ലൈംഗികതയെ കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെ തിരുത്തുകയാണ് പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍ എന്ന തന്റെ പുസ്തകത്തിലൂടെ എഴുത്തുകാരിയും സാമൂഹ്യ ശാസ്ത്രജ്ഞയുമായ സി.എസ്.ചന്ദ്രിക. ഒപ്പം സ്ത്രീ അനുഭവിക്കുന്ന ലൈംഗിക അനീതികളെ കുറിച്ചും സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും അവര്‍ പറയുന്നു.
ഇത്തരമൊരു പുസ്‌കമെഴുതാനുള്ള പ്രേരണ
വളരെ മനോഹരമായൊരു പ്രണയവും ലൈംഗികജീവിതവുമൊക്കെ അതിന്റെ ഉദാത്തതയില്‍ അനുഭവിക്കുന്ന ആളാണ് ഞാന്‍. അത്ര സ്വതന്ത്രമനോഹരമായൊരു ജീവിതമാണ് എന്റേത്. ഞാനും സദാനന്ദനും മാത്രമുള്ള ലിവിങ് ടുഗെദര്‍ തുടങ്ങിയത് 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
പ്രണയ കാമസൂത്രം എഴുതണമെന്ന ആഗ്രഹം ഉണ്ടാവുന്നത് സദുവിന്റെ ഒപ്പമുള്ള ജീവിതത്തില്‍ നിന്നാണ്. എന്നുവെച്ചാല്‍ സദുവിനൊപ്പം 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ തുടങ്ങുന്നുണ്ട് ഈ പുസ്തകമെഴുതാനുള്ള ചിന്തകള്‍. എത്രയോ വര്‍ഷങ്ങള്‍ ഞാന്‍ സദുവിനെ മാത്രമാണ് പ്രണയിച്ചത്. ഞങ്ങളുടെ മകള്‍ ജനിക്കുന്നത് ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ആനന്ദത്തിന്റെ സമൃദ്ധമായ കണ്ടെത്തലുകള്‍ എഴുതണം എന്ന് തോന്നി.
പുസ്തകം ആത്മകഥാപരമാണോ?
ജീവിതാനുഭവമില്ലാതെ ഇങ്ങനെയൊരു പുസ്തകം എഴുതാന്‍ പറ്റില്ല. ആത്മാനുഭവത്തില്‍ നിന്ന് വന്ന ഭാഷയാണ് എന്റെ പുസ്തകത്തില്‍ ഉപയോഗിച്ചത്. പ്രണയരതിയുടെ ജീവിതമാണ് എഴുതേണ്ടത്. അതിന്റെ ആനന്ദമാണ് എഴുതേണ്ടത്. ഈ വിഷയം തുറന്നെഴുതാനുള്ള ഭാഷ നമുക്കില്ല. സ്ത്രീശരീരത്തിലെ അവയവങ്ങളുടെ പേരുകള്‍ പോലും തെറിയാണ് നമ്മുടെ നാട്ടില്‍. അപ്പോള്‍ അതിന് അനുയോജ്യമായ രൂപവും കല്പനകളും ഭാഷയും വേണം. ഭാവനാത്മകമായ ഇമേജറികളും. ഭാഷയുണ്ടാക്കുക എന്നുള്ളതായിരുന്നു മുന്നിലുണ്ടായിരുന്ന വെല്ലുവിളി.
സമൂഹം പുസ്തകത്തെ എങ്ങനെ സ്വീകരിക്കും?
എന്തായാലും പുസ്തകം പുറത്തിറങ്ങേണ്ട കൃത്യസമയം തന്നെയാണ് ഇതെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. പുതിയ തലമുറയിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഈ പുസ്തകത്തെ സ്വീകരിക്കും. കുലസ്ത്രീകല്‍ അഥവാ നല്ല സ്ത്രീകള്‍ എന്ന ഇമേജ് പരിരക്ഷിക്കാന്‍ ആണ്‍കോയ്മയെ അന്ധമായി പിന്തുടരുന്ന സ്ത്രീകള്‍ എങ്ങനെയായിരിക്കും പുസ്തകത്തെ സ്വീകരിക്കുക എന്നറിയാന്‍ താല്പര്യമുണ്ട്.
കടപ്പാട് ; മാതൃഭൂമി ഓൺലൈൻ