്രണയം എന്നിവ സാമൂഹ്യാവസ്ഥകളോടു ബന്ധപ്പെടുത്തി ഈ നോവലില്‍ ആവിഷ്‌കരിക്കുകയാണ്. കേശവന്‍ നായരുടെ പ്രണയം സാറാമ്മയുടെ മനസ്സില്‍ തട്ടുന്നുണ്ടെങ്കിലും സാറാമ്മ അത് പ്രതിഫലിപ്പിക്കുന്നത് കഥാവസാനത്തില്‍ മാത്രമാണ്. തനിക്കൊരു ജോലിവേണമെന്ന സാറാമ്മയുടെ ആവശ്യത്തെ കേശവന്‍ നായര്‍ നേരിടുന്നത് തന്നെ പ്രണയിക്കുക എന്ന ജോലിനല്‍കിക്കൊണ്ടാണ്. അങ്ങനെ പ്രണയിക്കുന്നതിന് കേശവന്‍ നായര്‍ സാറാമ്മയ്ക്ക് മാന്യമായ പ്രതിഫലവും നല്‍കുന്നുണ്ട്.
നാട്ടില്‍ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ കളിയാക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിയ്ക്കുക എന്നതുമാണ് കഥയില്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം. അതിനിടയില്‍ ബഷീറിന്റെ തനതുശൈലിയും രസകകമായ ഭാഷയും കൃതിയെ ഏറൈ ഹൃദ്യമാക്കുന്നു. സമുദായ സൗഹാര്‍ദ്ദത്തിനോ സന്മാര്‍ഗ്ഗ ചിന്തയ്‌ക്കോ കോട്ടം തട്ടാത്ത വിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്‍ ഈ നോവലിലൂടെ.