സാഹിത്യ വിമര്‍ശകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രൊഫ. എം.കെ.സാനുമാസ്റ്ററുടെ നവതി ഒക്‌ടോബര്‍ 27 മുതല്‍ 2017 ഒക്‌ടോബര്‍ 26 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍, ഓര്‍ത്തിക് ക്രിയേറ്റീവ് സെന്റര്‍, റിസ്റ്റ ഫൗണ്ടേഷന്‍, പി.എ.ബക്കര്‍ ഫൗണ്ടേഷന്‍, എം. കെ. സാനു ഫൗണ്ടേഷന്‍, സ്മൃതിധാര എന്നീ സാംസ്‌കാരിക സംഘടനകളാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഒക്‌ടോബര്‍ 27ന് രാവിലെ 10 മണിക്ക് എം.കെ.സാനു പൂര്‍വ്വവിദ്യാര്‍ത്ഥിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഭാഷാവിഭാഗവുമായി ചേര്‍ന്ന് നടത്തുന്ന നാടകസാഹിത്യ സെമിനാറിന്റെ പ്രാരംഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ മാസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്കാദമിക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ സെമിനാറുകളും ശിബിരങ്ങളും സംഘടിപ്പിക്കും.
നവതി വര്‍ഷ സമാപനത്തോടൊപ്പം സാഹിത്യ നാടക വിദ്യാഭ്യാസ സാമൂഹ്യവിചാരധാരകളില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ സെമിനാറുകള്‍ എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിക്കും.
ഒക്‌ടോബറിലെ നാടകസാഹിത്യ സെമിനാര്‍ സാനുവിന്റെ ഗുരുനാഥനായ എന്‍. കൃഷ്ണപിള്ളയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കുമെന്നും വേദിയ്ക്ക് സാനുമാസ്റ്ററുടെ സഹപാഠിയായിരുന്ന കാവാലം നാരായണപണിക്കരുടെ ആദരാര്‍ത്ഥം കാവാലം സ്മൃതിശാല എന്ന് നാമകരണം ചെയ്യുമെന്നും സ്റ്റിയറിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍ പറഞ്ഞു. കെ. ബാലചന്ദ്രന്‍ ചെയര്‍മാനും എം.തോമസ് മാത്യു, ഫാ. റോബി കണ്ണന്‍ചിറ എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ജോണ്‍പോള്‍ കണ്‍വീനറും പി.ജെ.ചെറിയാന്‍ ട്രഷററുമായ കമ്മറ്റിക്കാണ് ഏകോപന ചുമതല.
1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ച എം.കെ.സാനു കൊല്ലം എസ്.എന്‍.കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡണ്ട്, കേരള യൂണിവേഴ്‌സിറ്റിയുടെ ശ്രീനാരായണ സ്റ്റഡി സന്ററിന്റെ സ്ഥാപക ഡയറക്ടര്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എം.ജി.യൂണിവേഴ്‌സിറ്റിയുടെ ശ്രീനാരായണപീഠം ആചാര്യന്‍ എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1987ല്‍ നിയമസഭയില്‍ എറണാകുളത്തെ പ്രതിനിധീകരിച്ചു.
വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. ശ്രീനാരായണഗുരു, കുമാരനാശാന്‍, ചങ്ങമ്പുഴ, എം.ഗോവിന്ദന്‍, വൈക്കം മുഹമ്മദ് ബഷീര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍ തുടങ്ങി കേരളത്തിലെ പ്രമുഖരെക്കുറിച്ചുള്ള ആധികാരമായ ജീവചരിത്രം സാനുമാഷിന്റെ തൂലികയില്‍ പിറവികൊണ്ടവയാണ്.
താഴ്‌വരയിലെ സന്ധ്യ, മലയാള സാഹിത്യ നായകന്മാര്‍ : കുമാരനാശാന്‍, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് – ആശാന്‍ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (ജീവചരിത്രം), യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം), ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം), ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം) തുടങ്ങിയവയാണ് എം.കെ. സാനുവിന്റെ പ്രധാന കൃതികള്‍. ‘കര്‍മഗതി’ എന്നാണ് ആത്മകഥയുടെ പേര്.
The post എം.കെ.സാനുവിന്റെ നവതി ആഘോഷിക്കുന്നു appeared first on DC Books.