2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (KLF) പ്രമുഖ യോഗിയും ദാര്‍ശനികനും എഴുത്തുകാരനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കെടുക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നാലുദിനരാത്രങ്ങളിലായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ലോകമെമ്പാടും പരന്നുകിടക്കുന്ന ശിഷ്യസമ്പത്തിന്റെ ഉടമയായ സദ്ഗുരു കേരളത്തില്‍ എത്തുന്നത്.
സമകാലിക ലോകത്തിന്റെ സങ്കീര്‍ണ്ണതകളും ആതുരതകളും പൂര്‍ണ്ണമായി അറിയുകയും അവയ്ക്ക് പുതിയ കാലത്തിന്റെ യുക്തി കൊണ്ടുതന്നെ വിശദീകരണം കൊടുക്കുകയും ചെയ്യുന്നതാണ് സദ്ഗുരുവിന്റെ സവിശേഷത. കേട്ടുമടുത്ത സംസ്‌കൃത ശ്ലോകങ്ങളില്‍ ശ്രോതാവിനെ തളച്ചിടാതെ, പുണ്യപാപങ്ങളുടെ കറുപ്പും വെളുപ്പും ചതുരംഗക്കളം വരയ്ക്കാതെ, ആധുനികകാലത്തിന്റെ അന്ധവിശ്വാസങ്ങളെ അവയുടെ പൊയ്ക്കാലുകള്‍ മാറ്റി കാണിച്ചു തരാന്‍ സദ്ഗുരുവിന്റെ യുക്തിയ്ക്ക് കഴിയുന്നു
1957 സെപ്റ്റംബര്‍ മൂന്നിന് കര്‍ണ്ണാടകയിലെ മൈസൂരില്‍ ജനിച്ച ജഗ്ഗി വാസുദേവ് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം നേടി. മോട്ടോര്‍ സൈക്കിള്‍ യാത്രകളില്‍ അതീവതല്പരനായ അദ്ദേഹത്തിന് പൗള്‍ട്രിഫാം, ഇഷ്ടികനിര്‍മ്മാണം, കണ്‍സ്ട്രക്ഷന്‍ സ്ഥാപനം തുടങ്ങിയവ ഉണ്ടായിരുന്നു. എന്നാല്‍ ചാമുണ്ടി ഹില്ലില്‍ വെച്ച് ജ്ഞാനോദയം ഉണ്ടായശേഷം കച്ചവടം സുഹൃത്തുക്കളെ ഏല്പിച്ച് ധ്യാനത്തിലും തീര്‍ത്ഥാടനങ്ങളിലും മുഴുകി. ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം യോഗയാണ് തന്റെ വഴി എന്ന് തിരിറിഞ്ഞ അദ്ദേഹം അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു.
യോഗ പഠനത്തിനായി ഇഷ ഫൗണ്ടേഷന്‍ സ്ഥാപിച്ച ജഗ്ഗി വാസുദേവിനെ ശിഷ്യര്‍ സദ്ഗുരു എന്ന് വിളിച്ചു തുടങ്ങി. ഇന്ത്യയിലും യു.എസ്, യു.കെ, ലെബനന്‍, സിംഗപ്പൂര്‍, കാനഡ, മലേഷ്യ, ചൈന, നേപ്പാള്‍, ആസ്‌ട്രേലിയ തുടങ്ങിയവയടക്കമുള്ള വിദേശരാജ്യങ്ങളിലും ശക്തമായി വേരുകളുള്ള യോഗാപ്രസ്ഥാനമാണിന്ന് ഇഷ ഫൗണ്ടേഷന്‍.
ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി അറുപതോളം പുസ്തകങ്ങള്‍ സദ്ഗുരു രചിച്ചിട്ടുണ്ട്. മിസ്റ്റിക് ഐ, എസ്സന്‍ഷ്യല്‍ വിസ്ഡം ഫ്രം എ സ്പിരിച്വല്‍ മാസ്റ്റര്‍ എന്നീ പുസ്തകങ്ങള്‍ യഥാക്രമം അകക്കാഴ്ച, ധ്യാനവചസ്സുകള് എന്നീ പേരുകളില്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
അസാമാന്യമായ ഉള്‍ക്കാഴ്ചയുള്ള ആത്മീയാചാര്യനായ സദ്ഗുരുവിന്റെ ദര്‍ശനങ്ങളെ മനസ്സിലാക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരാനും ആഗ്രഹിക്കുന്നവര്‍ക്ക് കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അനുഗ്രഹമാകും.
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സദ്ഗുരു പങ്കെടുക്കും appeared first on DC Books.